Daily Reflection

“രമ്യതപ്പെട്ട  ഹൃദയവുമായി’ ബലിപീഠത്തിൽ കാഴ്ച അർപ്പിക്കാനായി പോവുക”

"രമ്യതപ്പെട്ട  ഹൃദയവുമായി' ബലിപീഠത്തിൽ കാഴ്ച അർപ്പിക്കാനായി പോവുക"

1 രാജാ. – 18:41-46 
മത്താ. – 5:20-26 

“നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓർത്താൽ, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് പോയി സഹോദരനോടു  രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക.”

സഹോദരനോട് ‘രമ്യതപ്പെട്ട  ഹൃദയവുമായി’ ബലിപീഠത്തിൽ കാഴ്ച അർപ്പിക്കാനായി പോവുകയെന്ന് ആഹ്വാനം ചെയ്യുകയാണ് കർത്താവ്. സഹോദരനെ വേദനിപ്പിച്ചിട്ട് കർത്താവിനെ സംപ്രീതനാക്കാൻ ബലി അർപ്പിക്കാൻ പോയിട്ട് കാര്യമില്ല. ആ ബലി കർത്താവിന് സ്വീകാര്യമായ ബലിയല്ല.

ബലിയർപ്പിക്കാൻ പോകുന്നതിനുമുമ്പേ  ഹൃദയ പരിശോധന ആവശ്യമാണ്. ആത്മാർത്ഥമായ ഹൃദയപരിശോധനയിൽ നമ്മുടെ ജീവിതം സഹോദരന് വിരോധമായി ഭവിച്ചിട്ടുണ്ടോ ഇല്ലയോയെന്ന് അറിയാൻ സാധിക്കും. സഹോദരനുമായുള്ള വിരോധം മനസ്സിലാക്കിയിട്ടും രമ്യതപ്പെടാതെയുള്ള ബലി വ്യർത്ഥമായ ബലിയാണ്. സഹോദരന്റെ ഹൃദയം വൃണപ്പെടുത്തിയിട്ട് “ദൈവമേ എന്നെ അനുഗ്രഹിക്കണമേ” എന്ന് യാചിക്കുന്നതിൽ അർത്ഥമില്ലായെന്നു സാരം.

സ്നേഹമുള്ളവരെ, സഹോദര സ്നേഹത്തിൽ ആയിരുന്നുകൊണ്ട് ബലിയർപ്പിക്കാനായി നമ്മോട് പറയുകയാണ് ക്രിസ്തു. ദൈവം ആഗ്രഹിക്കുന്നത്  ഉചിതമായ പ്രവർത്തനമാണ്. ഉചിതമായ പ്രവർത്തനത്തിലൂടെ കർത്താവിനു സ്വീകാര്യമായ  ബലിയർപ്പിക്കാനായി നമുക്ക് സാധിക്കും. സഹോദരനെ വേദനിപ്പിച്ചിട്ട് ബലിയർപ്പിക്കാൻ പോകുമ്പോൾ ദൈവം സ്വീകരിക്കുന്നത് ‘നമ്മുടെ ബലിയല്ല സഹോദരൻറെ നിലവിളി’യാണെന്ന് നാം ഓർക്കണം.

നിർമ്മല ഹൃദയത്താലുള്ള ബലി ദൈവം സ്വീകരിക്കുകയും അതിന്  അനുഗ്രഹം ചൊരിയുകയും ചെയ്യുമെന്നത് തീർച്ച. സഹോദരനെ ഏതുവിധേനയും നശിപ്പിക്കണം എന്ന വിചാരത്താൽ അർപ്പിക്കുന്ന ബലി ദൈവത്തിനു സ്വീകാര്യമായ ബലിയല്ല. “നിന്റെ സഹോദരനെവിടെ” എന്ന് ദൈവം നമ്മോട് ചോദിക്കുമെന്ന് നാം അറിയണം. എനിക്കറിയില്ല എന്ന ഉത്തരമോ, ഞാൻ സഹോദരന്റെ കാവൽക്കാരനോ? എന്ന മറുചോദ്യമോ അല്ല ദൈവം നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്. സഹോദരന്റെ കാവൽക്കാരനായില്ലെങ്കിലും അവനെ അറിയാനായെങ്കിലും നാം ശ്രമിക്കേണ്ടതുണ്ട്. അവന്റെ വേദനയിൽ പങ്കുകാരനായില്ലെങ്കിലും അവനെ ദ്രോഹിക്കാതിരിക്കനായെങ്കിലും നാം ശ്രമിക്കേണ്ടതുണ്ട്.

സഹോദരങ്ങളോട്  രമ്യതപ്പെട്ടുകൊണ്ട് കർത്താവിന്  സ്വീകാര്യമായ ബലി അർപ്പിക്കുവാൻ നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം.  സഹോദരങ്ങൾക്ക്  അറിഞ്ഞോ അറിയാതെയോ കൊടുത്ത എല്ലാ വേദനകൾക്കും അവരോട്  മാപ്പ് ചോദിച്ച്, നിർമ്മല ഹൃദയത്താൽ കർത്താവിന്  ബലിയർപ്പിക്കുമ്പോൾ അവിടുന്ന് നമ്മുടെ ബലി അവിടുന്ന് സ്വീകരിക്കും.

കാരുണ്യവാനായ ദൈവമേ, നന്മനിറഞ്ഞ ഹൃദയത്താൽ അങ്ങേക്ക്  ബലിയർപ്പിക്കാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker