Sunday Homilies

രണ്ട് വിധവകളുടെ വിശ്വാസം

രണ്ട് വിധവകളുടെ വിശ്വാസം

ആണ്ടുവട്ടം 32-ാം ഞായര്‍

ഒന്നാം വായന : 1 രാജാ. 17: 10-16
രണ്ടാംവായന : ഹെബ്ര. 9:24-28
സുവിശേഷം : വി. മര്‍ക്കോസ് 12 : 38-44 അല്ലെങ്കില്‍ 12 : 41-44

ദിവ്യബലിക്ക് ആമുഖം

തന്നെ ആകാംഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി യേശു വീണ്ടും വരും, എന്ന ഹെബ്രായർക്കെഴുതിയ ലേഖനത്തിലെ തിരുവചനത്തോടു കൂടിയാണ് തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. അതോടൊപ്പം തന്‍റെ ഇല്ലായ്മയില്‍ നിന്നും ഏലിയാ പ്രവാചകന് ആതിഥ്യമരുളിയ വിധവയെക്കുറിച്ചും, തനിക്കുളളതെല്ലാം കാണിയ്ക്കയായി നല്‍കിയ വിധവയെക്കുറിച്ചും ഇന്നത്തെ ഒന്നാം വായനയിലും സുവിശേഷത്തിലും യഥാക്രമം ശ്രവിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലിയര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.വചനപ്രഘോഷണ കർമ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

ഒന്നാം വായനയിലും സുവിശേഷത്തിലുമായി രണ്ട് വിധവകളെ തിരുവചനം നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു. ഒരാളാകട്ടെ യേശുവിനും ഒന്‍പതു നൂറ്റാണ്ട് മുന്‍പ് ആഹാബ് രാജാവിന്‍റെ ഭരണകാലത്ത് സീദോനിലെ സറേഫാത്ത് എന്ന വിജാതീയ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു വിധവ. അവളോട് അപ്പവും വെളളവും നല്‍കാന്‍ ആവശ്യപ്പെടുന്ന ഏലിയാ പ്രവാചകനോട് വരള്‍ച്ചയും ദാരിദ്ര്യവും കാരണം ആദ്യം വിസമ്മതം അറിയിക്കുന്നെങ്കിലും പ്രവാചകന്‍റെ നിര്‍ദ്ദേശപ്രകാരം അവള്‍ക്കുളള മാവില്‍ നിന്ന് ആദ്യം അപ്പമുണ്ടാക്കി അദ്ദേഹത്തിന് നല്‍കുന്നു. അവളുടെ വിശ്വാസത്തിന്‍റെയും അനുസരണയുടെയും സാക്ഷിയായി ഒരിക്കലും അവളുടെ കലത്തിലെ മാവ് തീര്‍ന്നുപോകാനോ, ഭരണിയിലെ എണ്ണ വറ്റാനോ കര്‍ത്താവ് അനുവദിക്കുന്നില്ല.

രണ്ടാമത്തെ വിധവയെ നാം കാണുന്നത് സുവിശേഷത്തിലാണ്.
ഈ ആരാധനാ വര്‍ഷം മുഴുവന്‍ നാം വി. മര്‍ക്കോസിന്‍റെ സുവിശേഷം ശ്രവിച്ചുകൊണ്ട് യേശുവിന്‍റെ ജെറുസലേമിലേക്കുളള യാത്രയെ അനുഗമിച്ച നാം, ആരാധനാ വര്‍ഷം അവസാനിക്കാറാകുമ്പോള്‍ കാണുന്നത് യേശു ജെറുസലേം ദേവാലയത്തിലായിരിക്കുന്നതാണ്. ജനക്കൂട്ടം ദേവാലയത്തിലെ ഭണ്ഡാരത്തില്‍ നാണയത്തുട്ടുകള്‍ ഇടുന്നതും, ധനവാന്മാര്‍ വലിയ തുകകള്‍ നിക്ഷേപിക്കുന്നതും യേശു കാണുന്നു.

ഭണ്ഡാരമെന്നു കേള്‍ക്കുമ്പോള്‍ നാം മനസിലാക്കുന്നത് കാണിക്കപ്പെട്ടിയെന്നാണ്. എന്നാല്‍ ജെറുസലേം ദേവാലയത്തിലെ ഭണ്ഡാരപ്പെട്ടിയെന്നാല്‍ നിലവറയെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ദേവാലയത്തിന്‍റെ നിലനില്‍പിനടിസ്ഥാനമായ സാമ്പത്തിക സ്രോതസ്സു കൂടിയായിരുന്നു ഇത്തരം ഭണ്ഡാരങ്ങള്‍. അന്ന്, സ്വന്തമായി ഭൂമിയോ മറ്റ് വരുമാനങ്ങളോ ഇല്ലാതിരുന്ന പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും, ദേവാലയത്തെ ആശ്രയിച്ച് കഴിയുന്നവര്‍ക്കും അര്‍ഹമായത് ഈ ഭണ്ഡാരങ്ങളില്‍ നിന്നാണ് നല്‍കിയിരുന്നത്. ഈ ഭണ്ഡാരത്തിലേക്കാണ് ഒരു വിധവ ഏറ്റവും വിലകുറഞ്ഞ “ലെപ്താ” എന്ന് പേരുളല രണ്ട് ചെമ്പുനാണയങ്ങള്‍ ഇടുന്നത്.

പയഴ നിയമത്തിലെ വിധവകളുടെ അവസ്ഥ നമുക്കറിയാം. അതുപോലെ സുവിശേഷത്തിൽ കാണുന്ന വിധവയും മറ്റാരെയൊക്കെയോ ആശ്രയിച്ച് കഴിയുന്ന, സ്വന്തമായി വരുമാനമില്ലാതെ, സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട വ്യക്തി. അവളാണ് നാളത്തേയ്ക്കായി തനിക്ക് എന്തെങ്കിലുമുണ്ടോയെന്ന് ചിന്തിക്കാതെ എല്ലാം ദൈവത്തിന് നല്‍കുന്നത്. ഇത് കാണുന്ന യേശു, അവള്‍ മറ്റാരെയുംകാള്‍ കൂടുതല്‍ നല്‍കിയിരിക്കുന്നു എന്ന് പറഞ്ഞ് അവളുടെ പ്രവര്‍ത്തിയെ പുകഴ്ത്തുന്നു.

ഈ വിധവയെക്കുറിച്ച് ശിഷ്യന്മാരോട് പറയുമ്പോള്‍ യേശു പറയുന്നതിപ്രകാരമാണ്: “എന്തെന്നാല്‍ അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്ന് തനിയ്ക്കുണ്ടായിരുന്നതെല്ലാം സംഭാവന ചെയ്തു. ഇവളാകട്ടെ തന്‍റെ ദാരിദ്ര്യത്തില്‍ നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം തന്‍റെ ഉപജീവനത്തിനുളള വക മുഴുവന്‍ നിക്ഷേപിച്ചിരുന്നു”. എല്ലാവരും ചെയ്തതും വിധവ ചെയ്തതും ഭണ്ഡാരത്തില്‍ കാണിയ്ക്കയിടുകയെന്ന ഒരേ പ്രവര്‍ത്തിയാണ്. എന്നാല്‍, സുവിശേഷകന്‍ “സംഭാവന ചെയ്തു”, “നിക്ഷേപിച്ചിരിക്കുന്നു” എന്നീ വ്യത്യസ്ത വാക്കുകളിലൂടെ ഒരേ പ്രവൃത്തിയെ വിശേഷിപ്പിക്കുകയാണ്. എന്താണ് വ്യത്യാസം? “സംഭാവന”യെന്നാല്‍ നമുക്കൊരിക്കലും അത് തിരികെ കിട്ടാന്‍ പോകുന്നില്ല. മറ്റുളളവരെ സന്തോഷിപ്പിക്കാനായി നാം ചെയ്യുന്ന ഒരു പ്രവൃത്തിയാണ് സംഭാവന ചെയ്യുകയെന്നുളളത്. എന്നാല്‍ “നിക്ഷേപിക്കുക”യെന്നാല്‍ മറ്റൊരര്‍ഥമാണ്. അത് സംഭാവനപോലെയല്ല. പിന്നീട് നിക്ഷേപമൂലധനവും പതിന്‍മടങ്ങ് പലിശയുമടക്കം നമുക്ക് എല്ലാം തിരികെ ലഭിക്കുന്നു. തങ്ങളുടെ സമൃദ്ധിയില്‍ നിന്ന് കൊടുത്തതിനെ സംഭാവനയെന്ന് വിശേഷിപ്പിക്കുമ്പോള്‍, ഒന്നുമില്ലായ്മയില്‍ നിന്നും തനിക്കുളളതെല്ലാം നല്‍കുന്നതിനെ യേശു നിക്ഷേപമെന്നുമാണ് വിളിക്കുന്നത്. അതിന്‍റെ അര്‍ഥം, “അവള്‍ എന്ത് നല്‍കിയോ അതിന്‍റെ ഇരട്ടി അവള്‍ക്ക് ലഭിക്കും”. ഇന്നത്തെ ഒന്നാം വായനയില്‍ നിന്ന് നമുക്കത് മനസ്സിലായി. ഈ സുവിശേഷം ശ്രവിക്കുമ്പോഴൊക്കെ നമ്മുടെ മനസില്‍ വരുന്നത് നമ്മുടെ ഇടവക പളളിക്കും സഭാകാര്യങ്ങള്‍ക്കും നാം നല്‍കുന്ന പങ്കും നമ്മുടെ മാസവരികളുമാണ്. നമുക്കോര്‍മ്മിക്കാം നാം നല്‍കുന്നതൊന്നും സംഭാവനയല്ല, നിക്ഷേപമാണ്. എന്നാല്‍, ഈ സുവിശേഷത്തിന്‍റെ യഥാര്‍ഥ സന്ദേശം മറ്റൊന്നാണ്. ദൈവത്തിലുളള ആഴമേറിയ വിശ്വാസവും ആ വിശ്വാസത്തില്‍ നിന്നുടലെടുക്കുന്ന ധീരമായ, പ്രത്യാശാ പൂര്‍ണമായ സമ്പൂര്‍ണ സമര്‍പ്പണത്തിന്‍റെ പ്രവര്‍ത്തികളാണ്. ഇവിടെ കാണിക്കയെന്നത് പണം മാത്രമല്ല. നമ്മുടെ കഴിവുകളും സമയവും സാന്നിധ്യവും ശാരീരികവും മാനസികവുമായ സഹായങ്ങളും നാം ദൈവത്തിനും ദൈവീക കാര്യങ്ങള്‍ക്കുമായി നല്‍കുമ്പോള്‍, അതെത്ര ചെറുതാണെങ്കിലും ദൈവത്തിന്‍റെ മുന്‍പിലെ വലിയ നിക്ഷേപങ്ങാണ്.

തിരുസഭയിലെ വിശുദ്ധരെല്ലാവരും അവരുടെ ജീവിതാവസ്ഥയില്‍, കുട്ടികളാകട്ടെ, യുവതിയുവാക്കളാകട്ടെ, ഭാര്യയാട്ടെ, ഭര്‍ത്താവാകട്ടെ, അമ്മയാകട്ടെ, അപ്പനാകട്ടെ, സന്യസ്തയാകട്ടെ, പുരോഹിതനാകട്ടെ അവര്‍ ആയിരുന്ന ജീവിതാവസ്തയില്‍ ധീരമായ സമര്‍പ്പണം നടത്തിയവരാണ്. ഈ ലോകത്തിന്‍റെ മുന്‍പില്‍ വിധവയുടെ നാണയം പോലെ ഏറ്റവും ചെറിയ മൂല്യമുളളതായിരുന്നു അവ. എന്നാല്‍ ദൈവമതിനെ ഏറ്റവും വലിയ നിക്ഷേപമാക്കി മാറ്റി. ഈ തിരുവചനങ്ങള്‍ നമ്മെ ക്ഷണിക്കുന്നതും ധീരമായ എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്ന ഒരു വിശ്വാസ ജീവിതത്തിലേക്കാണ്.

ആമേന്‍

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker