ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുയില്‍ നിന്നു രക്ഷാ പ്രവര്‍ത്തനത്തിനു പോയ മത്സ്യ തൊഴിലാളികളുടെ കുട്ടത്തില്‍ “പൊന്തു വള്ള”ങ്ങളും ഉണ്ടായിരുന്നു. അധികാരികൾ ഇനിയും കാര്യമായി പരിഗണിച്ചിട്ടില്ലാത്ത വിഭാഗമാണ് തീരക്കടൽ മൽസ്യബന്ധന മേഖലയിലെ പൊന്തു വള്ളങ്ങളും തൊഴിലാളികളും.
ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍, ഇവരുടെ രക്ഷാ പ്രവര്‍ത്തങ്ങളെക്കുറിച്ച് മത്സ്യതൊഴിലാളി ഏകോപനത്തിനു നേതൃത്വം വഹിച്ച ഫാ. സേവ്യർ കുടിയാംശേരി, ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടിഅമ്മയെ അറിയിക്കുകയുണ്ടായി. ഏറെ പ്രത്യേകിച്ച്, വലിയ വള്ളങ്ങള്‍ക്ക് എത്തപ്പെടാന്‍ സാധിക്കാത്ത ഇടുങ്ങിയ സ്ഥലങ്ങളില്‍ ഇവരുടെ പൊന്തു വള്ളത്തില്‍ ഒന്നും രണ്ടും ആള്‍ക്കാരെ വീതം രക്ഷിച്ചു വലിയ വള്ളങ്ങളില്‍ എത്തിക്കുകയെന്ന ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഇവര്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തിൽ നിറവേറ്റാൻ ഉണ്ടായിരുന്നത്.
കുടുംബം പോറ്റാന്‍ വേണ്ടി സാഹസികതയിലൂടെയാണ് ഇവർ മൽസ്യബന്ധനം നടത്തുന്നത്. തെർമോകോൾ ഉപയോഗിച്ചാണു പൊന്തു വള്ളങ്ങൾ നിർമിക്കുന്നത്. വള്ളത്തിനും വലയ്ക്കുമായി ഇരുപതിനായിരം മുതൽ അര ലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. എന്നാൽ ഇവ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം കിട്ടാറുമില്ല.
ഇവരുടെ സുരക്ഷിതത്വം അധികാരികൾ ഇനിയും കാര്യമായി പരിഗണിച്ചിട്ടില്ലയെന്നത് യാഥാർഥ്യമാണ്.
വള്ളങ്ങളുടെയും തൊഴിലാളികളുടെയും റജിസ്ട്രേഷൻ നടത്തണമെന്ന തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിക്കാമെന്ന് ചടങ്ങില്‍ മന്ത്രി ഇവര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.
ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായി ഏതാണ്ട് അറുനൂറിലേറെ പൊന്തു വള്ളങ്ങളുണ്ട്.