യേശുവിന്റെ കുടുംബം
ആണ്ടുവട്ടത്തിലെ പത്താം ഞായർ
ഒന്നാം വായന: ഉത്പത്തി 3:9-5
രണ്ടാം വായന: 2 കൊറിന്തോസ് 4:13-5:1
സുവിശേഷം: വി.മാർക്കോസ് 3:20- 35
ദിവ്യ ബലിയ്ക്കു ആമുഖം
“നീ എവിടെയാണ്?” എന്ന ചോദ്യമുന്നയിച്ചു കൊണ്ട് ഏദൻ തോട്ടത്തിൽ മനുഷ്യനെ അന്വേഷിക്കുന്ന ദൈവത്തെ ഇന്നത്തെ ഒന്നാം വായനയിൽ നാം കാണുന്നു. ദൈവകല്പനയുടെ ലംഘനത്തിന് ശേഷം ദൈവത്തിന്റെ മുമ്പിൽ വരുവാൻ ഭയപ്പെടുന്ന, പാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ ഭയപ്പെടുന്ന ഓരോ മനുഷ്യന്റെയും പ്രതീകമാണ് ആദവും ഹൗവ്വയും. യേശുവിന്റെ വരവോടു കൂടി അവന്റെ കുരിശിലെ ബലിയർപ്പണത്തിലൂടെ ദൈവവും മനുഷ്യനും വീണ്ടും രമ്യപ്പെടുകയാണ്. ആ കാൽവരിയിലെ ബലി ഈ അൾത്താരയിൽ അനുസ്മരിച്ച് കൊണ്ട് നമുക്കും ദൈവവുമായി രമ്യപ്പെടാം.
ദൈവവചന പ്രഘോഷണകര്‍മ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,
ഇന്നത്തെ സുവിശേഷത്തിൽ മൂന്ന് പ്രധാനസംഭവങ്ങളുണ്ട്. ഒന്നാമതായി യേശുവിന്റെ സ്വന്തക്കാർ യേശുവിനെ പിടിച്ച്കൊണ്ട് പോകുവാൻ തീരുമാനിക്കുന്നു. രണ്ടാമതായി യേശുവും നീയ്മജ്ഞരുമായുള്ള വാദപ്രതിവാദം. മൂന്നാമതായി യേശുവിനെ കാണുവാൻ വരുന്ന അവന്റെ അമ്മയും സഹോദരന്മാരും. നാമിന്ന് ശ്രവിച്ച സുവിശേഷ ഭാഗത്തിന് മുൻപുള്ള ഭാഗങ്ങൾ ശ്രദ്ധിച്ചാൽ മാത്രമെ ഇന്നത്തെ സുവിശേഷത്തിലെ സംഭവങ്ങളുടെ യാഥാർത്ഥ അർത്ഥം നമുക്ക് വ്യക്തമാകുകയുള്ളു. തന്റെ സ്വന്തം നാട്ടിലെ സിനഗോഗിൽ പ്രസംഗിക്കുകയും, വ്യത്യസ്തമായ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും, എല്ലാറ്റിനുമുപരി സിനഗോഗിൽ വച്ച് സാബത്ത് ദിവസം കൈ ശോഷിച്ചവനെ സുഖപ്പെടുത്തുകയും ചെയ്യുന്നതിന്റെ തുടർച്ചയായിട്ടാണ് “അവന് സുബോധം നഷ്ടപ്പെട്ടിരിക്കുന്നു” എന്ന് സ്വന്തക്കാർ കരുതുന്നത്.
പരിശുദ്ധാത്മാവിനാലാണ് യേശു പിശാചുക്കളെ പുറത്താക്കിയത് എന്നാൽ നിയമജ്ഞൻ “ബേൽ സെബൂലി” നെ കണ്ടാണ് യേശു ഇത് ചെയ്തതെന്നാരോപിക്കുന്നു. ബേൽ സെബൂലിനെ പിശാചുക്കളുടെ തലവനായി മറ്റു സുവിശേഷങ്ങളും ചിത്രീകരിക്കുന്നു. അതോടൊപ്പം പഴയ നിയമത്തിലെ വിജാതീയ ദേവനുമായി ഈ പേരിന് ബന്ധമുണ്ട് (2രാജാ1,2). ഇസ്രായേലിലെ ചില രാജാക്കന്മാർ വിജാതീയ ദേവന്മാരെ പ്രീതിപ്പെടുത്തിയെന്നത് പോലെയാണ് യേശു പിശാചുക്കളുടെ തലവന്റെ സഹായത്താലാണ് പിശാചുക്കളെ പുറത്താക്കിയതെന്ന ഗുരുതര ആരോപണം നിയമജ്ഞർ ഉന്നയിക്കുന്നത്. എന്നാൽ ദൈവദൂഷണപരമായ, പരിശുദ്ധാത്മാവിനെതിരെയുള്ള അവരുടെ ആരോപണത്തിന് യേശു ഉചിതമായ മറുപടി നല്കുന്നു. പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരു കാലത്തും പാപത്തിൽ നിന്ന് മോചനമില്ലന്ന മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നു.
“അന്തശ്ഛിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല, അന്തശ്ഛിദ്രമുള്ള ഭവനവും നിലനിൽക്കുകയില്ല. സാത്താൻ തനിക്കെതിരായി ഭിന്നിച്ചാൽ അവന് നിലനിൽപ്പില്ല.” നിയമജ്ഞരുമായുള്ള വാദപ്രതിവാദത്തിൽ നാം ശ്രവിച്ച യേശുവിന്റെ വാക്കുകൾക്ക് മറ്റൊരു തലം കൂടിയുണ്ട്. സാത്താന്റെ സാമ്രാജ്യത്തിൽ മാത്രമല്ല മനുഷ്യരുടെ ഇടയിലും ‘അന്തശ്ഛിദ്രമുണ്ടങ്കിൽ’ ഒരു സമൂഹവും പ്രസ്ഥാനവും, സംഘടനയും, കുടുംബവും നിലനിൽക്കുകയില്ല.
അവസാനമായി “ദൈവത്തിന്റെ ഹിതം നിർവ്വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” എന്ന വാക്കുകളിലൂടെ യേശു പഠിപ്പിക്കുന്നത് യേശുവിന്റെ കുടുംബമെന്നത് രക്ത ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ജീവശാസ്ത്രപരമായ യാഥാർത്ഥ്യത്തെക്കാളുപരി ദൈവത്തിന്റെ ഹിതം നിറവേറ്റുന്ന എല്ലാവരുമുൾപ്പെടുന്ന, ദൈവശാസ്ത്രപരമായ, സ്വർഗ്ഗോന്മുഖമായ ഒരു യാഥാർത്യമാണന്നാണ്. ഇവിടെ ഓർമ്മിക്കേണ്ട മറ്റൊരു കാര്യം യേശുവിനെ അന്വേഷിച്ച് വരുന്ന പരിശുദ്ധ അമ്മ, “ഇതാ കർത്താവിന്റെ ദാസി നിന്റെ ഹിതം പോലെ എന്നിൽ നിറവേറട്ടെ” എന്ന് പറഞ്ഞു കൊണ്ട് ദൈവഹിതം നിറവേറ്റിയവരിൽ പ്രഥമസ്ഥാനത്താണ്.
നമുക്കും പിശാചുക്കളെ പുറത്താക്കുന്ന യേശുവിന്റെ ശക്തിയിൽ വിശ്വസിക്കാം, പരിശുദ്ധാത്മാവിന്റെ സഹായം അപേഷിക്കാം, തിന്മയുടെ ശക്തികളെ യേശുവിലൂടെ വിജയിക്കാം. അതോടൊപ്പം പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതം നിർവ്വഹിച്ച് കൊണ്ട് യേശുവിന്റെ കുടുംബത്തിലെ അംഗമാകാം
ആമേൻ