തിരുവനന്തപുരം: മത്സ്യമേഖലയിൽ നിന്നുള്ള വിദ്യാർഥികൾക്കു മികച്ച വിദ്യാഭ്യാസം നൽകാൻ സർക്കാർ സൗകര്യമൊരുക്കണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ പെരര. ഓഖി ദുരന്ത പാക്കേജിൽ മത്സ്യമേഖലാ വിദ്യാർഥികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള മത്സ്യമേഖലാ വിദ്യാർഥി സമിതി (കെ.എം.വി.എസ്.) നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 1000 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന ലിസ്റ്റിൽ തീര മേഖലയിലെ ഒരു സ്കൂളുമില്ല. തീരത്തെ സ്കൂളുകൾ മുഴുവൻ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലായതിനാൽ സർക്കാരിന്റെ പട്ടികയിൽ ഇല്ലാതെ പോയി. ഇക്കാരണത്താൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു.
സംസ്ഥാനത്തെ ഫിഷറീസ് സ്കൂളുകൾ കാലോചിതമായി പരിഷ്കരിക്കുന്നില്ല.
ബിഷപ് അൽഫോൺസ് മരിയ ബെൻസിഗർ സർക്കാരിനു കൈമാറുകയും സർക്കാർ പിന്നീട് സ്വകാര്യ ഗ്രൂപ്പിനു നൽകിയതുമായ കോവളം കൊട്ടാരം തിരിച്ചെടുത്ത് അവിടെ സെൻട്രൽ മറൈൻ സർവകലാശാല സ്ഥാപിക്കണം. അഭ്യസ്ഥവിദ്യരായ തീരദേശ വിദ്യാർഥികൾക്കായി സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തണം.
ഓഖി ദുരന്തം തീരം തകർത്തെറിഞ്ഞിട്ട് രണ്ടു മാസമാകുന്നു. മത്സ്യത്തൊഴിലാളി കടലിൽ കുടുങ്ങിയാൽ കരയ്ക്കെത്തിക്കുന്നതിന് നിയമ വ്യവസ്ഥകളിൽ പഴുതില്ലാതാകുന്നു. മത്സ്യമേഖലാ വിദ്യാർഥികളുടെ സമരം തുടക്കം മാത്രമാണെന്നും വികാരി ജനറാൾ പറഞ്ഞു.
Related