Kerala

മോണ്‍.ഡോ.ജോര്‍ജ്ജ് പനംതുണ്ടില്‍ ഖസാക്കിസ്ഥാന്റെ വത്തിക്കാന്‍ സ്ഥാനപതി

മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ നിന്ന് വത്തിക്കാന്‍ അംബാസിഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് നിയുക്ത അപ്പസ്തോലിക് നൂണ്‍ഷ്യോ...

ജോസ് മാർട്ടിൻ

തിരുവനന്തപുരം: മലങ്കര സുറിയാനി സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതാംഗം മോണ്‍.ഡോ.ജോര്‍ജ്ജ് പനംതുണ്ടിലിനെ ആര്‍ച്ച് ബിഷപ്പ് പദവിയോടെ ഖസാക്കിസ്ഥാനിന്റെ അപ്പസ്തോലിക് നൂന്‍ഷ്യോയായി (വത്തിക്കാന്‍ അംബാസിഡര്‍) പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം 16-06-2023-ന് വൈകുന്നേരം 3.30-ന് പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസ് ചാപ്പലില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ വായിച്ചു.

നിലവിൽ സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തിലെ Chargé d’affaires ആയി സേവനമനുഷ്ഠിച്ചു വരികെയായിരുന്നു. മോണ്‍. ജോര്‍ജ്ജ് പനംതുണ്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ 2023 സെപ്റ്റംബര്‍ 9 ശനിയാഴ്ച റോമില്‍ വച്ച് നടത്തപ്പെടുന്നതാണ്. അതിനു മുന്നോടിയായി അദ്ദേഹത്തെ റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന ശുശ്രൂഷകള്‍ തിരുവനന്തപുരത്ത് നടക്കും.

മാര്‍ ഈവാനിയോസ് കോളേജിലെ മുന്‍ അദ്ധ്യാപകന്‍ പനംതുണ്ടില്‍ ഡോ.പി.വി.ജോര്‍ജ്ജിന്റെയും മേരിക്കുട്ടി ജോര്‍ജ്ജിന്റെയും മകനായി 1972-ല്‍ തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്ക ഇടവാംഗമായ അദ്ദേഹം, തിരുവനന്തപുരം നിര്‍മ്മലഭവന്‍ കോണ്‍വെന്‍റ് സ്കൂള്‍, സെന്‍റ് ജോസഫ്സ് സ്കൂള്‍ എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1987-ല്‍ തിരുവനന്തപുരം അതിരൂപതയുടെ സെന്‍റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു. തിരുവനന്തപുരം സെന്‍റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി, 1998-ല്‍ ആര്‍ച്ചുബിഷപ്പ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1998 മുതല്‍ 2000 വരെ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ സഹവികാരിയായി സേവനം അനുഷ്ഠിച്ചു.

2003-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2003-2005 കാലഘട്ടത്തില്‍ റോമിലെ പൊന്തിഫിക്കല്‍ അക്കാഡമിയില്‍ നയതന്ത്രത്തില്‍ പരിശീലനവും 2005-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. റോമിലെ ഉന്നതപഠന കാലത്ത് 2000 മുതല്‍ 2005 വരെ ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ വൈദികശുശ്രൂഷ നിര്‍വ്വഹിച്ചു.

2005-2009 കാലഘട്ടത്തിൽ കോസ്റ്ററിക്കയിലെ സാന്‍ജോസില്‍ വിവിധ സന്യസ്ത സഭകളില്‍ പ്രവര്‍ത്തിച്ചു. 2008-ല്‍ പരിശുദ്ധ പിതാവിന്റെ ചാപ്ലൈനായും 2019-ല്‍ പാപ്പയുടെ പ്രിലേറ്റുമായി ശുശ്രൂഷ നിര്‍വ്വഹിച്ചു. 2009-2012-വരെ ഗ്വിനിയയിലെ മിഷണറീസ് ഓഫ് ചാരിറ്റി സന്യസ്ത സഭയിലും 2012-2016 കാലഘട്ടത്തില്‍ ബാഗ്ദാദിലെ അമേരിക്കല്‍ എംബസിയിലും,അമേരിക്കന്‍ മിലിറ്ററി ക്യാമ്പിലും വൈദിക ശുശ്രൂഷ നിര്‍വ്വഹിച്ചു. 2016-2020 വരെ വിയന്നയിലെ വിവിധ സഭകള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍ ഭാഷകളില്‍ വൈദഗ്ധ്യമുണ്ട്.

2003 മുതല്‍ കെനിയ, വത്തിക്കാന്‍, കോസ്റ്ററിക്ക, ഗ്വിനിയ, മാലി, ഇറാക്ക്, ജോര്‍ദ്ദാന്‍ ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ അംഗമായും സെക്രട്ടറിയായും ജെറുസലേം, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ നിന്ന് വത്തിക്കാന്‍ അംബാസിഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് നിയുക്ത അപ്പസ്തോലിക് നൂണ്‍ഷ്യോ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker