Vatican

മെജുഗോരെ മരിയൻ തീര്‍ത്ഥാടനങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരം

മൂന്നു പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മെജുഗോരെ തീര്‍ത്ഥാടനത്തിന് വത്തിക്കാന്റെ അനുമതിയും അംഗീകാരവും

ഫാ.വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: മൂന്നു പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം മെജുഗോരെ തീര്‍ത്ഥാടനത്തിന് വത്തിക്കാന്റെ അനുമതിയും അംഗീകാരവും ലഭിച്ചിരിക്കുന്നു. 1981 ജൂണ്‍ മാസം മുതല്ക്കാണ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബോസ്നിയ-ഹെര്‍സെഗോവിനായിലെ മെജുഗോരെ എന്ന സ്ഥലത്ത് 6 യുവാക്കള്‍ക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെടുകയും, പതിവായി ലോകസമാധാനത്തിന്റെ സന്ദേശങ്ങള്‍ നല്കിപ്പോരുകയും ചെയ്യുന്നത്. അന്നുമുതൽ തന്നെ മെജുഗോരെയിലേയ്ക്ക് ധാരാളം വിശ്വാസികള്‍ പരിശുദ്ധ കന്യകാമറിയം നൽകുന്ന സമാധനസന്ദേശം ശ്രവിക്കാനും, മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചെരുന്നു.

മെജുഗോരെയിലേയ്ക്ക് പാപ്പാ നിയോഗിച്ച അപ്പസ്തോലിക സന്ദര്‍ശകന്‍, ആര്‍ച്ചുബിഷപ്പ് ഹെന്‍റീക് ഹോസറാണ് മെജുഗോരെ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടനങ്ങളെ സഭ അംഗീകരിക്കുന്ന അനുമതി മെയ് 11-Ɔ൦ തീയതി ശനിയാഴ്ച മെജുഗോരെയിലെ തീര്‍ത്ഥാടനത്തിന്റെ തിരുനടയില്‍ പ്രസിദ്ധപ്പെടുത്തിയത്. സ്ഥലത്തെ വത്തിക്കാന്റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ലൂയിജി പെസ്സൂത്തോ, ഇടവക തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഡയറക്ടര്‍, ജോസഫ് ഐവനോവിച് എന്നിവര്‍ സന്നിഹിതരായിരുന്നു.

തീര്‍ത്ഥാടനത്തിനുള്ള അനുമതി വത്തിക്കാന്‍ നല്കുമ്പോഴും, മെജുഗോരെയിലെ
6 യുവജനങ്ങള്‍ക്ക് ഇന്നുവരെയും ദൈവമാതാവു നല്കിയ ദര്‍ശനങ്ങളെയും, അവയുടെ സന്ദേശങ്ങളെയും കുറിച്ചുള്ള പൊന്തിഫിക്കല്‍ സ്ഥിരീകരണമോ അംഗീകാരമോ ഇനിയും തീര്‍പ്പായിട്ടില്ലെന്നും, അവയെല്ലാം പഠന വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും, ആര്‍ച്ചുബിഷപ്പ് ഹെന്‍റീക് ഹോസര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വീക്കാ ഐവാന്‍കോവിച്, മരീയ പാവുളോവിച്, ഐവാന്‍ ഡ്രാജിക്കേവിച്, ഐവാങ്ക ഐവങ്കോവിച്, മിര്‍ജാനാ ഡ്രാജിക്കേവിച്, ജക്കോവ് കോളോ എന്നീ യുവാക്കള്‍ക്കാണ് 1981 ജൂണ്‍ 24-ല്‍ ആദ്യമായി കന്യകാനാഥ പ്രത്യക്ഷപ്പെട്ട് വിശ്വശാന്തിയുടെ സന്ദേശം നല്കിയത്. അന്ന് മെജുഗോരെ കമ്യൂണിസ്റ്റ് രാജ്യമായ യുഗോസ്ലാവിയായുടെ ഭാഗമായിരുന്നു. ഇന്നും കന്യകാനാഥ നല്കുന്ന ദര്‍ശനവും സന്ദേശങ്ങളും ശ്രവിക്കുന്ന ഈ ആറുപേരും പ്രായപൂര്‍ത്തിയെത്തി, അവരവരുടെ ജീവിതപരിസരങ്ങളില്‍ വിശ്വാസജീവിതം തുടരുകയാണ്.

2018 മെയ് 31-ന് വത്തിക്കാന്‍ നിയോഗിച്ച അപ്പസ്തോലിക സന്ദര്‍ശകനും, പോളണ്ടിലെ വാര്‍സ്വാ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ഹെന്‍റീക് ഹോസറിന്റെ പഠനങ്ങളുടെ വെളിച്ചത്തിലാണ് മെജുഗോരെയിലെ ഇടവകപ്പള്ളിയെ കേന്ദ്രീകരിച്ച് സമാധാനരാജ്ഞിയായ പരിശുദ്ധ കന്യകാനാഥയുടെ ദര്‍ശനസ്ഥാനത്തേയ്ക്ക് വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടനങ്ങളെ സഭ അംഗീകരിച്ചത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker