മാർച്ച് 26: ഏതാനും ചില കണക്കുകൂട്ടലുകൾ
'ക്ഷമ' സ്വീകരിക്കുവാനും കൊടുക്കുവാനും ഉള്ളതാണ്
മത്തായി 18:21-35 ലുള്ള ഏതാനും ചില കണക്കുകൂട്ടലുകളെക്കുറിച്ചു നമുക്കിന്നു ചിന്തിക്കാം. ക്ഷമിക്കുന്നതിനെ കുറിച്ചുള്ള യേശുവിന്റെ പഠനമാണ് പശ്ചാത്തലം. ‘ക്ഷമ’ സ്വീകരിക്കുവാനും കൊടുക്കുവാനും ഉള്ളതാണ്. നാം ദൈവത്തിൽ നിന്നും അളവില്ലാത്ത വിധത്തിൽ ക്ഷമ സ്വീകരിക്കുന്നുണ്ട്; അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ളവരിൽ നിന്നും എത്രയോ തവണയാണ് ക്ഷമ സ്വീകരിച്ചിട്ടുള്ളത്. ക്ഷമ സ്വീകരിക്കാൻ മാത്രമുള്ളതല്ല എന്ന് ഇന്നത്തെ സുവിശേഷത്തിൽ യേശു നമ്മെ പഠിപ്പിക്കുന്നു.
എന്നോട് തെറ്റുചെയ്യുന്ന സഹോദരനോട് ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം, ഏഴു പ്രാവശ്യമോ എന്നാണ് പത്രോസിന്റെ ചോദ്യം. യഹൂദ ഗുരുക്കന്മാരുടെ അഭിപ്രായമനുസരിച്ച് ഒരാൾ മൂന്നു തവണ ക്ഷമിച്ചാൽ മതി. തന്റെ ശിഷ്യർ കുറേക്കൂടെ കൂടുതൽ നന്മ ചെയ്യണം എന്ന് എല്ലായ്പ്പോഴും പഠിപ്പിക്കുന്നവനാണ് തന്റെ ഗുരു എന്ന് മനസ്സിലാക്കിയ പത്രോസ്, യഹൂദ ഗുരുക്കന്മാരുടെ നിർദ്ദേശമായ മൂന്ന് തവണയെന്നത് ഇരട്ടിയാക്കുകയും ഒന്ന് കൂടെ കൂട്ടി കൂടുതൽ ഔദാര്യം പ്രദർശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ‘ഏഴ്’ എന്ന സംഖ്യ അനന്തതയെയും പൂർണതയെയും ഒക്കെ സൂചിപ്പിക്കുന്നുണ്ട് അതായതു പത്രോസിന്റെ ചോദ്യത്തിൽ തന്നെ അനന്തമായി ക്ഷമിക്കണം എന്ന സൂചനയുണ്ട്. എന്നാൽ യേശുവിന്റെ മറുപടി “ഏഴ് എഴുപതു പ്രാവശ്യം” എന്നാണ്. അതായത്, 490 പ്രാവശ്യം. യേശു ഇവിടെ സൂചിപ്പിക്കുന്ന അനന്തത നമ്മുടെ ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമുള്ള അനന്തതയാണ്.
മൂന്നു പ്രാവശ്യവും ഏഴു പ്രാവശ്യവും എന്നൊക്കെ പറയുമ്പോൾ, സ്വാഭാവികമായും നാം എണ്ണും, കണക്കു സൂക്ഷിക്കുകയും ചെയ്യും. “ഞാൻ നിന്നോട് ഇതുവരെ ആറ് പ്രാവശ്യം ക്ഷമിച്ചു, ഇനി ഒരു പ്രാവശ്യം കൂടിയേ ക്ഷമിക്കുകയുള്ളു” എന്നൊക്കെ കണക്കു കൂട്ടി പറയാൻ സാധ്യത കൂടുതലാണ്. എന്നാൽ ഒരു തരത്തിലും കണക്കു കൂട്ടിയാകരുത് നാം ക്ഷമിക്കേണ്ടതെന്നു “ഏഴ് എഴുപത്” എന്ന സംഖ്യയിലൂടെ യേശു നമ്മോട് ആവശ്യപ്പെടുന്നു. 490 പ്രാവശ്യമൊക്കെ കണക്കെഴുതി സൂക്ഷിക്കാൻ ആർക്കു സാധിക്കും? കണക്കെഴുതി സൂക്ഷിച്ചുള്ള ക്ഷമിക്കൽ യഥാർത്ഥ ക്ഷമിക്കലല്ല. യേശു ആഗ്രഹിക്കുന്നത് തവണ കണക്കുകളില്ലാത്ത ഹൃദയപൂർവമുള്ള ക്ഷമിക്കലാണ്.
ക്ഷമയെകുറിച്ചുള്ള പഠനത്തെ ഉദാഹരിച്ചുകൊണ്ട് യേശു പറയുന്ന ഉപമയിലുമുണ്ട് ഒരു കണക്ക്. സേവകൻ യജമാനനോട് കടപ്പെട്ടിരുന്നത് പതിനായിരം താലന്തായിരുന്നു. താലന്ത് എന്നത് പുതിയ നിയമകാലത്ത് നിലവിലുണ്ടായിരുന്ന പണത്തിന്റെ ഏറ്റവും വലിയ യൂണിറ്റ് ആയിരുന്നു. ഒരു താലന്ത് എന്നത് 6000 ദനാറയായിരുന്നു; ഒരു ദനാറയാകട്ടെ,ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ വേതനവും. അങ്ങനെ കണക്കുകൂട്ടുമ്പോൾ, പതിനായിരം താലന്ത് എന്നത് 60 ദശലക്ഷം ദിവസത്തെ അല്ലെങ്കിൽ 1,70,000 വർഷങ്ങളിലെ ഒരാളുടെ കൂലിയായിരുന്നു. അത്രയ്ക്കും വലിയൊരു തുകയാണ് യജമാനൻ സേവകന് ഇളവ് ചെയ്തുകൊടുക്കുന്നത്. സഹസേവകൻ കടപ്പെട്ടിരിക്കുന്നതാകട്ടെ 100 ദനാറ അഥവാ 100 ദിവസത്തെ വേതനത്തിന്റെ തുകമാത്രം. അത്ര ചെറിയൊരു തുകയ്ക്കുവേണ്ടിയാണ്, വലിയൊരു തുക ഇളവുചെയ്തു കിട്ടിയ സേവകൻ തന്റെ സഹസേവകനോട് ക്ഷമിയ്ക്കാതിരുന്നത്. അത്രയ്ക്കും വലിയ ക്ഷമ സ്വീകരിച്ച സേവകൻ തന്റെ സഹസേവകനോട് എന്ത് മാത്രം ക്ഷമ കാണിക്കണമായിരുന്നു.
ദൈവത്തിൽ നിന്നും നാം സ്വീകരിക്കുന്ന ക്ഷമ എത്രയോ വലുതും ഉദാരവുമാണ്. അതിന്റെ ചെറിയൊരംശം പോലും നമ്മുടെ ജീവിതത്തിൽ നാം മറ്റുള്ളവരോട് കാണിക്കുന്നില്ലെങ്കിൽ നാമെങ്ങനെ ക്രിസ്തുശിഷ്യരാകും?