Daily Reflection

മാർച്ച് 13: യോനായും ദക്ഷിണദേശത്തെ രാജ്ഞിയും

യേശുവിന്റെ ഉയിർപ്പ് നമ്മുടെ മുന്നിൽ, ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ അടയാളമായി നിൽക്കുകയാണ്

ഇന്നത്തെ ദിവ്യബലിയിലെ വചനഭാഗങ്ങൾ പശ്ചാത്താപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നതിനായി അടയാളം ആവശ്യപ്പെടുന്നവർക്കെതിരെയുള്ള ശക്തമായ വിമർശനമാണ് ലൂക്കാ 11:29-32. അനുതപിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട്, യേശു തങ്ങളുടെ മദ്ധ്യേ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും മാനസാന്തരപ്പെടാത്ത ജനതയെ യേശു വിളിക്കുന്നത് “ദുഷിച്ച തലമുറ” എന്നാണ്. അവർക്കു യേശുകൊടുക്കുന്ന അടയാളം യോനായുടെ അടയാളമാണ്. നിനെവെ നിവാസികൾ പശ്ചാത്തപിക്കാൻ യോനായുടെ പ്രസംഗം കാരണമായിത്തീർന്നു. പക്ഷെ, എങ്ങനെയാണ് യോനാ അടയാളമായിത്തീർന്നതെന്ന് ലൂക്ക സുവിശേഷകൻ ഇവിടെ പറയുന്നില്ല. യേശുവിന്റെ വാക്കുകളായി സമാന്തരസുവിശേഷകനായ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “യോനാ മൂന്നു രാവും, മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തിൽ കിടന്നതുപോലെ, മനുഷ്യപുത്രനും മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലായിരിക്കും”. യേശു നൽകുന്ന അടയാളം തന്റെ ഉയിർപ്പാണ്. ഇതിനേക്കാൾ വലിയൊരു അടയാളം നല്കപ്പെടുകയില്ല എന്ന് യേശു പറയുന്നു.

നിനെവെ നിവാസികളെ മനസാന്തരപ്പെടുത്തുന്നതിനായുള്ള യോനായുടെ ദൗത്യത്തെ യേശുവിന്റെ ഉയിർപ്പുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്, വരുവാനുള്ള എല്ലാ തലമുറകളും പശ്ചാത്തപിച്ചു ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള അടയാളമാണ്, യേശുവിന്റെ ഉയിർപ്പ് എന്നാണ്.
വിശ്വസിക്കാത്ത തലമുറയെ കുറ്റംവിധിക്കുന്നത് നിനെവെ നിവാസികളും ദക്ഷിണദേശത്തെ രാജ്ഞിയും ആയിരിക്കുമെന്ന് യേശു സൂചിപ്പിക്കുന്നു. ഇവർ രണ്ടു കൂട്ടരും ഇസ്രായേൽക്കാർ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ദൈവത്തെ അറിയാതിരുന്ന വിദൂരസ്ഥലമായ നിനെവേയിലേക്കാണ് പശ്ചാത്താപത്തിനുള്ള ആഹ്വാനവുമായി ദൈവം യോനയെ അയക്കുന്നത്. എന്നിട്ടുപോലും അവർ യോനായുടെ വാക്കുകൾ കേട്ട് വിശ്വസിച്ചു മാനസാന്തരപ്പെടുന്നു. ഇസ്രായേൽക്കാരി അല്ലാതിരുന്ന, ദക്ഷിണദേശത്തെ രാജ്ഞി സോളമൻ രാജാവിന്റെ വിജ്ഞാനം ശ്രവിക്കാൻ “ഭൂമിയുടെ അതിർത്തിയിൽ നിന്ന് വന്നു”. യോനാ ഇസ്രായേലിനു പുറത്തേക്കു പോയി പ്രസംഗിച്ചു മനസാന്തരമുണ്ടാക്കുമ്പോൾ ദക്ഷിണദേശത്തെ രാജ്ഞി ഇസ്രായേലിനു പുറത്തുനിന്നും വന്നു സോളമന്റെ വിജ്ഞാനം ശ്രവിക്കുന്നു. എന്നാൽ, യേശുവിന്റെ സാക്ഷ്യം നേരിട്ട് അനുഭവിക്കുന്ന സ്വജനമായ ഇസ്രായേലിൽ മാത്രം മാറ്റം സംഭവിക്കുന്നില്ല.

യേശുവിന്റെ ഉയിർപ്പ് നമ്മുടെ മുന്നിൽ, ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ അടയാളമായി നിൽക്കുകയാണ്. എന്നിട്ടും പശ്ചാത്താപത്തിലേക്കുള്ള യേശുവിന്റെ ക്ഷണം നാം എങ്ങനെയാണ് സ്വീകരിക്കുന്നതെന്നും ഫലം പുറപ്പെടുവിക്കുന്നതെന്നും നമുക്ക് പരിശോധിച്ചറിയാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker