മാർച്ച് 12 – പ്രാർത്ഥനയുടെ പാഠങ്ങൾ
നാം പ്രാർഥിക്കുമ്പോൾ, നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരമായി ദൈവം നല്കാൻ ആഗ്രഹിക്കുന്ന ഉത്തമഫലങ്ങൾ സ്വീകരിക്കുവാൻ നമ്മുടെ ഹൃദയത്തെയും ആത്മാവിനെയും ദൈവം പരുവപ്പെടുത്തുകയാണ്

ഇന്നത്തെ സുവിശേഷത്തിൽ പ്രാർത്ഥനയുടെ പാഠങ്ങളാണ് യേശു പകർന്നു തരുന്നത്. “നിങ്ങൾ ചോദിക്കുന്നതിനു മുൻപുതന്നെ നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങളുടെ പിതാവ് അറിയുന്നു” (മത്തായി 6:8). നമ്മുടെ ആവശ്യങ്ങൾ ദൈവത്തിന് അറിയാമെങ്കിൽ, നാം പ്രാർത്ഥിക്കുന്നതിന്റെ ആവശ്യകത എന്ത്? വിശുദ്ധ അഗസ്റ്റീനോസ് പറയുന്നത്, നാം പ്രാർഥിക്കുമ്പോൾ, നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരമായി ദൈവം നല്കാൻ ആഗ്രഹിക്കുന്ന ഉത്തമഫലങ്ങൾ സ്വീകരിക്കുവാൻ നമ്മുടെ ഹൃദയത്തെയും ആത്മാവിനെയും ദൈവം പരുവപ്പെടുത്തുകയാണ്.
എങ്ങനെ പ്രാർത്ഥിക്കണം എന്നതിന് മാതൃകയായി “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥന യേശു പഠിപ്പിക്കുന്നു. ഏഴ് യാചനകളാണ് ഈ പ്രാർത്ഥനയിൽ അടങ്ങിയിരിക്കുന്നത്. ഏഴ് യാചനകൾക്കും ശേഷം, പ്രാർഥിക്കുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട മനോഭാവം എന്തെന്ന് യേശു എടുത്ത് പറയുന്നു. പ്രാർത്ഥന ദൈവത്തോടുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണല്ലോ, അതോടൊപ്പം മറ്റുള്ളവരോടുള്ള ബന്ധവും, തകരാറുകൾ പരിഹരിച്ച്, നല്ലരീതിയിൽ കത്ത് സൂക്ഷിക്കുവാൻ യേശു ആവശ്യപ്പെടുന്നു. മറ്റുള്ളവരോട് പകയും വിദ്വേഷവും വച്ചുകൊണ്ടുള്ള പ്രാർഥനകൾ സ്വീകരിക്കപ്പെടുകയില്ല. നമ്മുടെ സഹോദരങ്ങളുടെ കുറ്റങ്ങളും കുറവുകളും ഹൃദയപൂർവ്വം നമുക്ക് ക്ഷമിക്കാം. യേശു അരുൾ ചെയ്യുന്നു; ‘നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരൻ നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെ വച്ച് ഓർത്താൽ, അവിടെ ബലിപീഠത്തിനു മുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യപ്പെടുക; പിന്നീട് വന്ന് കാഴ്ചയർപ്പിക്കുക” (മത്തായി 5:23-24).
ക്ഷമിക്കുക എന്നത് ദൈവം തന്റെ മക്കളിൽ നിന്നാവശ്യപ്പെടുന്ന ജീവിത ശൈലിയാണ്. ഈ ജീവിത ശൈലി ഉള്ളവർക്കേ ദൈവവുമായുള്ള ബന്ധം കത്ത് സൂക്ഷിക്കാൻ സാധിക്കൂ. ദൈവവുമായുള്ള ബന്ധത്തിൽ വളരാൻ ശ്രമിക്കുന്ന ഈ നോമ്പ് കളത്തിൽ, ക്ഷമിക്കുന്നതിലൂടെ സഹോദരങ്ങളുമായുള്ള ബന്ധത്തിലും വളരാൻ ശ്രമിക്കാം.