“മാലിന്യ മുക്തദേശം” സന്ദേശവുമായി ആലപ്പുഴ രൂപതയിലെ യുവജ്യോതി കെ.സി.വൈ.എം.
'മാലിന്യ സംസ്‌ക്കരണ ക്യാംപെയിന്' മാരാരിക്കുളം ബീച്ചിൽ തുടക്കമായി...

ജോസ് മാർട്ടിൻ
ആലപ്പുഴ: “മാലിന്യ മുക്തദേശം” എന്ന സന്ദേശം പകർന്ന് യുവജ്യോതി കെ.സി.വൈ.എം ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ‘മാലിന്യ സംസ്‌ക്കരണ ക്യാംപെയിന്’ മാരാരിക്കുളം ബീച്ചിൽ തുടക്കമായി. മാരാരിക്കുളം ബീച്ചിൽ നടന്ന രൂപതാതല ഉദ്ഘാടനം മാരാരിക്കുളം ഇടവക സഹവികാരി ഫാ.യേശുദാസ് അറക്കൽ നിർവഹിച്ചു.
രൂപത വൈസ് പ്രസിഡന്റ് ശ്രീ.കെവിൻ ജൂഡ് അധ്യക്ഷത വഹിച്ച യോഗത്തിൽ, രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ ആമുഖപ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി കുമാരി അമല ഔസേഫ് സ്വാഗതം അർപ്പിച്ചു. രൂപത സമിതി അംഗങ്ങളായ കിരൺ ആൽബിൻ, വർഗ്ഗീസ് ജെയിംസ്, ടോം ചെറിയാൻ, അനെറ്റ് സെബാസ്റ്റ്യൻ, എൽറോയ്, എനോഷ്, അനീഷ്, ജോബ് എന്നിവർ നേതൃത്വം നൽകി.
ആദ്യഘട്ടത്തിൽ തീരദേശത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ മാലിന്യ ശേഖരണ സംവിധാനങ്ങൾ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. തുടർന്ന്, തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഓരോ ഇടവകയിലും പദ്ധതി നടപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ബീച്ചിൽ നടക്കുന്ന മാലിന്യ സംസ്കരണ പദ്ധതിക്ക് ചേർത്തല സെന്റ്.മൈക്കിൾസ് കോളേജിലെ ബി.കോം. വിഭാഗം പിന്തുണ നൽകും.