മലബാറിലെ ആദ്യ മെഗാ ക്രിസ്തുമസ് പാപ്പാ സംഗമം ബോൺ നത്താലേ 2K21
'ബോൺ നത്താലേ'യുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് കെ.സി.വൈ.എം. തലശ്ശേരി അതിരൂപത ആസൂത്രണം ചെയ്തിരിക്കുന്നത്...
ജോസ് മാർട്ടിൻ
ഇരിട്ടി: കെ.സി.വൈ.എം. തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ 2021-ലെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് മലബാറിലെ ആദ്യ ക്രിസ്തുമസ് പാപ്പാ മെഗാ സംഗമം “ബോൺ നത്താലെ 2K21” ഇരിട്ടി ടൗണിൽ സംഘടിപ്പിച്ചു. ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശം പ്രഘോഷിച്ചു കൊണ്ട് ഒത്തുചേർന്ന യുവജനങ്ങൾക്കൊപ്പം ഇരുന്നൂറ്റിയമ്പതോളം ക്രിസ്തുമസ് പാപ്പാമാർ ക്രിസ്തുമസ് സമാധാന സന്ദേശം അവതരിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയും, നിശ്ചല ദൃശ്യങ്ങളുടെ സാന്നിധ്യവും, പപ്പാ റാലിക്ക് ഇരിട്ടി പട്ടണത്തിൽ ദൃശ്യ വിരുന്നൊരുക്കി.
തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും, ക്രിസ്മസ് കലാ സന്ധ്യയിലും സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു. തലശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി ക്രിസ്തുമസ് സന്ദേശം നൽകി. അഡ്വ.സണ്ണി ജോസഫ് എംഎൽഎ, അഡ്വ.സജീവ് ജോസഫ് എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ശ്രീലത എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
കെ.സി.വൈ.എം. തലശ്ശേരി അതിരൂപതാ ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ കെ.സി.വൈ.എം. അതിരൂപതാ പ്രസിഡന്റ് ജോയൽ ജോസഫ് തൊട്ടിയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് സരിക ചാക്കോ കൊന്നയ്ക്കൽ നന്ദിയും പറഞ്ഞു.
‘ബോൺ നത്താലേ’യുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് കെ.സി.വൈ.എം. തലശ്ശേരി അതിരൂപത ആസൂത്രണം ചെയ്തിരിക്കുന്നതെന്നും, ക്രിസ്തുമസ് ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ അഗതിമന്ദിരങ്ങളിലൂടെ നടത്തുന്ന ക്രിസ്തുമസ് കരോൾ യാത്രയാണ് പരിപാടിയുടെ അടുത്ത ഘട്ടം. അതിന് ശേഷം കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ ടൗണുകളിലും ദൈവ രക്ഷകൻ ക്രിസ്മസ് സന്ദേശം പകർന്നുകൊണ്ട് ചെറു ഗ്രൂപ്പുകളായി കരോൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.