മറക്കരുത്, നീയും മരണത്തിന്റെ താഴ്‌വരയിൽ…
സെമിത്തേരി പ്രതീക്ഷയുടെ, പ്രത്യാശയുടെ, ഇടം തന്നെയാണ്...
ഫാ.ഫിലിപ്പ് നടുത്തോട്ടത്തിൽ ഓ.സി.ഡി.
ഇന്ന് ഒത്തിരി ചിരിപ്പിച്ച ഒരു വോയിസ് ക്ലിപ്പ് കേട്ടു, അതിപ്രകാരമാണ്: ഹലോ അജു ആണോ? അതേ, അജുവാണ്! നീ ഇപ്പോൾ എവിടെയാ? ഞാൻ കോട്ടയത്ത് ഉണ്ട് അളിയാ! എടാ, രാവിലെ ഒരു ന്യൂസ് വന്നല്ലോ, നിനക്ക് എന്തോ, ആക്സിഡന്റ് പറ്റിയെന്നോ, മരണപ്പെട്ടുവെന്നോ, പറയുന്നത് കേട്ടല്ലോ? സത്യമാണോ? ഇല്ലളിയാ, എനിക്കൊന്നും പറ്റിയില്ല, ഞാൻ മരിച്ചിട്ടില്ല സത്യമാണ്. ചുമ്മാ കള്ളത്തരം പറയല്ലേ, നീ സത്യം ചെയ്യ്! ഇല്ലളിയാ ദൈവത്തിനാണെ സത്യം, ഞാൻ മരിച്ചിട്ടില്ല! സത്യമാണോ? ഇല്ലളിയാ ഞാൻ മരിച്ചിട്ടില്ല വേണമെങ്കിൽ, ഞാൻ വീഡിയോ കോൾ ചെയ്യാം!!! ഹഹഹ…. ജീവിച്ചിരിക്കുന്നവനോടാണ്, എടാ നീ മരിച്ചോ? എന്ന് ചോദിക്കുന്നത്! അജുവും കൊള്ളാം, അളിയനും കൊള്ളാം!!!
എന്നാലും ഈ വോയ്‌സ് ക്ലിപ്പ് കേട്ടപ്പോളാണ്, മരണത്തെക്കുറിച്ച് ഒന്നു വിചിന്തനം ചെയ്തത്. സത്യത്തിൽ, ഈ കോവിഡ് കാലഘട്ടത്തിൽ, മരണവും, ശവസംസ്കാര ശുശ്രൂഷകളും, പ്രശ്നസങ്കീർണ്ണമാക്കി, പ്രധാന വാർത്തകളാക്കാൻ ചാനലുകൾ മത്സരിക്കുന്ന കാലം!!! മൃത സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ പുതിയ സ്ക്വാഡുകൾ രൂപപ്പെടുന്ന കാലം! കോവിഡ് പിടിക്കാതിരിക്കാനുള്ള ഗവൺമെന്റിന്റെ തീരുമാനങ്ങൾ പാലിക്കാതെ, “ഈശ്വരാ, ഈ കോവിഡ് പിടിച്ചു മരിച്ചാൽ, പിന്നെ ജീവിച്ചിട്ടു കാര്യമില്ല!! എന്നു ചിന്തിച്ചുകൊണ്ട് കറങ്ങി നടക്കുന്ന മനുഷ്യരുടെ കാലം!!! ആറടി മണ്ണ് പോലും ഒരുവനു കിട്ടാകനിയായി മാറുന്ന കാലം!! എന്തൊക്കെയായാലും, ദൈവമേ, സെമിത്തേരിയിൽ ജനത്തിരക്ക് കൂടുന്നു! ദൈവവചനങ്ങൾ പൂർത്തീകരിക്കപ്പെടുന്നു!!! “എല്ലാവര്‍ക്കും ഒരുമിച്ച് ഒന്നുപോലെയുള്ള മരണം! മൃതദേഹങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങുകയില്ല. അവ സംസ്‌കരിക്കാന്‍ ജീവിച്ചിരുന്നവര്‍ മതിയായില്ല” (ജ്‌ഞാനം 18:12).
ശരിക്കും പറഞ്ഞാൽ, ശ്മശാന മൂകത… സെമിത്തേരിയുടെ ശ്മശാന മൂകത അത് ആരെയും പേടിപ്പിക്കുന്നതാണ്! പകൽ പോലും സെമിത്തേരിയിൽ ഒറ്റയ്ക്ക് പോകാൻ പലരുടെയും നെഞ്ചൊന്നു പിടയ്ക്കും. ചെറുപ്പത്തിൽ ഞാനും പറഞ്ഞിട്ടുണ്ട് “ചത്താലും ശരി, സെമിത്തേരിയിലേക്കു ഞാൻ പോകില്ല, എനിക്ക് ഒറ്റയ്ക്ക് പോകാൻ പേടിയാണ്”!! ഹഹഹ, നീയും ഇതുപോലെ പറഞ്ഞിട്ടില്ലേ സുഹൃത്തേ? എങ്കിലും ചെറുപ്പ കാലത്ത്, ഞങ്ങളുടെ ഇടവകയിലെ സെമിത്തേരിപ്പറമ്പിലുള്ള കശുമാവിൻ ചുവട്ടിൽ കശുവണ്ടി പെറുക്കാൻ പലപ്പോഴും ഒറ്റയ്ക്ക് ഞാൻ പോയിട്ടുണ്ട്. പള്ളിപറമ്പിലെ കശുവണ്ടി ഞങ്ങൾ പാട്ടത്തിന് എടുത്ത നാളുകളിൽ!!!
കുരിശിന്റെ വഴി പ്രാർത്ഥനകളിൽ നാം കണ്ടു മുട്ടുന്നുണ്ട്, ക്രിസ്തുവിനെ അടക്കാനായി കല്ലറ കാത്തുസൂക്ഷിച്ച, ചരിത്രത്തിൽ ഇടംനേടിയ ഒരു അരിമത്തിയാക്കാരൻ ജോസഫ്! അതേ, സെമിത്തേരി മരിച്ചവരുടെ ഇടം മാത്രമല്ല, ചില ജീവിതങ്ങൾ ഒക്കെ വഴിമാറിയതും സെമിത്തേരിയിലാണ്. ഒരിക്കൽ ഞാൻ എന്റെ ഇടവകയിലെ സെമിത്തേരിപ്പറമ്പിൽ കശുവണ്ടി പെറക്കുമ്പോൾ, കശുമാവിന്റെ മുകളിൽ ഇരിക്കുന്ന സമയത്താണ് അനിയൻ വന്നു പറയുന്നത്: “ചേട്ടായി, വേഗം താഴെ ഇറങ്ങി വാ, സെമിനാരിയിൽ ചേർക്കാൻ ഒരു അച്ചൻ വന്നിട്ടുണ്ട് വീട്ടിലെന്ന്”. സക്കേവൂസിനെ പോലെ, സെമിത്തേരിക്കടുത്തുള്ള ഒരു മരക്കൊമ്പിൽ ഇരിക്കുമ്പോഴാണ്, ദൈവം എന്നെയും വിളിച്ചത്. ഈ കർത്താവിന്റെ ഒരു കാര്യം!!! എന്തോ അതുകൊണ്ടായിരിക്കാം, എവിടെ പോയാലും സിമിത്തേരി കണ്ടാൽ, ഒന്നു കയറി മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കാൻ തോന്നുന്നത്!!!
ഇറ്റലിയിലെ സെമിത്തേരികൾ കാണേണ്ടത് തന്നെയാണ്. ഇന്നലെ ഞങ്ങളുടെ അടുത്തുള്ള ഒരു സിറ്റിയിൽ പോകാൻ ഇടയായി. ഇറ്റലിയിലെ കലാബ്രിയയിലുള്ള “തെറനോവെ” എന്ന സ്ഥലം!! അവിടെയുള്ള പള്ളിയും, സെമിത്തേരിയും സന്ദർശിച്ചു. സെമിത്തേരിയിൽ, വളരെ മനോഹരമായ പൂക്കളും, കത്തിനിൽക്കുന്ന തിരികളും ഒക്കെയായി അലങ്കരിച്ചിരിക്കുന്നു. മരിച്ചുപോയ ചില കുട്ടികളുടെ ശവകുടീരങ്ങളിൽ, കളിപ്പാട്ടങ്ങളും, ചിത്രങ്ങളും, അവർക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ ഒക്കെ കൊണ്ട് വെച്ചിട്ടുണ്ട്, സെമിത്തേരിയിൽ അവർ ഇപ്പോഴും ജീവനോടെ ഉണ്ട് എന്ന വിധത്തിൽ അലങ്കരിച്ചിരിക്കുന്നു! ഓരോ കല്ലറയിലേക്കും നോക്കിയപ്പോൾ മനസിലായി, ഒത്തിരി സ്വപ്നങ്ങൾ ബാക്കിയാക്കി, ഒത്തിരി കുടുംബങ്ങൾക്ക് കണ്ണീരു മാത്രം നൽകികൊണ്ട്, കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ചരമം പ്രാപിച്ചിരിക്കുന്നു. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി! അറിയാതെ ചോദിച്ചു പോയി, ദൈവമേ, മരിക്കാതിരിക്കാൻ മനുഷ്യന് ആകുമോ? ഇല്ലല്ലേ!!
സുഹൃത്തേ, സത്യത്തിൽ സെമിത്തേരി പ്രതീക്ഷയുടെ, പ്രത്യാശയുടെ, ഇടം തന്നെയാണ്. മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെന്ന്, പുനരുഥാനം ഉണ്ടെന്ന്, ഓരോ സെമിത്തേരിയും നമ്മെ ഓർമ്മപ്പെടുത്തുന്നു!! സുഹൃത്തേ, നീയും ഇടയ്ക്ക് സെമിത്തേരികൾ ഒന്ന് സന്ദർശിക്കണം!! ഒരു മരണ ചിന്ത മനസ്സിൽ സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ്. നിന്നിലുള്ള ഫരിസേയ, സദുക്കായ മനോഭാവങ്ങൾ മാറ്റി, ജീവിതത്തിനൊടുവിൽ ഒരു മരണം ഉണ്ടെന്നും, മരണത്തിനപ്പുറത്തൊരു ജീവിതമുണ്ടെന്നും ഉള്ള ഓർമ്മ മനസ്സിൽ സൂക്ഷിച്ചാൽ, ജീവിതവഴികളിൽ, കാഴ്ചപ്പാടുകളിൽ ചില മാറ്റങ്ങൾ തനിയെ വരും!!! “മരണം കാണാതെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യനുണ്ടോ? ജീവനെ പാതാളത്തിന്റെ പിടിയില്‍നിന്നു വിടുവിക്കാന്‍ആര്‍ക്കു കഴിയും?” (സങ്കീര്‍ത്തനങ്ങള്‍ 89:48).
ഈ കൊറോണ കാലത്ത്, മനുഷ്യർ രോഗം പിടിപെട്ട്, നിസ്സഹായരായി, പല സ്ഥലങ്ങളിലും മരിച്ചു വീഴുമ്പോഴും, “എല്ലാവരും മരിച്ചാലും എനിക്ക് രോഗം വരില്ല, ഞാൻ മരിക്കില്ല” എന്നു ചിന്തിക്കുന്ന മർക്കടമുഷ്ടിയുള്ള ചിലർ, സാമൂഹിക അകലം പാലിക്കാതെ, തോന്നുന്നത് പോലെ, ഇറങ്ങി നടക്കുന്നത് കൊണ്ടല്ലേ, ഈ കോവിഡ് വൈറസ് വീണ്ടും വീണ്ടും പടരുന്നത്? പല പ്രിയപ്പെട്ടവരുടെയും മരണങ്ങൾ കാണേണ്ടിവരുന്നത്? സുഹൃത്തേ, ഇനിയെങ്കിലും ഒന്നു സൂക്ഷിച്ചാൽ, കുറച്ചുനാൾ കൂടി ജീവിക്കാൻ പറ്റും, എന്താ കൊതിയില്ലേ ജീവിക്കാൻ? അതോ “പാവന സ്മരണക്ക്” എന്ന് കല്ലറയിൽ ബോർഡ് വെക്കാൻ തിരക്കണോ? പല ദേശങ്ങളിലും, പ്രിയപ്പെട്ടവരുടെ വേർപാടിൽ, പൊട്ടിക്കരഞ്ഞ്, ചങ്കുപൊട്ടി വിതുമ്പുന്നത് കാണുമ്പോൾ, ഞാനും അറിയാതെ കരഞ്ഞു പോകുകയാണ്! ദൈവമേ എന്തിന് ഈ ദുരന്തങ്ങൾ!!!
സത്യം പറഞ്ഞാൽ മരണം ഒരു യാഥാർത്ഥ്യമാണ്!! എല്ലാവരുടെയും ജീവിതത്തിൽ കടന്നുപോകേണ്ട യാഥാർത്ഥ്യം!! ഏതു നിമിഷം സംഭവിക്കും എന്ന് അറിയാത്ത യാഥാർത്ഥ്യം. മരണം നമ്മെ തേടി വരികതന്നെ ചെയ്യും. ദൈവ വചനം പറയുന്നു, “മരണം വിദൂരമല്ലെന്ന് ഓര്‍ക്കുക; പാതാളത്തില്‍ പ്രവേശിക്കേണ്ടസമയം നിനക്ക് അജ്‌ഞാതമാണ്” (പ്രഭാഷകന്‍ 14:12). എന്നിട്ടും ചിലർ എന്തിനാണ് മരണം സ്വയം ക്ഷണിച്ചു വരുത്തുകയോ, തേടി പോവുകയോ ചെയ്യുന്നത്? മടയത്തരം അല്ലാതെ എന്ത് പറയാൻ! എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചാലും, സ്ഥാനമാനങ്ങൾ നേടിയാലും, മരണത്തിനു മുൻപിൽ എല്ലാവരും നിസ്സഹായരാണ്!!!
വർഷങ്ങൾക്കു മുൻപ് ഒരിക്കൽ, ഞാൻ കോഴിക്കോട് അടുത്തുള്ള കുളത്തുവയൽ ധ്യാനകേന്ദ്രത്തിൽ ധ്യാനിച്ച സമയത്തു, അടുത്തിരുന്നു ധ്യാനം കൂടിയ ചേട്ടൻ പെട്ടെന്ന് തലചുറ്റി വീണു. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി, അരമണിക്കൂർ കഴിഞ്ഞപ്പോൾ അറിയിപ്പ് വന്നു, അദ്ദേഹം മരിച്ചു എന്ന്! ശരിക്കും ഞാൻ സ്തംഭിച്ചു പോയി, കുറച്ചു മുൻപ് വരെ എന്റെ കൈ കോർത്തു പിടിച്ചു പ്രാർത്ഥിച്ച ആ ചേട്ടൻ മരിച്ചു പോയി എന്ന് കേട്ടപ്പോൾ !!! ശരിയാ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു പലരും മരിക്കുന്ന വീഡിയോസ് ഇന്റെർനെറ്റിൽ നോക്കിയാൽ കാണാൻ സാധിക്കും! ജോലി ചെയ്യുമ്പോൾ, കളിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, പ്രാർത്ഥിക്കുമ്പോൾ, പഠിപ്പിക്കുമ്പോൾ, യാത്ര ചെയ്യുമ്പോൾ, എന്ന് വേണ്ട, എപ്പോളും മരണം ഒരു കള്ളനെ പോലെ കടന്നു വരാം! സുഹൃത്തേ, നിന്റെ പ്രായത്തിലുള്ള പലരും മരിച്ചു കഴിഞ്ഞു, അതേ നിനക്ക് പരിചയമുള്ള എത്രയോ പേര് കാണാമറയത്തേക്കു മൺമറഞ്ഞു പോയി!!! ഓരോ മരണവും ഓർമിപ്പിക്കുന്നു, എപ്പോളും നീയും ഒരുങ്ങിയിരിക്കുക വിശുദ്ധിയോടെ, പുണ്യത്തോടെ, പ്രത്യാശയോടെ!!!
സുഹൃത്തേ ഒന്നു ചോദിച്ചോട്ടെ, നീ മരിക്കുമ്പോൾ നിന്നെക്കുറിച്ച് അറിയുന്നവർ, നിന്റെ കൂടെ ജീവിച്ചവർ നിന്റെ എത്ര നന്മകൾ പറയും? “ഇവൻ മരിച്ചത് നന്നായി, ഇവൻ ജനിക്കേണ്ടവനേ ആയിരുന്നില്ല എന്നു പറയുമോ? ഓർക്കുക, വിശുദ്ധ അൽഫോൻസാമ്മയുടെ ശവകുടീരത്തിൽ ദിവസവും ആയിരക്കണക്കിന് ആൾക്കാർ സന്ദർശിക്കാൻ വരുന്നു, പ്രാർത്ഥിക്കാൻ വരുന്നു. സുഹൃത്തേ, ഒരിക്കൽ നീ മരിച്ചു കഴിയുമ്പോൾ, നിന്റെ ശവകുടീരം, ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ, ഏതെങ്കിലും ചാവാലിപ്പട്ടികൾ ചുരുണ്ടുകൂടി കിടക്കുന്ന ഇടമായി മാറുമോ? ഓർക്കുക, നിന്റെ ജീവിതമാണ് കല്ലറക്കു മഹത്വം നൽകുന്നത്!!!
പുണ്യം നിറഞ്ഞ, നന്മ നിറഞ്ഞ, വിശുദ്ധി നിറഞ്ഞ, കൃപ നിറഞ്ഞ, സ്നേഹം നിറഞ്ഞ മനുഷ്യർ മരിച്ചാലും ജീവിക്കും… ദൈവമേ ക്ഷമിക്കണേ, ഞാനറിയുന്നു, ഒരുപക്ഷെ, എന്നെക്കുറിച്ചുള്ള ഓർമ്മപോലും മാഞ്ഞുപോകുന്ന കാലം വരുന്നു. എന്നിട്ടും എന്തേ ഇനിയും ഞാൻ, എന്റെ സ്വാർത്ഥത മോഹങ്ങളിൽ, തന്നിഷ്ടങ്ങളിൽ, പിടിവാശികളിൽ, ഒട്ടും അയവുവരുത്തുന്നില്ല?
ഒരിക്കൽ ഞാൻ പേരാവൂർ ആശ്രമത്തിൽ ശുശ്രൂഷ ചെയ്യുമ്പോൾ, ബ്ലഡ് ക്യാൻസർ മൂലം മരിക്കാറായി കിടന്ന ഒരു അമ്മയ്ക്ക്, അന്ത്യകൂദാശയും, അവസാനമായി കുമ്പസാരവും നൽകാൻ പോയത് ഓർക്കുന്നു. കുഷ്ഠം ബാധിച്ചപോലെ, ശരീരത്തിലെ തൊലി മുഴുവൻ അടർന്നു, ദുർഗന്ധം വമിക്കുന്ന ശരീരവുമായി, മാരക വേദനയോടെ ആശുപത്രിയിലെ കട്ടിലിൽ കിടന്നപ്പോൾ, അമ്മ പറഞ്ഞു “അച്ചാ, എന്റെ തലയിൽ കൈ വെച്ച് ഒന്ന് അനുഗ്രഹിക്കാമോ? ദുർഗന്ധം വമിക്കുന്ന, ഉണങ്ങാത്ത മുറിവുകളുള്ള, ആ അമ്മയുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുമ്പോൾ ഞാനും കരയുകയായിരുന്നു, “എന്റെ പൊന്നു തമ്പുരാനേ, കട്ടിലിൽ കിടക്കുമ്പോളും, നീ കുരിശിൽ കിടന്നതു പോലെ പ്രാണവേദന അനുഭവിക്കുന്ന, ഈ അമ്മ മരിക്കുമ്പോൾ, അമ്മയുടെ ആത്മാവിനെ പറുദീസായിൽ, നിന്റെ അടുത്ത് ഇരുത്തണേ! ദൈവനാമത്തിൽ ഞാൻ ആശീർവദിച്ചപ്പോൾ ആ അമ്മ സന്തോഷത്തോടെ കരങ്ങൾ കൂപ്പി, “എന്റെ ആത്മാവിനെ നിന്റെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു” എന്ന് ഉരുവിട്ടത് ഇന്നും എന്റെ ചെവികളിൽ മന്ത്രിക്കുന്നു! പിറ്റേ ദിവസം ആ അമ്മ മരിച്ചു, ശവമടക്കിനു പോയി ഒപ്പീസ് ചെല്ലുമ്പോൾ, എനിക്ക് കരയാതിരിക്കാനായില്ല, സ്വർഗത്തിൽ എത്തിയ ആ അമ്മ എനിക്ക് വേണ്ടിയും മാധ്യസ്ഥം വഹിക്കും, തീർച്ചയാണ് !!!
ദൈവത്തിന്റെ കരുണയ്ക്കു മുൻപിൽ നമ്മുക്ക് മുട്ടുമടക്കാം! മരണത്തെ ഭയന്നിരിക്കുകയല്ല വേണ്ടത്, പകരം, “മനുഷ്യാ നീ പൊടി ആകുന്നു, പൊടിയിലേക്കു മടങ്ങും” എന്ന് തിരിച്ചറിഞ്ഞു, മരണ ചിന്ത മനസ്സിൽ സൂക്ഷിച്ച്, നിന്റെ കല്ലറ ധ്യാനിച്ച്, നന്നായി ജീവിക്കുകയാണ് വേണ്ടത്. ഒപ്പം മരിച്ചു പോയ പ്രിയപ്പെട്ടവരെ ഓർത്തു കണ്ണീരോടെ പ്രാർത്ഥിക്കാം: “മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 23:4).