മരിയാപുരം കർമ്മലമാതാ ദേവാലയം ജൂലൈ 16-ന് ആശീർവദിക്കും
മരിയാപുരം കർമ്മലമാതാ ദേവാലയം ജൂലൈ 16-ന് ആശീർവദിക്കും
അനിൽ ജോസഫ്
വ്ളാത്താങ്കര: മരിയാപുരം പരിശുദ്ധ കർമ്മലമാതാ ദേവാലയം ജൂലൈ 16-ന് ആശീർവദിക്കും. ദേവാലയത്തിന്റെ ശദാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ദേവാലയം നാടിന് സമർപ്പിക്കുന്നത്.
1901-ൽ നെയ്യാറ്റിൻകര കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഫാ. എഫ്രേം ഗോമസിന്റെ പരിശ്രമഫലമായി കൊച്ചോട്ടുകോണത്ത് ഇന്ന് വിമലാനികേതൻ നഴ്‌സറി സ്‌കൂളിന് സമീപത്ത്, മിഷൻ സെന്റെർ ആരംഭിച്ചാണ് പളളിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
1919-ൽ ഫാ. ജോൺ ഡമഷിനാണ് ഇപ്പോൾ നിര്‍മ്മിക്കപെട്ട പുതിയ പളളിയുടെ സ്‌ഥാനത്തുണ്ടായിരുന്ന ദേവാലയം നിര്‍മ്മിച്ചത്.
മിഷണറിമാരുടെ നേതൃത്വത്തില്‍ കുരിശാകൃതിയില്‍ നിലവിലെ നെയ്യാറ്റിന്‍കര രൂപതയില്‍ നിര്‍മ്മിച്ചിട്ടുളള ഏക ദേവാലയവും മരിയാപുരം പളളിയായിരുന്നു. നിരവധി വിദേശ മിഷണറിമരുടെ കാല്‍പ്പാട് പതിഞ്ഞ പുണ്യഭൂമികൂടിയാണ് മരിയാപുരം.
ജാതിവ്യവസ്‌ഥ നിലനിന്നിരുന്ന കാലത്ത് ഉള്‍ഗ്രാമമായിരുന്ന മരിയാപുരത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് മരിയാപുരം കര്‍മ്മലമാതാ ദേവാലയം വലിയ പങ്ക് വഹിച്ചു. നിലവിലെ പാറശാല നിയോജക മണ്ഡലം പ്രദേശത്തെ ക്രൈസ്‌തവരുടെ പ്രധാന ആരാധനാലയമായി അറിയപെട്ടിരുന്നത് മരിയാപുരം ദേവാലയമായിരുന്നു.
പഴക്കംകൊണ്ടും സ്‌ഥപരിമിതികൊണ്ടും 2013-ലാണ് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ പുതിയ ദേവാലയത്തിനു വേണ്ടി തറക്കല്ലിടുന്നത്. 840 കുടുംബങ്ങളുളള ദേവാലയത്തില്‍ 27 ബി.സി.സി. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
ഇടവക വികാരി ഫാ. ബനഡിക്‌ട് കണ്ണാടന്റെ പ്രവര്‍ത്തനമികവും ആത്‌മീയ ചൈതന്യവും ഇടവകക്ക് മുതല്‍കൂട്ടായി. ബിൾഡിംഗ് കമ്മറ്റി കൺവീനർ അനിൽ.ജെ. യുടെയും ഫിനാന്‍സ് കമ്മറ്റി അംഗങ്ങളായ ആഞ്ചലോ, സോണി, ജോൺസൻ തുടങ്ങിയവരുടെയും നേതൃത്വത്തില്‍ നിത്യാരാധന ചാപ്പലുള്‍പ്പെടെ 12,000 ചതുരശ്ര അടിയിലുളള മനോഹരമായ ദേവാലയമാണ് പണിപൂര്‍ത്തിയാവുന്നത്.
ജൂലൈ 16-ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ദേവാലയം ആശീർവദിക്കും. മുൻ കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമൻ, പുനലൂർ ബിഷപ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തന്‍, പാറശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ് തോമസ് മാര്‍ യൗസേബിയൂസ് തുടങ്ങിയവർ തിരുകര്‍മ്മങ്ങളിൽ പങ്കാളികളാവും.