മനുഷ്യാവതാര പ്രേഷിത സഭയിൽ രണ്ടു സമർപ്പിതർ കൂടി അംഗങ്ങളായി
ലോകത്തിന്റെ രണ്ടറ്റങ്ങളിൽ, ഒരേസമയം..
ഫാ.ജിബിൻ ജോസ്
കൊച്ചി: മദർ കാർല ബോർഗേറിയാൽ സ്ഥാപിതമായ മനുഷ്യാവതാര പ്രേഷിത സഭയിൽ 2 സമർപ്പിതർ കൂടി ക്രിസ്തുവിന്റെ പാതയിൽ ചരിക്കുവാൻ അംഗങ്ങളായി. ലോകത്തിന്റെ രണ്ടറ്റങ്ങളിൽ, ഒരേസമയം മനുഷ്യാവതാര പ്രേഷിത സഭയിൽ ഇവർ അംഗങ്ങളായി എന്നതാണ് പ്രത്യേകത. വിയറ്റ്നാമിൽ നിന്നുമുള്ള സിസ്റ്റർ അന്ന ട്രാൻതി ഹെയ്‌നും, തിരുവനന്തപുരത്തെ പുല്ലുവിളയിൽ നിന്നുമുള്ള ബ്രദർ സ്റ്റെഫിൻ പീറ്ററുമാണ് വി.പത്രോസിന്റെയും വി.പൗലോസിന്റെയും തിരുനാൾ ദിനത്തിൽ സഭാ വസ്ത്രവും, പ്രഥമ വ്രത സ്വീകരണവും നടത്തിയത്.
മനുഷ്യാവതാര പ്രേഷിത സഭയിൽ വിയറ്റ്നാമിൽ നിന്നുമുള്ള പ്രഥമ അർത്ഥിയാണ് സിസ്റ്റർ അന്ന ട്രാൻതി എന്നത് സഭാസമൂഹത്തിന് വലിയ സന്തോഷത്തിന് കാരണമാണ്. റോമിലെ ഫ്രസക്കാത്തി രൂപതയിലെ വികാരി ജനറലാണ് PMI മദർ ജനറലിന്റെ സാനിധ്യത്തിൽ സിസ്റ്റർ അന്ന ട്രാൻതിയുടെ പ്രഥമ വ്രത സ്വീകരണകർമ്മത്തിന് നേതൃത്വം നൽകിയത്.
അതേസമയം, ബ്രദർ സ്റ്റെഫിൻ പീറ്റർ സഭാവസ്ത്രം സ്വീകരിച്ചത് PMI സുപ്പീരിയർ ഡെലഗേറ്റ് ഫാ.സേവ്യർ പനക്കലിൽ നിന്ന്, എറണാകുളത്തെ സെന്റ് പോൾസ് മേജർ സെമിനാരിയിൽ വച്ചാണ്.
2015-ലാണ് രണ്ടുപേരും മനുഷ്യാവതാര പ്രേഷിത സഭയിൽ പരിശീലനം ആരംഭിച്ചത്. ലോക്ക് ഡൗൺ കാലത്താണെങ്കിലും ജീവിതത്തിലെ വലിയൊരു സ്വപ്നം നിറവേറിയതിന്റെ സന്തോഷത്തിലാണ് രണ്ടു പേരും.