ഫാ. ജോസഫ് പാറാങ്കുഴി
മനുഷ്യന്‍ = മനനം ചെയ്യുന്നവന്‍, ചിന്തിക്കുന്നവന്‍, ഉപാസിക്കുന്നവന്‍, ദൈവമേഖലയില്‍ വ്യാപരിക്കുന്നവന്‍.
പ്രപഞ്ചത്തിന്‍റെ തിലകക്കുറിയായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയും സാദൃശ്യവും നല്‍കി. ത്യാജ്യ ഗ്രാഹ്യ വിവേചന ശക്തിനല്‍കി. അനന്തമായ സിദ്ധിയും സാധ്യതയും നല്‍കി. ഇച്ഛാശക്തിയും മനസ്സും സ്വാതന്ത്ര്യവും ദൈവം നല്‍കി. ദൈവത്തിന്‍റെ കരവേലയുടെ മാഹാത്മ്യമായിമാറി മനുഷ്യന്‍.
സ്രഷ്ടാവായ ദൈവം പ്രപഞ്ചശില്‍പ്പിയായി. പ്രപഞ്ചഗുരുവായി പ്രപഞ്ചത്തിന്‍റെ സത്തയും സാരാംശവും ചൈതന്യവും ദൈവത്തിന്‍റെ ആത്മാവ് വാരിപുണര്‍ന്നപ്പോള്‍… മനുഷ്യന് അസ്തിത്വമുണ്ടായി… ദൈവം പിതാവായി… സര്‍വ്വചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവും പരിപാലകനുമായ ദൈവം കൂടെയുണ്ടായിരുന്നപ്പോഴും മനുഷ്യന്‍ സംതൃപ്തനായില്ല.
മനുഷ്യന്‍ പൂര്‍ണ്ണതയ്ക്കുവേണ്ടി ദാഹിച്ചു, മോഹിച്ചു. പറുദീസയുടെ സുഭിക്ഷതപോലും അവനില്‍ അസ്വസ്ഥത ഉണര്‍ത്തി. ഏകാന്തത ഒരു ശാപമായി മാറി… പൂര്‍ണതയ്ക്കു വേണ്ടിയുളള പ്രയാണത്തില്‍ താന്‍ ഏകനാണെന്ന തിരിച്ചറിവുണ്ടായി…
മനുഷ്യമനസ്സു വായിച്ചറിഞ്ഞ ദൈവം അവന് ഒരു സഖിയെ നല്‍കി. ആദം അവളെ ഹവ്വ എന്നു വിളിച്ചു. അവന്‍റെ പഞ്ചേന്ദ്രിയങ്ങളില്‍ പുതുചൈതന്യം ത്രസിച്ചു. അവന്‍ ആദ്യമായി ഒരു പ്രേമഗാനം പാടി… നീ എന്‍റെ അസ്ഥിയുടെ അസ്ഥിയും, മാംസത്തിന്‍റെ മാംസവും… ആ ഗാനം ശ്രുതിലയതാള സാന്ദ്ര സംഗീതമായി… മനുഷ്യന്‍ പ്രപഞ്ചത്തിന്‍റെ കേന്ദ്രമായി…ദൈവം ചിരിച്ചു!!