“മനസിന് മഹസേ…” ക്ലിമിസ് ബാവ പാട്ടെഴുതി സംഗീതം എം.ജയചന്ദ്രൻ
"മനസിന് മഹസേ..." ക്ലിമിസ് ബാവ പാട്ടെഴുതി സംഗീതം എം.ജയചന്ദ്രൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ആദ്യമായി ഗാനം എഴുതി. “മനസിന് മഹസേ… ഇവാനിയോസേ” എന്നുതുടങ്ങുന്ന ഗാനത്തിന് ഈണമിട്ടത് എം. ജയചന്ദ്രൻ. ആലാപനം കെ.എസ്.ചിത്ര.
‘ഗിരിദീപം’ എന്ന പേരിൽ ദൈവദാസൻ മാർ ഇവാനിയോസിനെക്കുറിച്ചുള്ള സംഗീത ആൽബത്തിനു വേണ്ടിയാണ് കാതോലിക്കാ ബാവാ ഗാനരചയിതാവായത്. എട്ടു ഗാനങ്ങളാണ് ആൽബത്തിലുള്ളത്. വയലാർ ശരത്ചന്ദ്ര വർമ, ഫാ.മൈക്കിൾ പനച്ചിക്കൽ, ഫാ.വിൽസൺ തട്ടാരുതുണ്ടിൽ, ഷൈല തോമസ് എന്നിവരാണ് കർദിനാളിനു പുറമേ ഗാനങ്ങൾ എഴുതിയത്. എല്ലാ ഗാനങ്ങൾക്കും എം.ജയചന്ദ്രനാണ് ഈണം നൽകിയത്.
കെ.എസ്.ചിത്ര, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, വിധു പ്രതാപ്, ശ്രേയ ജയദീപ് എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. കർദിനാൾ എഴുതിയ ഗാനം ആലപിക്കുന്നത് എം.ജയചന്ദ്രൻ തന്നെയാണ്.
‘ദൈവദാസൻ മാർ ഇവാനിയോസി’നെക്കുറിച്ചു സംഗീത ആൽബം ഇറക്കുകയെന്നതു ക്ലീമീസ് ബാവായുടെ മനസിൽ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് മാർ ഇവാനിയോസ് കോളജിലെ പൂർവ വിദ്യാർഥി കൂടിയായ ജയചന്ദ്രനെ ഒരു വർഷം മുൻപ് ഈ ജോലി ഏൽപ്പിച്ചത്.
ക്ലീമീസ് ബാവായോടുള്ള അടുപ്പവും മാർ ഇവാനിയോസിലെ പൂർവ വിദ്യാർഥിയെന്ന നിലയിൽ ദൈവദാസനോടുള്ള സ്നേഹവുമാണ് തിരക്കിനിടയിലും, പ്രതിഫലം വാങ്ങാതെ തന്നെ ഈ കർത്തവ്യം ജയചന്ദ്രൻ ഏറ്റെടുത്തത്.
ഓരോ ഗാനത്തിനും മുൻപായി ക്ലീമീസ് ബാവ മുഖവുര നൽകുന്നുണ്ട്. ഗിരിദീപത്തിന്റെ പ്രകാശനം 24-നു വൈകിട്ട് ആറിനു പട്ടം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടത്തും. കെ.എസ്.ചിത്ര, സുദീപ് കുമാർ, വിധു പ്രതാപ്, ശ്രേയ ജയദീപ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്, എം.ജയചന്ദ്രൻ നേതൃത്വം നൽകുന്ന ക്രിസ്തീയ ഗാനമേളയും ഉണ്ടാകും.