മദര്‍ തെരേസാ തിരുസ്വരൂപം തിരുപുറത്ത് എത്തിച്ചു. ആശീര്‍വദം ഇന്ന്
മദര്‍ തെരേസാ തിരുസ്വരൂപം തിരുപുറത്ത് എത്തിച്ചു. ആശീര്‍വദം ഇന്ന്
അനിൽ ജോസഫ്
കാഞ്ഞിരംകുളം: തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിനു കീഴില്‍ താഴക്കാമണ്ണടിയില്‍ സ്ഥാപിക്കുന്ന വിശുദ്ധ മദര്‍ തെരേസയുടെ തിരുസ്വരൂപം തിരുപുറം ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ എത്തിച്ചു.
കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദര്‍ ഹൗസിലെ മദര്‍ തെരേസയുടെ ശവകുടീരത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കേരളത്തിലേക്കെത്തിച്ച തിരുസ്വരൂപം, ഇന്നലെ മദറിന്‍റെ പേരിലെ ലോകത്തിലെ ആദ്യ ദേവാലയമായ മേലാരിയോട് മദര്‍ തെരേസാ ദേവാലയത്തില്‍ നിന്നും ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് മദര്‍ തെരേസാ ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സില്‍ നിന്നും ഏറ്റുവാങ്ങി ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് തിരുപുറത്ത് എത്തിച്ചത്.
ഇന്നലെ രാവിലെ നടന്ന ആഘോഷമായ ദിവ്യബലിയെ തുടര്‍ന്നാണ് തിരുസ്വരൂപത്തിന്‍റെ പ്രയാണം നടന്നത്. മേലാരിയോട് ദേവാലയത്തില്‍ ഇന്നലെ പ്രത്യേകം പ്രാര്‍ഥനകളും നടന്നു.
ഇന്ന് വൈകിട്ട് 4.30-ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ തിരുപുറം താഴക്കാമണ്ണടിയിലെ കുരിശടിയില്‍ മദറിന്‍റെ തിരുസ്വരൂപം സ്ഥാപിച്ച് കുരിശടി ആശീര്‍വദിക്കും.
ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി ഫ്രാന്‍സിസ് സേവ്യര്‍ ദേവലയത്തില്‍ നിന്ന് കുരിശടിയിലേക്ക് പ്രദക്ഷിണവും ഉണ്ടാവും.