മദര്‍ തെരേസയുടെ അവസാന കേരള സന്ദര്‍ശനത്തിന് ഇന്ന് 25 വയസ്
മദര്‍ തെരേസയുടെ അവസാന കേരള സന്ദര്‍ശനത്തിന് ഇന്ന് 25 വയസ്
സിജോ പൈനാടത്ത്
കൊച്ചി: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ കേരള സന്ദര്‍ശനത്തിന് ഇന്ന് 25 വയസ് തികയും. 1994 ജനുവരി 16 -നാണ് മദര്‍തെരേസ അവസാനമായി കേരളത്തില്‍ എത്തിയത്, അത് മദറിന്‍റെ നാലാമത് കേരള സന്ദര്‍ശനമായിരുന്നു.
ഇടപ്പളളി ദേവാലയത്തിന്‍റെ 14 ാം ശദാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനുളള ക്ഷണം സ്വീകരിച്ചായിരുന്നു കൊല്‍ക്കത്തയില്‍ നിന്ന് മദറിന്‍റെ അവസാന കേരള യാത്ര. പളളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു മദര്‍. അന്നത്തെ എറണാകുളം ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറയും അന്നത്തെ മുഖ്യ മന്ത്രി കെ.കരുണാകരനും ഉള്‍പ്പെടെ പ്രമുഖര്‍ മദറിനൊപ്പം വേദിയിലുണ്ടായിരുന്നു. അന്നത്തെ ഇടപ്പളളി ഫൊറോന പളളി വികാരി ഫാ.സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍ കൊല്‍ക്കത്തയിലെത്തിയാണ് മദറിനെ ക്ഷണിച്ചത്.
ഇടപ്പളളി ദേവാലയം സന്ദര്‍ശിച്ച മദറിന്‍റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാവാന്‍ ഒരു പിക് അപ് വാന്‍ സമ്മാനമായി പളളി അധികൃതര്‍ നല്‍കിയിരുന്നു. എറണാകുളം എസ്.ആര്‍.എം. റോഡിലുളള സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോണ്‍വെന്‍റിലായിരുന്നു മദറിന്‍റെ താമസം. ഫാ.ജോര്‍ജ്ജ് കുറ്റിക്കലിന്‍റെ നേതൃത്വത്തിലുളള ആകാശപ്പറവകളുടെ ശുശ്രൂഷകര്‍ക്ക് തൃശൂര്‍ ചെന്നായിപ്പാറയില്‍ തുടക്കമിട്ടത് മദര്‍ തെരേസയാണ്. 1976 ജനുവരി 19 -നാണ് മദര്‍ തെരേസ ആദ്യമായി കേരളത്തിലെത്തിയത്. പിന്നീട് 1979 ലും 1987 ലും മദര്‍ കേരള സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു.