മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കായി 2023 ജൂലൈ രണ്ട് പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 14000-ൽപ്പരം ജനങ്ങൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്...
ജോസ് മാർട്ടിൻ
ബാംഗ്ലൂർ: മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി 2023 ജൂലൈ രണ്ട് ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതി ഭാരത സഭയോടെ ആവശ്യപ്പെട്ടു. മണിപ്പൂർ സംസ്ഥാനത്തെ ഇന്നത്തെ സ്ഥിതിമൂലം തങ്ങൾ അതീവ ദുഃഖിതരാണെന്നും മുമ്പൊരിക്കലും ഉണ്ടാവാത്ത രീതിയിൽ അക്രമങ്ങളും അസ്ഥിരതയും 2023 മെയ്മാസം മൂന്നാം തിയ്യതി മുതൽ നടമാടുകയാണെന്നും ഭാരത കത്തോലിക്കാ മെത്രാൻ സമിതി പറയുന്നു.
ഇംഫാൽ മെത്രാപ്പോലീത്ത നൽകിയ വിവരങ്ങൾ അനുസരിച്ച് അക്രമവും തീവയ്പ്പും ഒരു കുറവുമില്ലാതെ തന്നെ കലാപം ആരംഭിച്ചതുമുതൽ തുടരുകയാണ്. മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തന, സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ജൂൺ 20 വരേയുള്ള കണക്കുകൾ അനുസരിച്ച് കുടിയിറക്കപ്പെട്ടവരും മണിപ്പൂർ, മിസോറാം, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായ 14000-ൽപ്പരം ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആക്രമണത്തിന് ഇരയാക്കപ്പെട്ടവരുടെ പുനരധിവാസം, സമുദായേനന്തര, സൗഹൃദവും, സമാധാനവും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ദീർഘകാല പദ്ധതികളുമായാണ് കാരിത്താസ് ഇന്ത്യ മുന്നോട്ടുവന്നിട്ടുള്ളതെന്നും ഈ ഐക്യദാർഢ്യത്തിലുള്ള നമ്മുടെ പങ്കാളിത്തം പ്രകടമാക്കുന്നതിന്റെ ഭാഗമായി നമ്മുടെ രൂപതകളും, ഇടവകകളും, സന്യാസ സമൂഹങ്ങളും, സ്ഥാപനങ്ങളും സഭാസമൂഹം ഒന്നാകെയും കാരിത്താസ് ഇന്ത്യയുമായി കൈകോർക്കുന്നതിന് തയ്യാറാകണമെന്നും, നിങ്ങളുടെ ഉദാരമായ സംഭാവനകൾ കാരിത്താസ് ഇന്ത്യയുടെ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലൂടെ നൽകണമെന്നും ഭാരത കത്തോലിക്കാ മെത്രാൻ സമിതിക്ക് വേണ്ടി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അഭ്യർത്ഥിച്ചു.
Account name: Caritas India;
Account Number: 0153053000007238;
Name and address of the Bank: The South Indian Bank, 22, Regal Building Connaught Place, New Delhi -110 001;
Bank’s IFSC Code: SIBL0000153