മക്കൾക്കടുത്ത സ്വാതന്ത്രം ലഭിക്കാൻ
വചനത്തിൽ വസിക്കുന്ന ഒരാളുടെ ജീവിതത്തിൽ നിന്നും ഒരിക്കൽപോലും വചനത്തോടുള്ള സ്നേഹം കുറയുന്നില്ല...
സ്വതന്ത്രനാര്? അടിമയാര്? ഈ ഒരു വ്യത്യാസം ക്രിസ്തു പഠിപ്പിക്കയാണ് യോഹ 8:31- 42. തന്നിൽ വിശ്വസിച്ച യഹൂദരോടാണ് ക്രിസ്തു ഈ വാക്കുകൾ പറയുന്നത്. ഒരു യഹൂദനെ സംബന്ധിടത്തോളം അടിമയാണ് എന്ന് പറയുന്നത് ഏറ്റവും വലിയ അപമാനമാണ്. ലേവ്യരുടെ പുസ്തകം 25:39- 42 ൽ ഇതിനെകുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഒരു യഹൂദൻ ദാരിദ്യനായി തന്നെത്തന്നെ വിറ്റാൽ, അവനെ കൊണ്ട് അടിമവേല ചെയ്യിക്കരുത്, അവൻ ഒരു കൂലിക്കാരനെപോലെ നിനക്ക് വേണ്ടി ജോലിചെയ്യട്ടെ. പക്ഷെ ജൂബിലി വർഷം വരെ മാത്രം അങ്ങിനെ ജോലി ചെയ്താൽ മതി. തുടർന്ന് അവനുണ്ടായിരുന്നു അവകാശത്തിലേക്കു തിരിച്ചുപോകണം, എന്നിട്ടു വചനം പഠിപ്പിക്കുന്നു, “ഈജിപ്തിൽ നിന്ന് കൊണ്ടുവന്ന എന്റെ ദാസരാണ് അവർ, അവരെ അടിമകളായി വിൽക്കരുത്” (ലേവ്യ. 25:42). ആ ഒരു സാഹചര്യത്തിലാണ് ക്രിസ്തു അവനിൽ വിശ്വസിച്ച യഹൂദരോട് പറയുന്നത്, നിങ്ങൾ അടിമകളാണ്. വിശ്വസിച്ചവർക്കുള്ള ഒരു പരീക്ഷണഘട്ടമാണത്.
ക്രിസ്തു പറഞ്ഞ അടിമത്വം പാപത്തിന്റെ അടിമത്വമാണ്. ഇവിടെ ഒരാൾ അറിയാതെ ഒരു ദിവസം ചെയ്തുപോകുന്ന തെറ്റ് കണ്ടിട്ടല്ല ഇങ്ങനെ പറയുന്നത്. ഒരാൾ ഒരു പ്രാവശ്യം ഒരു വലിയ തെറ്റ് ചെയ്തുപോകുന്നതും അടിമത്വമായി കാണുന്നില്ല, കാരണം അടിമയാകുക എന്ന് പറഞ്ഞാൽ ഒരു ദിവസത്തേക്കല്ല. അടിമ സ്വാതന്ത്രനാകുന്നത് ജൂബിലി വർഷത്തിലാണ്, എന്നു പറഞ്ഞാൽ ഏഴ് X ഏഴ് =49 വർഷം കഴിഞ്ഞാണ്. അപ്പോൾ അവർ അടിമകളാണ് എന്ന് യേശു പറയുമ്പോൾ അവരുടെ ഇടയിൽ അവർ തെറ്റല്ലായെന്നു കരുതി ചെയ്തുകൂട്ടുന്ന ചില തിന്മകൾ കണ്ടിട്ടാണ് നിങ്ങൾ അടിമകളാണ് എന്ന് യേശു പറയുന്നത്. കാരണം അവർ ആറ് മനസിലാക്കുന്നില്ല, അവർ അതിനു അടിമകളായിക്കഴിഞ്ഞു.
എന്തൊക്കെയായിരുന്നു യഹൂദരുടെ കുറവുകൾ?
1) പാപത്തിനു അടിമകളായിരുന്നു.
2) അടിമയായി കഴിയുമ്പോൾ ബന്ധങ്ങളില്ല, ബന്ധനങ്ങൾ മാത്രം. അവനു ഭവനത്തിൽ താമസിക്കാൻ സാധിക്കില്ല, മക്കളാണ് ഭവനത്തിൽ താമസിക്കുക, അടിമ ഭവനത്തിനു പുറത്താണ് താമസിക്കുന്നത്.
3) ദൈവവചനം അവരിൽ വസിക്കുന്നില്ല. കാരണം അവർ പാപത്തിനു അടിമകളാണ്, വചനം കേൾക്കും, പക്ഷെ അവരിൽ വചനം നിലനിൽക്കുന്നില്ല. “നിലനിൽക്കുക” എന്ന വാക്ക് ബൈബിളിൽ നിരവധി പ്രാവശ്യം ഉപയോഗിക്കുന്ന ഒരു വാക്കാണ്. വചനം എന്നിൽ നിലനിൽക്കുക എന്ന് പറയുമ്പോൾ ഞാനും വചനവും ഒന്നാകുന്ന അവസ്ഥയാണ്. ദൈവവചനം എന്റേതായി മാറുന്നു. വചനം എന്റേതല്ലാതാകുമ്പോൾ വചനം എന്നിൽ മരിക്കുന്നു. അതുകൊണ്ടാണ് യേശു വചനം കേട്ടിട്ടും അത് ജീവിക്കാത്ത യഹൂദരോട് പറയുന്നത്, ‘നിങ്ങൾ എന്നെ കൊള്ളാൻ ആലോചിക്കുന്നു, കാരണം, എന്റെ വചനം നിങ്ങളിൽ വസിക്കുന്നില്ല (യോഹ. 8:37).
വചനത്തിൽ വസിക്കുന്ന ഒരാളുടെ ജീവിതത്തിൽ നിന്നും ഒരിക്കൽപോലും വചനത്തോടുള്ള സ്നേഹം കുറയുന്നില്ല. ഒരു ദിവസം ജീവിച്ചു, അടുത്ത ദിവസം ഇല്ല, അങ്ങിനെയുള്ള ഒരു മാറ്റം ഒരിക്കൽ പോലും ഉണ്ടാകില്ല. സ്ഥിരോത്സാഹത്തോടെ വചനം ജീവിക്കും. അങ്ങിനെ ഉള്ളവർ ദാനിയേൽ 3:17 ൽ പറയുന്നപോലെ സ്ഥിരോത്സാഹികയായിരിക്കും. അവിടെ വചനം പറയുന്നു, “ഞങ്ങളെ രക്ഷിക്കാൻ കഴിവുള്ളവനാണ് ഞങ്ങളുടെ ദൈവം”. എന്നിട്ടു തുടർന്നുള്ള ഭാഗത്തു ദാനിയേൽ കൂട്ടിച്ചേർക്കുന്നുണ്ട്, “അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കിൽ പോലും ഞങ്ങൾ നിന്റെ ദേവന്മാരെയോ നീ നിർമ്മിച്ച സ്വർണ്ണ ബിംബത്തെയോ ആരാധിക്കുകയില്ല”. ദൈവവമക്കളുടെ സ്വാതന്ത്ര്യം അതാണ്, വചനം ജീവിക്കുന്ന ഒരാളുടെ ഉറപ്പാണ് അത്. എരിയുന്ന തീച്ചൂളയിൽ ബന്ധനത്തിലായിരിക്കുമ്പോഴാണ് ദാനിയേലും കൂട്ടരും ഇങ്ങനെ പറയുന്നത്. കാരണം ദൈവത്തിന്റെ വാഗ്ദാനത്തിന്റെ ഉറപ്പു ഉറപ്പു അവരെ ബന്ധനത്തിലും സ്വാതന്ത്രത്തോടെ സ്തുതിക്കാൻ ശക്തരാക്കി. വചനം ജീവിക്കുന്ന പുത്രരെങ്കിൽ അവർ എന്നും സ്വതന്ത്രരാണെന്ന സത്യം തിരിച്ചറിഞ്ഞു, ആ സത്യം അവരെ സ്വതന്ത്രരാക്കി.
ഹൃദയത്തിൽ വചനം ജീവിക്കാൻ അനുവദിക്കുന്നവർക്ക് ക്രിസ്തു നൽകുന്ന വാഗ്ദാനങ്ങളാണിത്:
1) നിങ്ങൾ എന്റെ ശിഷ്യരാണ്, ശിഷ്യരെങ്കിൽ ( യോഹ. 8, 31) ദൈവത്തിന്റെ പുത്രരുമാണ് (യോഹ. 8, 35).
2) നിങ്ങൾ സത്യം അറിയും (യോഹ. 8, 32)
3) സത്യം നിങ്ങളെ സ്വാതന്ത്രരാകും (യോഹ. 8, 32)
സ്ഥിരോത്സാഹത്തോടെ മക്കൾക്കടുത്ത സ്വാതന്ത്രത്തോടെ ജീവിക്കാം, വചനം നമ്മിലൂടെ അങ്ങിനെ ജീവിക്കട്ടെ.