ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത് ( ലൂക്കാ 12:49-53)
ഒരു കൊടുങ്കാറ്റിനും കെടുത്തുവാൻ സാധിക്കാത്ത അഗ്നിവാഹകരാണ് നമ്മൾ...
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ
ശത്രുവിനെ സ്നേഹിച്ചു കീഴടക്കാൻ പഠിപ്പിച്ച യേശു. മനുഷ്യന്റെ ഏറ്റവും വലിയ എതിരാളിയായ പിശാചിനെ ‘വിഭജകൻ’ എന്ന് വിളിച്ച യേശു. എല്ലാവരും ഒന്നായിരിക്കുന്നതിനു വേണ്ടി ചോര വിയർത്തു പ്രാർത്ഥിച്ച യേശു. ഇപ്പോഴിതാ പരസ്പര വിരുദ്ധമായിട്ടാണോ സംസാരിക്കുന്നത്? അവൻ പറയുന്നു: “ഭൂമിയിൽ സമാധാനം നൽകാനാണ് ഞാൻ വന്നിരിക്കുന്നതെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാൻ നിങ്ങളോട് പറയുന്നു” (v.51). എന്തുകൊണ്ടാണ് യേശു ഇപ്പോൾ ഇങ്ങനെ പറയുന്നത്? ഒരു കാര്യം വ്യക്തമാണ് ഇത് ഉപരിപ്ലവമായ വാക്കുകളല്ല. ഇതിൽ ആഴമായ എന്തൊക്കെയോ അടങ്ങിയിട്ടുണ്ട്.
യേശു എന്ന വ്യക്തി ഒരു പ്രണയിനിയുടെതുപോലുള്ള ആർദ്രത കൊണ്ടും ഒരു ഹീറോയെ പോലുള്ള ധൈര്യവും കൊണ്ടും വൈരുദ്ധ്യാത്മകതയുടെ അടയാളമായിരുന്നു. അവൻ പ്രഘോഷിച്ച സുവിശേഷം സ്വാതന്ത്ര്യത്തിന്റെ ഒരു മാഗ്നകാർട്ടയായിരുന്നു. പുരുഷാധിപത്യത്തിൻറെ കാലടിയിൽ കിടന്നിരുന്ന സ്ത്രീകൾക്ക് അവൻ അന്തസ്സിന്റെ വാതിലുകൾ തുറന്നു കൊടുത്തു. മാതാപിതാക്കളുടെ സ്വത്തുക്കൾ എന്ന് കരുതിയിരുന്ന കുഞ്ഞുങ്ങളെ സ്വർഗ്ഗ രാജ്യത്തിൻറെ അവകാശികളാക്കി. ഉടമസ്ഥന്റെ കരുണയിൽ ആശ്രയിച്ചിരുന്ന അടിമകൾക്ക് ദൈവത്തിൻറെ സ്നേഹം പകർന്നു നൽകി. അന്ധരും കുഷ്ഠരോഗികളും ദരിദ്രരും അവൻറെ സുഹൃത്ത് വലയത്തിൽ അംഗങ്ങളായി. അവൻ ഒരുക്കിയ വിരുന്നിൽ ഇവരെല്ലാം അതിഥികളായി. എല്ലാവർക്കും മാതൃകയായി അവൻ കുഞ്ഞുങ്ങളെ ചൂണ്ടിക്കാണിച്ചു. അവൻറെ രാജ്യത്തിലെ രാജകുമാരൻമാരായി പാവപ്പെട്ടവരെ അവൻ ഉയർത്തി കാണിച്ചു. അതിലുപരി എല്ലാ നിമിഷവും അവൻ മനുഷ്യത്വത്തിന് പ്രാധാന്യം നൽകി. അവൻറെ പ്രബോധനങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അത് കേൾവിക്കാരുടെ മനസാക്ഷിക്ക് സമാധാനമല്ല നൽകിയത്. മറിച്ച് അവരുടെ ഉറങ്ങിക്കിടന്ന കപട സമാധാനത്തെ തൊട്ടുണർത്തുകയായിരുന്നു. പുറംതൊലിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചില ‘സമാധാനത്തെ’ അവൻ പൊളിച്ചു മാറ്റുകയായിരുന്നു.
നൽകിയും ക്ഷമിച്ചും ധനത്തിനോട് ആർത്തി കാണിക്കാതെയും മറ്റുള്ളവരെ ഭരിക്കാതെ അവരെ സേവിച്ചും പ്രതികാരം ആഗ്രഹിക്കാതെയും ഒരുവൻ ജീവിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവൻ മണ്ണിൽ കൊണ്ടുവരിക വിഭജനം മാത്രമായിരിക്കും. എന്തെന്നാൽ ലോകം ചിന്തിക്കുന്നത് വിജയിക്കുന്നവർക്ക് മാത്രമേ ജീവിതം ഉള്ളൂ എന്നാണ്. ലോകത്തിന് ഉള്ളത് അധികാരത്തിന്റെയും പ്രതികാരത്തിന്റെയും ലോജിക്കുകളാണ്. അതിനു വിപരീതമായ ഒരു സംസ്കാരം കെട്ടിപ്പടുക്കുവാൻ തുടങ്ങുമ്പോൾ ലോകത്തിൻറെതായ ചിലതൊക്കെ തകരുവാൻ തുടങ്ങും. പിന്നെ നടക്കുന്നത് ഒരു അപനിർമ്മാണം ആയിരിക്കും. ഇത്രയും നാളും ‘വലുത്’, ‘മഹത്വം’ എന്നൊക്കെ കരുതിയിരുന്ന പലതിനെയും മാറ്റിനിർത്തി അറിയപ്പെടാതെ മറഞ്ഞു കിടന്നിരുന്ന ചില ചെറിയ നന്മകളെ ഒന്നിച്ചു നിർത്തിക്കൊണ്ടുള്ള ഒരു നവലോക സൃഷ്ടിയായിരിക്കും അത്.
അപ്പോക്രിഫ സുവിശേഷങ്ങളിൽ ഒന്നായ തോമസിന്റെ സുവിശേഷത്തിൽ യേശു ഒരു സത്യം വെളിപ്പെടുത്തുന്നുണ്ട്; “എന്നോട് ചേർന്ന് നിൽക്കുകയെന്നാൽ തീയോട് ചേർന്നു നിൽക്കുന്നതിനു തുല്യമാണ്”. ആളിപ്പടരുന്ന സുവിശേഷത്തിന്റെ ശിഷ്യഗണങ്ങളാണ് നമ്മൾ. അതുകൊണ്ടാണ് തിന്മകളുടെ മുൻപിൽ നമ്മൾ അസ്വസ്ഥത അനുഭവിക്കുന്നത്. സുവിശേഷം ഒരു രഹസ്യ സംഭാഷണം അല്ല. അതൊരു ഉച്ചഭാഷിണി ആണ്. ശബ്ദമില്ലാത്തവരുടെ ശബ്ദം ആണത്. അനീതിയുടെ ഇടയിൽ നീതിക്കായി പോരാടുന്ന പോരാളിയാണത്. സുവിശേഷത്തിന് ഒരിക്കലും നിഷ്ക്രിയമാകാനോ അടങ്ങി ഒതുങ്ങി ഇരിക്കാനോ സാധിക്കില്ല. എന്തെന്നാൽ അത് ജീവ വചനം ആണ്. ജീവൻറെ സ്ഫുരണം അതിൽ എന്നും ജ്വലിച്ച് കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ സുവിശേഷത്തിന്റെ തീക്ഷണതയിൽ കത്തി ജ്വലിച്ച വിശുദ്ധരുടെ ചിത്രങ്ങൾ ചരിത്രത്താളുകൾ നമ്മുടെ മുൻപിൽ വരി വരിയായി നിർത്തി കാണിക്കും. അവർ പടർത്തിയ തീയാണ് ഇന്ന് ലോകം മുഴുവനും കത്തിജ്വലിക്കുന്ന സുവിശേഷ ചൈതന്യം. അവർ നമുക്ക് വഴിവിളക്കുകൾ ആയിരുന്നു. യേശു ഭൂമിയിൽ കൊളുത്തിയിട്ട തീ അവരാണ്. ആ തീ ഇന്നും ലോകത്തിൻറെ മുക്കിലും മൂലയിലുമായി മുനിഞ്ഞും വിടർന്നും ആളിയുമെല്ലാം കത്തുന്നുണ്ട്, കത്തിപ്പടരുന്നുമുണ്ട്. വർഷങ്ങളായി പലരും ആ തീയെ കെടുത്തുവാൻ ശ്രമിക്കുന്നുണ്ടെങ്കിൽ തന്നെയും ഇന്നും അതിനൊരു മാറ്റവും ഇല്ലാതെ ഇരുളിൽ പ്രകാശമായി ശോഭിക്കുന്നു.
നമുക്കറിയാം അഗ്നി പരിശുദ്ധാത്മാവിന്റെ പ്രതീകമാണെന്ന്. നമ്മുടെ ഉള്ളിൽ ഈ തീനാളം എന്നും പ്രകാശിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ വഴിത്താരകളിലും ഇരുൾ പരക്കുന്ന മുക്കിലും മൂലയിലുമെല്ലാം പ്രകാശമായി പരിശുദ്ധാത്മാവ് നമ്മോട് കൂടെയുണ്ട്. അതിനാൽ സുവിശേഷത്തെ പ്രതി ജ്വലിക്കുന്നവർ ആയി മാറുന്നതിൽ നാണിക്കേണ്ട കാര്യമില്ല. എന്തെന്നാൽ ഒരു കൊടുങ്കാറ്റിനും കെടുത്തുവാൻ സാധിക്കാത്ത അഗ്നിവാഹകരാണ് നമ്മൾ.