Diocese

ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള മുൻകരുതൽ പദ്ധതികളുടെ ഭാഗമായി ‘തേക്ക് പദ്ധതി’യുമായി നെയ്യാറ്റിൻകര രൂപത

"സുഭിക്ഷ കേരളം" പദ്ധതിയിൽ രൂപതയുടെ പങ്കുചേരലും കൂടിയാണിത്...

അനിൽ ജോസഫ്

നെയ്യാറ്റിൻകര: ഭാവി തലമുറയ്ക്ക് വേണ്ടി ഇടവകകളുടെ നേതൃത്വത്തിൽ മുൻകരുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ‘തേക്ക് പദ്ധതി’യുമായി നെയ്യാറ്റിൻകര രൂപതയിലെ ബോർഡ് ഓഫ് ടെമ്പറാലിട്ടീസ്. പള്ളിവക വസ്തുക്കളിലും, ഇടവകജനകൾ തങ്ങളുടെ വസ്തുക്കളിലും ഉപയുക്തമായ രീതിയിൽ ഈ പദ്ധതി പ്രയോജനപ്പെടുത്തണണമെന്നാണ് രൂപതാ ബോർഡ് ഓഫ് ടെമ്പറാലിട്ടീസ് ലക്ഷ്യം വയ്ക്കുന്നത്. തേക്ക് പദ്ധതിയുടെ ഉദ്ഘാടനം 7 ഞായറാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ ബിഷപ്പ് വിൻസെന്റ് സാമുവൽ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസിന് തേക്കിൻ തൈകൾ നൽകിക്കൊണ്ട് നിർവഹിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും, ഉപഇടവകകളിലും, എല്ലാ കുടുംബങ്ങളിലും, രൂപതാ സ്ഥാപനങ്ങളിലും ഈ മാസം തന്നെ ഈ പദ്ധതി നടപ്പിലാക്കാൻ പരിശ്രമിക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.

ബോർഡ് ഓഫ് ടെമ്പറാലിട്ടീസിന്റെ നേതൃത്വത്തിൽ 2019 സെപ്റ്റംബർ മുതൽ ഈ പദ്ധതി നടത്തിവരികയാണെന്നും, കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ തന്നെ അഞ്ഞൂറിലധികം തേക്കിൻതൈകൾ വിവിധ സ്ഥലങ്ങളിലായി നട്ടിട്ടുണ്ട് അവയെല്ലാം തന്നെ പ്രാഥമിക പരിചരണ ഘട്ടത്തിലാണെന്നും, ഇപ്പോൾ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ “സുഭിക്ഷ കേരളം” പദ്ധതിയിൽ നമ്മുടെ രൂപതയുടെ പങ്കുചേരലും കൂടിയാണിതെന്ന് ബോർഡ് ഓഫ് ടെമ്പറാലിട്ടീസ് ഡയറക്ടർ ഫാ.റോബർട്ട് വിൻസെന്റ് പറഞ്ഞു.

തരിശുഭൂമികളും, വസ്തുവിന്റെ അതിര്, കൃഷിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വലിയവൃക്ഷങ്ങൾ നടുവാൻ സാധിക്കും. ഇതിന് പ്രാഥമികമായ പരിചരണങ്ങൾ മാത്രം നൽകിയാൽ മതിയാവും. അതുകൊണ്ടുതന്നെ തൈ നടുന്ന പ്രവർത്തനം തുടങ്ങി പ്രാഥമിക പരിപാലനം വരെ ഇടവകയിലെ ശുശ്രൂഷ പ്രതിനിധികളുടെയും, അല്മായ സംഘടനകളുടെയും മേൽനോട്ടത്തിൽ എളുപ്പത്തിൽ ക്രമീകരിക്കുവാൻ സാധിക്കും.

ഇനിയുള്ള ആഴ്ചകൾ തേക്ക് തൈകൾ നടുവാനുള്ള അനുകൂല സമയമാണ്. നമ്മുടെ ദേവാലയ വസ്തുക്കളിലും, സാഹചര്യമനുസരിച്ച് ഭവനങ്ങളിലും തേക്കിൻ തൈകൾ നടുന്നത് ഉചിതമായിരിക്കും. ഇപ്പോൾ ലഭിച്ചിട്ടുള്ള 5000 തൈകൾ രൂപതയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ചൊവ്വാഴ്ചയോടെ നടുന്നതായിരിക്കും. കൂടുതൽ ആവശ്യമുള്ളവർ “തേക്ക് പദ്ധതി നെയ്യാറ്റിൻകര രൂപത” വാട്സാപ്പ് വഴി ആവശ്യപ്പെടുന്നതനുസരിച്ച് കഴിവതും സൗജന്യമായി ലഭ്യമാക്കുന്നതിന് പരിശ്രമിക്കും.

എന്നാൽ, ആദ്യഘട്ടത്തിൽ രൂപതയിൽ നിന്നും ഓരോ ഇടവകയ്ക്കും ലഭിക്കുന്ന 50 തൈകൾ രൂപതാ കാര്യാലയത്തിൽ നിന്ന് ജൂൺ 16-ന് മുമ്പ് തന്നെ വാങ്ങേണ്ടതാണ്. തേക്കിൻ തൈ വാങ്ങുവാൻ രൂപതാ കാര്യാലയത്തിലേക്ക് എത്തുന്നതിനുമുമ്പ് 0 9 5 4 4 4 4 8 9 8 6 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഇടവക കൗൺസിൽ, ധനകാര്യ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ഈ കാര്യങ്ങൾ നടപ്പിലാക്കേണ്ടത്.

നെയ്യാറ്റിൻകര രൂപതയുടെ കീഴിലെ വിവിധ സന്യാസ സ്ഥാപനങ്ങൾക്കും, ശുശ്രൂഷ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രസ്തുത പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ രൂപതയിലെ എല്ലാ കുടുംബങ്ങളെയും, ഈ പദ്ധതിയിൽ പങ്കെടുപ്പിക്കുവാൻ വേണ്ട പ്രോത്സാഹനം ഇടവക കൗൺസിലുകളുടെ നേതൃത്വത്തിൽ ചെയ്യേണ്ടതാണെന്നും ഡയറക്ടർ ഫാ.റോബർട്ട് വിൻസെന്റ് അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker