Sunday Homilies

ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?

ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

ഒന്നാം വായന : ഉല്പത്തി – 2:18-24
രണ്ടാം വായന : ഹെബ്രായർ – 2:9-11
സുവിശേഷം : വി. മാർക്കോസ് – 10:2-16

ദിവ്യബലിക്ക്‌ ആമുഖം

സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം, വിവാഹം, ദാമ്പത്യം, മക്കൾ, കുടുംബം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ദൈവത്തിന്റെ പദ്ധതി എന്താണെന്നും, മനുഷ്യൻ അവയെ എങ്ങനെയാണ് മനസിലാക്കേണ്ടതെന്നും, അംഗീകരിക്കേണ്ടത് എന്നും ഇന്നത്തെ തിരുവചനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കുടുംബ ബന്ധങ്ങൾ വെല്ലുവിളി നേരിടുന്ന ഈ കാല കാലഘട്ടത്തിൽ ഈ തിരുവചനങ്ങൾ തീർച്ചയായും നമ്മുടെ വഴിവിളക്കുകൾ തന്നെയാണ്. ഈ പ്രകാശത്തിന് കീഴിൽ സഞ്ചരിക്കാൻ തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നു. നിർമ്മലമായൊരു മനസോടെ ദിവ്യബലിയർപ്പിക്കാനായി നമുക്ക് ഒരുങ്ങാം.

വചന പ്രഘോഷണ കർമ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹേദരന്മാരെ,

വിവാഹം, കുടുംബം എന്നിവ സാര്‍വ്വത്രികമാണ്. എല്ലാ സംസ്കാരങ്ങളിലും സമൂഹങ്ങളിലും ഇവ നിലനില്‍ക്കുന്നു. മനുഷ്യന്‍റെ നിലനില്‍പിന്‍റെ അടിസ്ഥാനങ്ങളായ ഈ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുളള യേശുവിന്‍റെ വാക്കുകളാണ് നാമിന്ന് ശ്രവിച്ചത്.

ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? എന്ന ഫരിസേയരുടെ ചോദ്യം സ്വാഭാവികമായും “അതെ” അല്ലെങ്കില്‍ “അല്ല” എന്ന ഉത്തരം നല്‍കേണ്ട ഒരു കുഴപ്പം പിടിച്ച ചോദ്യമാണ്. ഇത് മനസ്സിലാക്കിയ യേശു അവരെ കൂടുതല്‍ പഠിപ്പിക്കുന്നതിനായി അവര്‍ക്കറിയാവുന്ന മോശയുടെ കല്പനകളെക്കുറിച്ച് ചോദിക്കുന്നു. മോശയുടെ നിയമമനുസരിച്ച് (നിയമാവര്‍ത്തനം 24: 1-4) പുരുഷന് മാത്രമെ വിവാഹമോചനം നല്‍കാന്‍ അര്‍ഹതയുളളൂ. കൂടാതെ പുരുഷന് സ്ത്രീയില്‍ “എന്തെങ്കിലും തെറ്റ്” കണ്ട് അവന് അവളോട് ഇഷ്ടമില്ലാതായാല്‍ വിവാഹമോചനം സാധ്യമാണ്. വിവാഹമോചന വേളയില്‍ സ്ത്രീയ്ക്കു നല്‍കുന്ന ഉപേക്ഷാപത്രം അവള്‍ക്ക് വീണ്ടുമൊരു വിവാഹത്തിന് യോഗ്യയാക്കുന്ന രീതിയില്‍ സ്ത്രീസുരക്ഷയ്ക്കുയുളളതാണെങ്കിലും പില്‍ക്കാലത്ത് പുരുഷ മേധാവിത്വത്തിന്‍റെ അടയാളമായി മാറപ്പെട്ടു.

മോശയുടെ നിയമം ഫരിസേയര്‍ അറിയിച്ചപ്പോള്‍ അവരുടെ ഹൃദയ കാഠിന്യം കൊണ്ടാണ് മോശ അപ്രകാരം ഒരു നിയമം രൂപീകരിച്ചതെന്ന് യേശു വ്യക്തമായി പറയുന്നു. അതായത്, പക്വമായ ദാമ്പത്യബന്ധം നയിക്കാനുള്ള അവരുടെ കഴിവില്ലായ്മ കൊണ്ടാണ് മോശ അപ്രകാരമൊരു നിയമം നടപ്പിലാക്കിയത് എന്ന് സാരം.

വിവാഹത്തെയും ദാമ്പത്യത്തെയും കുറിച്ചുളള “സൃഷ്ടിയുടെ ദൈവശാസ്ത്രത്തിലൂന്നിയ” പിതാവായ ദൈവത്തിന്‍റെ പദ്ധതി, പുത്രനായ യേശു വ്യക്തമായി പറയുന്നു. നാമത് ഇന്നത്തെ ഒന്നാം വായനയില്‍ ശ്രവിച്ചു. ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. അവന്‍ ഏകനായിരിക്കുന്നത് നന്നല്ലാത്തതിനാല്‍ അവന് സ്ത്രീയെ തുണയായി നല്‍കുന്നു. മൃഗങ്ങളെയോ, റോബോട്ട്, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങളെയോ അല്ല ദൈവം മനുഷ്യന് തുണയായി നല്‍കിയത് മറിച്ച് സ്ത്രീയെയാണ്. ഇന്നത്തെ കാലത്ത് ജീവിത പങ്കാളിക്കും കുടുംബത്തിനും പ്രാധാന്യം നല്‍കാതെ നായ്ക്കള്‍ക്കും മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും പ്രാധാന്യം നല്‍കുകയും, ദിവസത്തിന്‍റെ ഭൂരിഭാഗവും അവയോടൊപ്പം ചിലവഴിക്കുകയും ചെയ്യുന്നവര്‍ക്കും ഈ തിരുവചനഭാഗം മുന്നറിയിച്ച് നല്‍കുന്നു.

വിവാഹമോചനം നിയമാനുസൃതമാണോ? എന്ന “മനുഷ്യന്‍റെ” ചോദ്യത്തിന് യേശു “ദൈവത്തിന്‍റെ” ഉത്തരം നല്‍കുന്നു – ദൈവം യോജിപ്പിച്ചത് മനുഷ്യര്‍ വേര്‍പെടുത്താതിരിക്കട്ടെ. സമകാലീന സാഹചര്യങ്ങളുമായി ഈ തിരുവചനം ബന്ധിപ്പിക്കുന്നതിന് മുമ്പ്, ആദിമ സഭയില്‍ പ്രത്യേകിച്ചും സുവിശേഷകന്‍ ഈ തിരുവചനം എഴുതിയ കാലഘട്ടത്തില്‍ ഈ വചനത്തിന് എന്ത് പ്രാധാന്യമാണുണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. ചില ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ആദിമ സഭയില്‍ പ്രത്യേകിച്ചും വി.മര്‍ക്കോസിന്‍റെ സമൂഹത്തില്‍ പുരാതന ഗ്രീക്ക് റോമന്‍ വിവാഹ മോചന നിയമങ്ങളുടെയും യഹൂദ-ഈജിപ്ഷ്യന്‍ വിവാഹമോചന നിയങ്ങളുടെയും സ്വാധീനത്താല്‍ വിവാഹത്തെയും സുസ്ഥിരമായ ദാമ്പത്യത്തെയും കുറിച്ചുളള വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ പ്രശ്നത്തിന് ഉത്തരം നല്‍കുന്നതിന് വേണ്ടിയാണ് വി. മര്‍ക്കോസ് യേശുവിന്‍റെ വാക്കുകളെ വ്യക്തമായി അവതരിപ്പിക്കുന്നത്.

ചരിത്രപരമായ ഈ വീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, നാം ജീവിക്കുന്ന ആധുനിക ലോകത്തിന്‍റെ നിയമങ്ങള്‍ നമ്മില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാം. പ്രത്യേകിച്ച് നമ്മുടെ നീതിന്യായ വ്യവസ്ഥിതി സ്വവര്‍ഗ്ഗലൈംഗികതയെയും, ദാമ്പത്യത്തിലെ സ്ത്രീ പുരുഷ സമത്വത്തെ സംബന്ധിച്ചും നിര്‍ണായകമായ വിധികള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഈ കാലത്ത് നമുക്കോര്‍മിക്കാം വിവാഹം സഭയില്‍ ഒരു കൂദാശയാണ്. അത് ദൈവ സ്നേഹത്തിലധിഷ്ഠിതമായ സ്ത്രീയുടെയും പുരുഷന്‍റെയും പരസ്പര സ്നേഹമാണ്. കുടുംബമാണ് ഒരു സമൂഹത്തിന്‍റെ അടിസ്ഥാനം. കുടുംബം ശിഥിലമായാല്‍ ക്രമേണ സമൂഹം നശിക്കും. കുടുംബഭദ്രതയുടെ അടിത്തറയിളകുന്ന സംസ്കാരത്തിന് ഭാവിയില്ല. കുടുംബത്തില്‍ കുട്ടികളുടെ എണ്ണം കുറയ്ക്കുന്നത് കുട്ടികള്‍ക്കു മെച്ചപ്പെട്ട ശോഭനമായ ഭാവി നല്‍കുമെന്ന് നാം ഒരിക്കല്‍ കരുതിയിരുന്നു. എന്നാല്‍, അണുകുടുംബങ്ങളില്‍ വളരുന്ന ഇന്നത്തെ കുട്ടികളെയും, “ന്യൂജെന്‍” തലമുറയെയും കാണുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം എത്രമാത്രം ശരിയായിരുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

‘കുടുംബത്തിന്‍റെ സുവിശേഷം’ എന്ന് വിളിക്കാവുന്ന ഇന്നത്തെ സുവിശേഷ ഭാഗത്തിന്‍റെ അവസാനം യേശു ശിശുക്കളെ കരങ്ങളിലെടുത്ത് അനുഗ്രഹിക്കുകയാണ്. മാതാപിതാക്കള്‍ മക്കളെ യേശുവിന്‍റെ അടുക്കലേക്കു കൊണ്ടുവന്നു. നമുക്കും, നമ്മുടെ മക്കളെ യേശുവിന്‍റെ അടുക്കലേയ്ക്ക് ദിവ്യബലിക്കായി ഇടവക ദേവാലയത്തില്‍ കൊണ്ടുവരുന്നതില്‍ ജാഗരൂകത കാണിക്കാം. യേശുവിന്‍റെ വചനങ്ങള്‍ പഠിപ്പിക്കുന്ന മതബോധന ക്ലാസ്സുകളില്‍ മക്കളെ അയക്കാന്‍ ഉത്സാഹമുളളവരാകാം.

ആമേന്‍

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker