Articles

ഭാരത ചരിത്രത്തിൽ ഒരു പുരോഹിത നഗരസഭാ പിതാവുണ്ടായിരുന്നു; എത്രപേർക്കറിയാം?

ചങ്ങനാശ്ശേരി നഗരസഭയുടെ പ്രഥമ പ്രസിഡന്റ്, 1922 മുതൽ 1925 വരെ...

വിനോദ് പണിക്കർ

ഫാദർ ഡൊമിനിക് തോട്ടാശേരി ചങ്ങനാശ്ശേരി നഗരസഭയുടെ പ്രഥമ പ്രസിഡന്റായിരുന്നു, 1922 മുതൽ 1925 വരെ. ഒരു പക്ഷെ ഭാരതത്തിൽ ആദ്യമായിട്ട് ആയിരിക്കാം ഒരു കത്തോലിക്ക പുരോഹിതൻ ഇലക്ഷനിൽ മത്സരിച്ച് നഗര പിതാവിന്റെ കുപ്പായമണിഞ്ഞിട്ടുണ്ടാവുക. അക്കാലത്ത് എക്സികൂട്ടിവ് അധികാരവും പ്രസിഡന്റിനായിരുന്നു. മൂന്നു വർഷത്തെ ഭരണത്തിന് ശേഷം അദ്ദേഹം അധികാരമൊഴിഞ്ഞു. ചന്ത കടവിലെയും സസ്യ മാർക്കറ്റിലെയും വറ്റാത്ത കിണറും ചിത്ര കുളത്തിന്റെ കരയിലെ ഔഷധസിദ്ധിയായ താന്നിമരവും ഈ അച്ചന്റെ മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങളായി ഇന്നും നിലകൊള്ളുന്നു.

1912-ൽ സെപ്റ്റംബർ 6 ന്, ഭരണ പരിഷ്കാര കമ്മറ്റി (TIC) നിലവിൽ വന്നു, 1920-ലാണ് ചങ്ങനാശ്ശേരി നഗരസഭ രൂപം കൊണ്ടത്, മെത്രാനച്ചന്റെ അനുവാദത്തോടു കൂടി തോട്ടാശേരിയച്ചൻ കൗൺസിലറായി. പ്രശസ്‌തനായ നീലകണ്‌ഠപിള്ള വക്കിലിനെയും, ശ്രീ രാജരാജ വർമ്മ കോയിത്തമ്പുരാനെയും തോൽപ്പിച്ചിട്ടാണ് തോട്ടാശേരിയച്ചൻ പ്രസിഡന്റ് പദത്തിൽ അവരോധിതനായത്, അന്നത്തെ കൗൺസിലിൽ ഭാരത കേസരി മന്നത്ത് പത്മനാഭനും അംഗമായിരുന്നു.

പുരാതന തോട്ടാശേരി കുടുംബത്തിലെ ജോർജ് ചാച്ചിയമ്മ ദമ്പതികളുടെ ഏഴാമത്തെ സന്താനമായി 1886 ൽ ജനനം, തുടർന്ന് എം എയും, എൽ റ്റിയും ഉന്നത നിലയിൽ പാസ്സായി, ചങ്ങനാശ്ശേരി രൂപതയിലെ ആദ്യ കാല എം എ ബിരുദധാരികളായ വൈദികരിൽ ഒരു പക്ഷെ പ്രഥമൻ തന്നെ ഇദ്ദേഹമാവാം. സെന്റ് ബർക്കുമാൻസ് ഹൈസ്‌കൂൾ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിത ജീവിത ആരംഭം, ഒപ്പം സെന്റ് മേരിസ് എൽ പി സ്‌കൂൾ മാനേജരും കുറവിലങ്ങാട് ഹൈ സ്‌കൂൾ ഹെഡ്‍ മാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

പോയ നൂറ്റാണ്ടിൽ കേരളത്തിലെ ജനങ്ങൾ മുഖാമുഖം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു തൊണ്ണൂറ്റി ഒന്പതിലെ വെള്ളപ്പൊക്കം, പഴയ തലമുറയുടെ സമരണകളിൽ നടുക്കം വിതക്കുന്ന പ്രളയജലത്തിൽ കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ബാഹ്യ ലോകത്ത് നിന്ന് ഒറ്റപ്പെട്ട് ജലകടലിന് നടുക്കായി പോയപ്പോൾ ചങ്ങനാശ്ശേരി പട്ടണത്തിന്റെ ഈ പ്രഥമ പൗരനും അവസരത്തിനൊത്ത് ഉണർന്ന്‌ പ്രവർത്തിച്ചു, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി സന്നദ്ധ ഭടന്മാർ ഇളകിമറിയുന്ന കുട്ടനാടൻ ജലനിരപ്പിലേക്ക് ജീവൻ പണയം വെച്ചു നീങ്ങി. അക്ഷരാത്ഥത്തിൽ സർവസവും കൈവിട്ട കുട്ടനാട്ടുകാരെ അന്നും ഇവിടുത്തെ വ്യാപാരികളും പൊതുജനങ്ങളും തോളോട് തോള് ചേർന്ന് നിന്നു കൊണ്ട് സ്‌കൂളുകളും സുമനസ്സുകളുടെ ഭവനവും അവർക്ക് താമസിക്കാൻ തുറന്നു കൊടുത്തു. അവർക്ക് ഭക്ഷണവും വസ്‌ത്രവും നൽകി തൊട്ടാശേരി അച്ചന്റെ നേതൃത്വത്തിൽ ചെയ്‌ത ഈ ഉദാത്ത മാതൃക അന്നത്തെ കുട്ടനാട്ടുകാർ ഒരിക്കലും മറക്കില്ല.

അന്നൊക്കെ സൈക്കളിൽ യാത്ര ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, ഉച്ച നീചത്ത്വ ചിന്ത ലവലേശം തീണ്ടിയില്ലാത്ത സമഭാവനയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കേവലം 55 വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു. ഈ വൈദിക ശേഷ്ട്രന്റെ മുൻസിപ്പാലിറ്റിയിലെ ഒരു ചിത്രം മാത്രമാണ് ഇദ്ദേഹത്തിന്റെ സ്മാരകമായിട്ട് ആകെയുള്ളത്. ആദ്യ മുൻസിപ്പാലിറ്റിയുടെ പ്രഥമ പൗരന്റെ പേരിൽ നഗരസഭയുടെ ഒരു റോഡെങ്കിലും പ്രഖ്യാപിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker