ഭാരതത്തിൽ നാം ഒരുമിച്ചുകഴിയും, ഒരു മതിലുകളും നമ്മെ വേർതിരിക്കുകയില്ല; ഭരണഘടനാ സംരക്ഷണദിനത്തിൽ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ
ഭരണഘടന നമ്മെ സംരക്ഷിക്കും എന്നതിനാൽ ഭരണഘടനയെ നമ്മൾ സംരക്ഷിക്കണം...
ജോസ് മാർട്ടിൻ
ആലപ്പുഴ: ഭാരതത്തിൽ നാം ഒരുമിച്ചുകഴിയുമെന്നും, ഒരു മതിലുകളും നമ്മെ വേർതിരിക്കുകയില്ലായെന്നും ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ. ആലപ്പുഴ പുത്തൻകാട് ഔർ ലേഡി ഓഫ് അസംഷൻ ദേവാലയത്തിൽ വച്ച് നടന്ന ഭരണഘടനാ സംരക്ഷണദിനം ദേശീയ പതാക ഉയർത്തി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. കെ.ആർ.എൽ.സി.സി. യുടെ ആഹ്വാനമനുസരിച്ച്, കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ രൂപതയിലെ എല്ലാ ദേവാലയങ്ങളിലും ജനുവരി 26 ഭരണഘടനാ സംരക്ഷണദിനമായി ആചരിച്ചു.
ആലപ്പുഴ പുത്തൻകാട് ഔർ ലേഡി ഓഫ് അസംഷൻ ദേവാലയത്തിൽ ആലപ്പുഴ രൂപതാ അധ്യക്ഷൻ ഭരണഘടനാ സംരക്ഷണദിനം ഉത്ഘാടനം ചെയ്തു. നാം നേരിടുന്ന വെല്ലുവിളികളെ ഒരുമയോടെ നേരിടുവാൻ നമുക്ക് സാധിക്കുമെന്നും, ഭരണഘടന നമ്മെ സംരക്ഷിക്കും എന്നതിനാൽ ഭരണഘടനയെയും നമ്മൾ സംരക്ഷിക്കണം എന്ന മഹത്തായ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഈ റിപ്പബ്ലിക് ദിനം ആചരിക്കുവാനാകട്ടെ എന്നും ബിഷപ്പ് പറഞ്ഞു. തുടർന്ന് രൂപതാ ചാൻസിലർ ഫാ.സോണി സേവ്യർ പനയ്ക്കൽ കെ.ആർ.എൽ.സി.സി. യുടെ സർക്കുലർ വായിച്ചു. ആലപ്പുഴ കർമ്മസദൻ ഡയറക്ടർ ഫാ.ഫ്രാസിസ് കോടിയനാട് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ആലപ്പുഴ നഗരസഭ വൈസ് ചെയർപേഴ്സൺ ജ്യോതി മോൾ ഭരണഘടനാ ആമുഖം വായിച്ചു. തുടർന്ന്, ആലപ്പുഴ എം.പി. എ.എം.ആരിഫ്, ആലപ്പുഴ മുലാത്ത് ഹുദാ മസ്ജിദ് ചീഫ് ഇമാം അൻസാരി സുഹ്റി തുടങ്ങിയവർ സംസാരിച്ചു.
ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ
ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ദേവാലയത്തിൽ വികാരി ഫാ.സ്റ്റാൻലി പുളിമൂട്ടു പറമ്പിൽ പതാക ഉയർത്തി ഭരണഘടനാ സംരക്ഷണദിനം ഉത്ഘാടനം ചെയ്തു, പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കെ.എൽ.സി.എ. കത്തീഡ്രൽ യൂണിറ്റ് വൈസ് പ്രസിഡന്റ് സോളമൻ പനക്കൽ, സെക്രട്ടറി ലോപ്പസ്, ഉമ്മച്ചൻ, പി.ചക്കുപുരക്കൽ, ജോസ് ആന്റെണി, പെട്രീഷ്യ, ആൻഡ്രൂസ്, ബാബു അത്തിപ്പൊഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ആലപ്പുഴ ചാത്തനാട് ഇടവകയിൽ
ആലപ്പുഴ ചാത്തനാട് ഇടവകയിൽ കെ.എൽ.സി.എ, ബി.സി.സി. യൂണിറ്റുകളുടെ സംയുക്തഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഭരണഘടനാ സംരക്ഷണദിന ജനകീയ കൺവൻഷൻ’ ആലപ്പുഴ രൂപത എ.ഡി.എസ്. ഡയറക്ടർ ഫാ.സേവ്യർ കൂടിയാംശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. ചാത്തനാട് യൂണിറ്റ് പ്രസിഡന്റ് സ്വാഗതവും, കെ.എൽ.സി.എ. രൂപത പ്രസിഡന്റ് ജോൺ ബ്രിട്ടോ ആമുഖ പ്രസംഗവും, ചാത്തനാട് യൂണിറ്റ് ഡയറക്ടർ ഫാ.സോളമൻ ചാരങ്കാട്ട് ഭരണഘടനാ ആമുഖ വായനയും സംരക്ഷണ പ്രതിജ്ഞയും ചൊല്ലികൊടുത്തു.
തുടർന്ന്, കെ.എൽ.സി.എ. ആലപ്പുഴ രൂപത ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, എ.എം.നസീർ ലജനത്തുൽ മുഹമ്മദീയ പ്രസിഡന്റ് എ.എം.നസീർ, മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ
അഡ്വ.സനൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ഭരണഘടന ഉറപ്പാക്കുന്ന മതേതരത്വത്തെ കുറിച്ചുള്ള സദസ്സിന്റെ സംശയങ്ങൾക്ക് ഫാ.സേവ്യർ കൂടിയാംശ്ശേരി മറുപടി നൽകി. ചാത്തനാട് ബി.സി.സി. ജനറൽ കൺവീനർ ജോസി കുരിശിങ്കൽ നന്ദി അർപ്പിച്ചു.