ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം; തിരക്ക് വര്‍ദ്ധിച്ചു
ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം; തിരക്ക് വര്‍ദ്ധിച്ചു
അനിൽ ജോസഫ്
വിതുര: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പേള്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു. ഇന്നലെ രാവിലെ മുതല്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ കനത്ത ചൂടിനെ അവഗണിച്ച് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇന്നലെ രാവിലെ മുതല്‍ ഇടമുറിയാതെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ കൂട്ടമായി ബോണക്കാടേക്കെത്തി. രാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനക്ക് കുളച്ചിക്കര വേളാങ്കണ്ണി മാതാ ദേവാലയത്തിലെ വിശ്വാസികള്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന്, സീറോ മലങ്കര ക്രമത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്ക് പാറശാല രൂപതാ മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയൂസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അമലലോത്ഭവമാതാ ദേവാലയ പരിസരത്ത് നടന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് തീര്‍ത്ഥാടന വൈസ് ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്ത് നേതൃത്വം നല്‍കി.
തുടര്‍ന്ന്, ലിയാണ്‍ മ്യൂസിക് ബാന്‍ഡിന്റെ ഗാനാജ്ഞലി നടന്നു. കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷക്ക് ചെറ്റച്ചല്‍ സീനായ് ലൂഥറന്‍ ചര്‍ച്ച് നേതൃത്വം നല്‍കി. വൈകിട്ട് നടന്ന കൃതജ്ഞതാബലിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 62- ാമത് തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മക്കായി പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൂസേബിയൂസ് ദേവാലയത്തിന് മുന്നില്‍ വൃക്ഷതൈ നട്ടു.