ബോണക്കാടേക്ക് കുരിശുയാത്ര നടത്തിയ വിശ്വാസികളെ പോലീസ് കാണിത്തടം ചെക്‌പോസ്റ്റിലും വിതുരയിലും അടിച്ച് ചതച്ചു
ബോണക്കാടേക്ക് കുരിശുയാത്ര നടത്തിയ വിശ്വാസികളെ പോലീസ് കാണിത്തടം ചെക്‌പോസ്റ്റിലും വിതുരയിലും അടിച്ച് ചതച്ചു
വൈദീകരും സന്യാസിനികളും വിശ്വാസികളുമടക്കം 40-ൽ അധികം പേർ ആശുപത്രിയിൽ
വിതുര: മാസാദ്യ വെളളി പ്രാർഥനയുടെ ഭാഗമായി ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര നടത്തിയ നെയ്യാറ്റിൻകര രൂപതയിലെ വിശ്വാസികളെ പോലീസ് അടിച്ച് ചതച്ചു. ഇന്നലെ രാവിലെ 10 മണിയോടെ വിതുര തേവിയോട് ദൈവപരിപാലന ദേവാലയത്തിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ജി. ക്രിസ്‌തുദാസ് കുരിശുയാത്ര ഉദ്‌ഘാടനം ചെയ്യ്‌തു.
തുടർന്ന് വാഹനങ്ങളിൽ കൂട്ടം കൂട്ടമായി ബോണക്കാടെത്തിയ വിശ്വാസികളെ ബോണക്കാട്ടെ വനമേഖലയുടെ പ്രവേശന കവാടമായ കാണിത്തടം ചെക്‌പോസ്റ്റിൽ തടഞ്ഞു. തുടർന്ന് അരമണിക്കൂറോളം പോലിസുമായി ചർച്ചകൾ നടത്തിയെങ്കിലും പോലീസ് വഴങ്ങാതെ വന്നതോടെ വിശ്വാസികൾ ബാരിക്കേടുകൾ മറിച്ചിട്ട് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ പോലീസ് കണ്ണും പൂട്ടി വിശ്വാസികളെ അടിച്ചോടിക്കുകയായിരുന്നു. പ്രകോപനമില്ലാതെയുളള ലാത്തിചാർജ്ജിൽ വിശ്വാസികൾ ചിതറിയോടി.
കൈയ്യിൽ കിട്ടിയവരെയെല്ലാം പോലീസ് അടിച്ച് ചതച്ചു. അല്‍പസമയത്തിന് ശേഷം വീണ്ടും വിശ്വാസികൾ കാണിത്തടത്തേക്ക് സംഘടിച്ചെത്തിയതോടെ പോലീസ് വീണ്ടും ചർച്ചക്ക് തയ്യാറായി. ചർച്ചകൾക്കൊടുവിൽ ചെറു സംഘങ്ങളായി വിശ്വാസികളെ കടത്തിവിടാമെന്ന് ധാരണയായെങ്കിലും അതിന് വിശ്വാസികൾ തയ്യാറായില്ല. തുടർന്ന് വിതുര ജംഗ്‌ഷനിലേക്ക് ഉപരോധ സമരവുമായെത്തിയ വിശ്വാസികളെ വീണ്ടും പോലീസ്
അടിച്ചൊതുക്കുകയായിരുന്നു. തുടർന്ന് സമരത്തിനെത്തിയ വിശ്വാസികളെ ഓരോന്നായി പോലീസ് അറസ്റ്റ് ചെയ്യുന്ന നിലപാടെടുത്തതോടെ വീണ്ടും പ്രതിഷേധവുമായി വിശ്വാസികൾ പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധ സമവും നടത്തി.