ബോണക്കാടിലും വതുരയിലും നടന്നത് പോലീസിന്റെ താണ്ഡവം; പരിക്കേറ്റവരിൽ പലരും വയോധികർ
ബോണക്കാടിലും വതുരയിലും നടന്നത് പോലീസിന്റെ താണ്ഡവം; പരിക്കേറ്റവരിൽ പലരും വയോധികർ
വിതുര: ഇന്നലെ ബോണക്കാട് കുരിശുമലയിലേക്കെത്തി യ നെയ്യാറ്റിൻകര രൂപതയിലെ വൈദികർക്കും സന്യസ്‌തർക്കും നേരെ നിഷ്‌ഠൂരമായാണ് പോലീസ് ഇടപെട്ടത്. ഡി.വൈ.എസ്.പി.യുമായി ചർച്ചകൾ നടക്കുന്നതിനിടയിൽ തന്നെ വിതുര സബ് ഇൻസ്‌പെക്‌ടറും പാലോട് സർക്കിൾ ഇൻസ്‌പെക്‌ടറും എസ്.എ. പി. ക്യാമ്പിലെ പോലീസുകാരെ ബാരിക്കേഡിന് സമീപത്തേക്ക് വിളിച്ച് വരുത്തുകയും ബാരിക്കേഡ് മറിഞ്ഞയുടനെ വിശ്വാസികളെ അടിച്ചോടിക്കുകയുമായിരുന്നു.
മുന്‍നിരയിലുണ്ടായിരുന്ന വയോധികരടക്കം നൂറുകണക്കിന് വിശ്വാസികൾ ഒടുന്നതിനിടയിൽ വീഴുന്നുണ്ടായിരുന്നു. വീണുകിടന്ന വിശ്വാസികളെ സംഘമായെത്തിയ പോലീസ് നിഷ്‌ഠൂരമായി അടിക്കുകയായിരുന്നു. ഉപരോധത്തിനായി വിതുര യിലെത്തിയ വിശ്വാസികൾക്ക് നേരെയും പ്രകോപനമില്ലാതെയാണ് പോലീസ് ക്രൂരത കാട്ടിയത്. സ്‌ത്രീകളെയടക്കം ഓടിച്ചിട്ടടിച്ച പോലീസ് കെ.സി.വൈ.എം. പ്രവർത്തകരെ പല തവണ ലാത്തിയുമായി ഓടിച്ചു. വൈദികരോട് പല തവണ മോശം വാക്കുകളുമായെത്തി. പോലീസ് കന്യാസ്‌ത്രീകൾക്കെതിരെയും മോശം ഭാക്ഷ ഉപയോഗിച്ചു. വിതുരയിലെത്തിയ വിശ്വാസികൾക്ക് നേരെ പ്രകോപനമില്ലാതെയാണ് വിതുര എസ്.ഐ. ആക്രമണം അഴിച്ച് വിട്ടതെന്ന് രൂപതാ മീഡിയാ സെൽ ഡയറക്‌ടർ ഡോ. ജയരാജ് പറഞ്ഞു.