ബാലരാമപുരം ഇടവകയ്ക്ക് ‘സെബാനോസ്’ എന്നപേരിൽ ഔദ്യോഗിക മീഡിയ സെൽ
മീഡിയ സെല്ലിന്റെ പേരും, ലോഗോയും നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ പ്രകാശനം ചെയ്തു...
സ്വന്തം ലേഖകൻ
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ, ഫെറോനാ ദേവാലയമായ ബാലരാമപുരം വി.സെബസ്ത്യാനോസ് ഇടവകയിൽ മീഡിയ സെൽ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായ തുടക്കം. മീഡിയ സെല്ലിന്റെ പേരും, ലോഗോയും നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ പ്രകാശനം ചെയ്തു. ഫെറോനാ വികാരി ഫാ.ഷൈജു ദാസ് IVDei സന്നിഹിതനായിരുന്നു. ഇടവക വികാരി ഫാ.പയസ് ലോറൻസിന്റെ മേൽനോട്ടത്തിൽ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് ‘സെബാനോസ്’ എന്നു പേരിട്ട മീഡിയ സെൽ ആരംഭിച്ചിരിക്കുന്നത്.
നെയ്യാറ്റിൻകര രൂപതയിലെ ഒരിടവകയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഔദ്യോഗികമായി ഒരു മീഡിയാ സെൽ ആരംഭിക്കുന്നതെന്നും, അതിന് നേതൃത്വം കൊടുത്ത ഫാ.പയസ് ലോറൻസിനെയും, യുവജനങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മീഡിയ സെല്ലിന്റെ പേരും, ലോഗോയും പ്രകാശനം ചെയ്യവേ ബിഷപ്പ് പറഞ്ഞു.
ഇടവക ദേവാലയത്തോടനുബന്ധിച്ചുള്ള ദിവ്യകാരുണ്യ നിത്യാരാധനാ ചാപലിന്റെ ആശീർവാദവും ബിഷപ് നിർവഹിച്ചു. ഒരു ദിവസം ഒരു മണിക്കൂർ എങ്കിലും ദിവ്യകാരുണ്യ സന്നിധിയിൽ ചിലവഴിക്കാൻ ബിഷപ്പ് ഇടവക ജനങ്ങളോട് ആവശ്യപ്പെട്ടു. ഇടവക വിശ്വാസികൾക്കൊപ്പം കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിച്ച പിതാവിന് ഇടവകയുടെ സ്നേഹോപഹാരമായി വൃക്ഷത്തൈയും ബാലരാമപുരം ഇടവക നൽകി.