കൊച്ചി: ദീപിക, മിജാർക്ക്, കെ.സി.വൈ.എം. സംസ്ഥാന സമിതി, ഹോംഗ്രോണ്‍ ബയോടെക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ഫലസമൃദ്ധി 2018’ പദ്ധതിയുടെ സന്ദേശവാഹനം കൊച്ചിയിൽ ഫ്ളാഗ് ഓഫ് ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സി. യിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ എന്നിവർ ചേർന്നാണു ഫ്ളാഗ് ഓഫ് നിർവഹിച്ചത്.
കേരളത്തിലെ കാർഷിക, യുവജന മുന്നേറ്റത്തിനു ഫലസമൃദ്ധി പദ്ധതി മാതൃകയാണെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സീറോ മലബാർ സഭ കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, ദീപിക ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസിസ് ജോസഫ്, ഫലസമൃദ്ധി പദ്ധതിയുടെ ജനറൽ കണ്‍വീനറും മിജാർക്ക് കോ-ഓർഡിനേറ്ററുമായ സിറിയക് ചാഴികാടൻ, കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ റവ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ, പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, ജനറൽ സെക്രട്ടറി എബിൻ ജോ സിറിയക്, വൈസ് പ്രസിഡന്റ് ജോബി ജോണ്‍, സെക്രട്ടറിമാരായ സ്റ്റെഫി സ്റ്റാൻലി, ജോമോൾ ജോസ്, പി. കിഷോർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
“വിഷരഹിത ഫലങ്ങൾ ആരോഗ്യമുള്ള ജനത” എന്ന സന്ദേശവുമായാണു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതിയുടെ സന്ദേശങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്ത വാഹനം വരുംദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.
Related