Diocese

ഫ്രാന്‍സിസ് സേവ്യര്‍ അച്ചന്റേത് മാതൃകയാക്കേണ്ട ധന്യമായ ജീവിതം

ഫ്രാന്‍സിസ് സേവ്യര്‍ അച്ചന്റേത് മാതൃകയാക്കേണ്ട ധന്യമായ ജീവിതം

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: സ്വന്തം ജീവിതത്തെ മഹത്വവല്‍ക്കരിക്കാതെ പാവങ്ങള്‍ക്ക് വേണ്ടിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയും മാറ്റിവച്ചയാളായിരുന്നു ഫ്രാന്‍സിസ് സേവ്യര്‍ അച്ചന്‍. വൈദികനായത് മുതല്‍ അച്ചന്റെ അജപാലന ലക്ഷ്യവും അത് തന്നെയായിരുന്നു. അജപാലന ദൗത്യത്തിനിടയില്‍ തിക്തമായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സങ്കടപ്പെടാതെ, അതും ജീവിതാനുഭവമാണെന്ന കാഴ്ചപ്പാടില്‍ സേവനതല്‍പ്പരതയുടെ മകുടോദാഹരണമായാണ് അച്ചന്റെ ജീവിതയാത്ര അവസാനിക്കുന്നത്.

വൈദീക ജീവിതത്തിലേക്കുള്ള കാൽവെയ്പ്പ്

വൈദീക ജീവിതത്തില്‍ 43 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അച്ചന്‍ നിത്യസമ്മാനത്തിനായി യാത്രയായത്. സ്നേഹത്തിന്റെയും വാത്സല്ല്യത്തിന്റെയും നിറകുടമായാണ് അച്ചനെ വിശ്വാസീ സമൂഹം കാണുന്നത്. പേരയം, പാലുവളളി ലിറ്റില്‍ഫ്ളവര്‍ ഹോമില്‍ ചെല്ലയ്യന്‍ റോസിലി ദമ്പതികളുടെ 11 മക്കളില്‍ 5-Ɔമനായാണ് അച്ചന്റെ ജനനം. 1964-ല്‍ പാളയം സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ ചേര്‍ന്ന് വൈദീക പഠനം ആരംഭിച്ചതോടെ ജീവിതത്തില്‍ സേവനത്തിന്റെ കാല്‍വയ്പ്പിന് തുടക്കമായി.

സെമിനാരി ജീവിതം മുതൽക്കുള്ള സഹപാഠികൾ

നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലും, വികാരി ജനറാള്‍ മോണ്‍.ജി.ക്രിസ്തുദാസും സഹപാഠികളായത് അഭിമാനത്തോടെയാണ് അച്ചന്‍ ഓര്‍ത്തിരുന്നത്. അതുപോലെതന്നെ, ആലുവ പൊന്തിഫിക്കല്‍ സെമിനാരി പഠനകാലത്ത് തൃശൂര്‍ രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആൻഡ്രുസ് താഴത്തും, പോട്ടെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യു നായ്ക്കം പറമ്പിലും, ആകാശപ്പറവയിലൂടെ ശ്രദ്ധിക്കപ്പെട്ട ഫാ.ജോര്‍ജ്ജ് കുറ്റിക്കലും സഹപാഠികളായതും ദൈവനിയോഗമെന്നാണ് അച്ചൻ വിവരിച്ചിരുന്നത്.

വൈദീക സേവന ഇടങ്ങൾ

1977-ല്‍ വൈദീകനായ ശേഷം തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളിലെ പെരിങ്ങമല, പറണ്ടോട്, വട്ടപ്പാറ, കൊണ്ണിയൂര്‍, മാണിക്യപുരം, നെടുമങ്ങാട്, കീഴാറൂര്‍, ആറ്റുപുറം, അന്തിയൂര്‍കോണം, കളളിക്കട് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രേഷിത ദൗത്യത്തിന്റെ വലിയ സന്ദേശവുമായി സേവനം നടത്തി. തന്റെ മരിയ ഭക്തി പ്രഘോഷിക്കുന്നതിലും അദ്ദേഹം ഒട്ടുംതന്നെ വിമുഖത കാട്ടിയിട്ടില്ല.

വിശ്രമജീവിതത്തിലേയ്ക്ക്…

5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പക്ഷാഘാതം വന്ന അച്ചന്‍, വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. തുടര്‍ന്ന്, നെയ്യാറ്റിന്‍കര പത്താകല്ലിന് സമീപത്തെ വിശുദ്ധ ജോൺ പോൾ പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചുവന്ന ഫ്രാന്‍സിസ് അച്ചന്‍ രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം അരമണിക്കൂര്‍ പത്രവായനക്കായി മാറ്റി വച്ചിരുന്നു. സമൂഹത്തെക്കുറിച്ച് ആനുകാലിക വിവരങ്ങൾ അറിയുന്നതിന് അച്ചൻ എന്നും ശ്രദ്ധിച്ചിരുന്നു. ഒരുപക്ഷെ, ഇന്നും റേഡിയോയെ നിരന്തരം ആശ്രയിക്കുന്ന ചുരുക്കം വൈദീകരിൽ ഒരാളായിരുന്നു ഫ്രാൻസിസ് അച്ചൻ. വിശ്രമ ജീവിത കാലത്തും വികാരിജനറല്‍ മോണ്‍.ക്രിസ്തുദാസിനൊപ്പം നിരവധി ഇടവകകളില്‍ ദിവ്യബലിയര്‍പ്പണത്തില്‍ പങ്ക് ചേരാനായി പോകുന്നത് പതിവായിരുന്നു.

അജപാലന ജീവിതത്തില്‍ നിശബ്ദ സുവിശേഷകനായി ജീവിച്ചാണ് എഴുപതാമത്തെ വയസില്‍ അച്ചന്‍ യാത്രയാകുന്നത്.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker