ഫ്രാന്‍സിസ് പാപ്പാ യുവജനങ്ങളെ പനാമയിലേക്ക് ക്ഷണിക്കുന്നു
ഫ്രാന്‍സിസ് പാപ്പാ യുവജനങ്ങളെ പനാമയിലേക്ക് ക്ഷണിക്കുന്നു
![](https://catholicvox.com/wp-content/uploads/2018/11/cq5dam.thumbnail.cropped.750.422-28-750x405.jpeg)
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാന്‍ സിറ്റി: തെക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ 2019 ജനുവരി 22-മുതല്‍ 27-വരെയുള്ള തീയതികളിലായി നടക്കുന്ന 34-ാ മത് ലോകയുവജന സംഗമത്തിന് പാപ്പായുടെ പ്രത്യേക ക്ഷണം. പരിശുദ്ധ മറിയത്തിന് സമര്‍പ്പണത്തിരുനാളിന്റെ അരൂപിയില്‍ ജാതിമത ഭേദമെന്യേ ലോകത്തുള്ള സകല യുവജനങ്ങളെയും വീഡിയോ സന്ദേശത്തിലൂടെ സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.
ദൈവത്തിന്റെ പദ്ധതി തിരിച്ചറിഞ്ഞ് പ്രതികരിച്ച നസ്രത്തിലെ യുവതിയായ മറിയത്തെപ്പോലെ ജീവിതമേഖലകളില്‍ നമ്മുടെ കഴിവും കരുത്തും പൂര്‍ണ്ണമായി സമര്‍പ്പിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. ദൈവത്തിന്റെ വിളിയോട് മറിയം സമ്പൂര്‍ണ്ണ സമ്മതം നല്കിയതില്പ്പിന്നെ അവള് മറ്റുള്ളവര്‍ക്കായി ജീവിക്കാനും, അതിനായി അകലങ്ങളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടാനുള്ള ധീരത പ്രകടമാക്കിയതും പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
യുവജനങ്ങള്‍ വിശ്വാസികളോ അവിശ്വാസികളോ ആവട്ടെ, നിങ്ങളുടെ പഠനത്തിന്റെ അവസാന ഭാഗത്ത് എത്തുമ്പോള്‍ മറ്റുള്ളവര്‍ക്കായി, പ്രത്യേകിച്ച് ജീവിതത്തില്‍ ക്ലേശിക്കുന്നവര്‍ക്കായി നന്മചെയ്യണമെന്നു തോന്നുന്നത് സ്വാഭാവികമാണ്. ഇത് എല്ലാ യുവജനങ്ങള്‍ക്കുമുള്ള ക്രിയാത്മകമായ കരുത്താണ്. തീര്‍ച്ചയായും ലോകത്തെ പരിവര്‍ത്തനംചെയ്യാന്‍ പോരുന്ന കരുത്താണ് യുവജനങ്ങള്‍ക്കുള്ളത്. അത് സേവനത്തിനുള്ള കരുത്താണ്. ലോകത്തെ ഏതു ശക്തിയെയും മാറ്റിമാറിക്കാന്‍ യുവശക്തിക്കു കരുത്തുണ്ടെന്ന് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിക്കുന്നു.
തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നു അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചിരിക്കുന്നത്.