സ്വന്തം ലേഖകൻ
കൊച്ചി: കൃതജ്ഞതയും പ്രാർത്ഥനകളുമായി സംഗമിച്ച ആയിരങ്ങളെ സാക്ഷിയാക്കി ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി പ്രഖ്യാപനം. ധന്യന്റെ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണു ശുശ്രൂഷകൾ ആരംഭിച്ചത്. ധന്യപദവി പ്രഖ്യാപനശേഷം നടന്ന കൃതജ്ഞതാ ദിവ്യബലിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. ധന്യനായ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ വീരോചിതമായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ നമുക്കു സാധിക്കണമെന്ന് അദ്ദേഹം വചനസന്ദേശത്തിൽ ഓർമിപ്പിച്ചു.
ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ എന്നിവർ സഹകാർമികരായി.
പള്ളിയിലെ ധന്യന്റെ കബറിടത്തിനു മുമ്പിൽ നടന്ന പ്രത്യേക പ്രാർത്ഥനാശുശ്രൂഷയ്ക്കു ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് നേതൃത്വം നൽകി.
പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കാഞ്ഞൂർ ഫൊറോന വികാരി റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ, എസ്.ഡി. സുപ്പീരിയർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ, പോസ്റ്റുലേറ്റർമാരായ സിസ്റ്റർ ഗ്രേസ് കൂവയിൽ, സിസ്റ്റർ റോസ് ലിൻ ഇലവനാൽ, കോർപറേഷൻ കൗണ്‍സിലർ സി.കെ. പീറ്റർ, കോന്തുരുത്തി ഇടവക ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, പയ്യപ്പിള്ളി-പാലയ്ക്കാപ്പിള്ളി ഫാമിലി അസോസിയേഷൻ രക്ഷാധികാരി ടോമി പാലയ്ക്കാപ്പിള്ളി, സിസ്റ്റർ സുമ, അബിൻ ജിജോ, ലില്ലി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
ധന്യന്റെ ജീവിതം പ്രമേയമാക്കി കുഴിപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ് ടീമിന്റെ നൃത്താവതരണം, ഡോക്യുമെന്ററി പ്രദർശനം എന്നിവയുണ്ടായിരുന്നു.
മോൺ. ആന്റണി നരികുളം, കോന്തുരുത്തി പള്ളി വികാരി ഫാ. മാത്യു ഇടശേരി, കൈക്കാരന്മാരായ ഫിലിപ്പ് ജോണ്‍, ബെന്നി ചെറിയാൻ, മുൻ പാസ്റ്ററൽ കൗണ്‍സിൽ എക്സിക്യൂട്ടീവ് അംഗം ബോബി ജോണ്‍ മലയിൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.
അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യനായി ഉയർത്താനുള്ള ഔദ്യോഗികരേഖയിൽ കഴിഞ്ഞ 14-നാണു വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ ഒപ്പുവച്ചത്.
Related