ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീക ശരീരം കാര്‍മ്മല്‍ഹില്‍ ആശ്രമദേവാലയത്തിനുളളിലെ പുതിയ കല്ലറയിലേക്ക് മാറ്റി
ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീക ശരീരം കാര്‍മ്മല്‍ഹില്‍ ആശ്രമദേവാലയത്തിനുളളിലെ പുതിയ കല്ലറയിലേക്ക് മാറ്റി
അനിൽ ജോസഫ്
തിരുവനന്തപുരം: ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീക ശരീരം പാങ്ങോട് കാര്‍മ്മല്‍ ഹില്ലിലെ ആശ്രമ ദേവാലയത്തിനുളളിലേക്ക് മാറ്റി. ഇനി കാര്‍മ്മല്‍ഹില്ല് ദേവാലയത്തിനുളളില്‍ ബിഷപ്പ് ബന്‍സിഗര്‍ അന്ത്യവിശ്രമം കൊളളുന്ന അള്‍ത്താരയ്ക്ക് ഇടത് വശത്തായുളള കല്ലറക്ക് സമീപമായിരിക്കും ഫാ.അദെയോദാത്തസും അന്ത്യവിശ്രമം കൊളളുക.
ഇന്ന് വൈകിട്ട് ഫാ.അദെയോദാത്തൂസ് സേവനം ചെയ്ത ദേവാലയങ്ങളില്‍ പ്രദക്ഷിണം ചെയ്ത വിശ്വാസ ദീപശിഖ കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസില്‍ നിന്നും കര്‍മ്മലീത്താ മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപ്പാട്ട് ഏറ്റുവാങ്ങി.
തുടര്‍ന്ന്, പഴയകല്ലറയില്‍ നിന്ന് പുറത്തെടുത്ത ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീകശരീരം ദേവാലയത്തിലേക്ക് പ്രദക്ഷിണമായെത്തിച്ചു. തുടര്‍ന്ന്, ലത്തീന്‍ ഭാഷയില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വിശ്വാസികള്‍ക്ക് അച്ചന്‍റെ ഭൗതീക ശരീരമടങ്ങുന്ന പെട്ടി തൊട്ട് പ്രാര്‍ത്ഥിക്കാനുളള അവസരവും ഉണ്ടായിരുന്നു. തുടര്‍ന്ന്, പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം അച്ചന്‍റെ ഭൗതീക ശരീരം ബിഷപ്പ് ബെന്‍സിഗറിന്‍റെ കല്ലറയ്ക്ക് സമീപം പ്രത്രേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്കരിച്ചു.