ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസ പദവി; ഔദ്യോഗിക നടപടി ക്രമങ്ങള്‍ നാളെ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ആരംഭിക്കും
ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസ പദവി; ഔദ്യോഗിക നടപടി ക്രമങ്ങള്‍ നാളെ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ആരംഭിക്കും
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: “മുതിയാവിള വലിയച്ചന്‍” എന്ന് അറിയപ്പെടുന്ന ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസ പദവി പ്രഖ്യാപനത്തിന്‍റെ ഔദ്യോഗിക നടപടി ക്രമങ്ങള്‍ ഒക്‌ടോബർ 13-ന് നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ആരംഭിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി രാവിലെ 11-ന് രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഫാ.അദെയോദാത്തൂസിന്‍റെ ചിത്രം അനാശ്ചാദനം ചെയ്തുകൊണ്ട് നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കും.
ദൈവദാസ പദവിയുടെ രൂപതാതല നടപടി ക്രമങ്ങള്‍ക്ക് ആദ്യോഗികമായി നേതൃത്വം കൊടുക്കാനായി എപ്പിസ്കോപ്പല്‍ ഡെലിഗേറ്റായി മോണ്‍.ഡി.സെല്‍വരാജനും, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസായി രൂപതാ ട്രിബ്യുണൽ ജഡ്ജ് റവ. ഡോ.രാഹുല്‍ലാലും, നോട്ടറിയായി രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേലും ബിഷപ്പിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ചാര്‍ജ്ജ് ഏറ്റെടുക്കും. തുടര്‍ന്ന്, രൂപതാ തലത്തിലുളള ദൈവദാസ പ്രഖ്യാപനം ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നടത്തുന്നതോടെ ദൈവദാസപദവിയിലേക്കുളള നടപടി ക്രമങ്ങള്‍ ആരംഭിക്കും.
1947-ല്‍ ഇന്നത്തെ നെയ്യാറ്റിന്‍കര രൂപതയില്‍ സേവനത്തിനായി എത്തിയ ഫാ.അദെയോദാത്തൂസ് ഇന്ത്യയില്‍ ജീവിച്ച 40 കൊല്ലത്തില്‍ 20 കൊല്ലവും നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള ദേവാലയം കേന്ദ്രീകരിച്ചാണ് മിഷന്‍ പ്രവര്‍ത്തനം നടത്തിയത്. മുതിയാവിള കേന്ദ്രീകരിച്ച് 10 ദേവാലയങ്ങളില്‍ സൈക്കിളിലും കാല്‍നടയായും മിഷന്‍ പ്രവര്‍ത്തനം നടത്തിയ അച്ചന്‍ 1968 ഒക്ടോബര്‍ 10-ന് ഇഹലോക വാസം വെടിഞ്ഞു.
ഈ മാസം 20-ന് പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റെ നേതൃത്വത്തിൽ, ഫാ.അദെയോദാത്തൂസ് ദൈവദാസ പദവിയിലെത്തുന്നതിന്‍റെ നന്ദി സൂചകമായി കൃതജ്ഞതാ ബലി അര്‍പ്പിക്കും.
ദൈവദാസ പദവിയുടെ രൂപതാതല നടപടി ക്രമങ്ങള്‍ ദ്യോഗികമായി ആരംഭിക്കുവാനായി, നെയ്യാറ്റിൻകര ബിഷപ്സ് ഹൗസില്‍ നടക്കുന്ന പരിപാടികളില്‍ രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ശുശ്രൂഷാ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റുഫസ് പയസലീന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.