ഫാ.അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി; വിശുദ്ധ പദവിലേക്ക് ഉയര്‍ത്താനുളള നാമകരണ നടപടികള്‍ക്ക് തുടക്കമായി
ഫാ.അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി; വിശുദ്ധ പദവിലേക്ക് ഉയര്‍ത്താനുളള നാമകരണ നടപടികള്‍ക്ക് തുടക്കമായി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കര്‍മ്മിലീത്താ വൈദികനും മിഷണറിയുമായിരുന്ന ഫാ.അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ഇന്ന് 11-നാണ് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സുമുവല്‍ പ്രഖ്യാപനം നടത്തിയത്.
ചടങ്ങില്‍ വത്തിക്കാനില്‍ നിന്ന് ഫാ.അദെയോദാത്തുസിനെ ദൈവദാസ പദവിയില്‍ ഉയര്‍ത്തികൊണ്ടുളള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഔദ്യോഗിക അറിയിപ്പ് രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ വായിച്ചു. തുടര്‍ന്ന്, നാമകരണ നടപടികള്‍ തുടങ്ങുന്നതിനുളള സമ്മതം അറിയിച്ചുകൊണ്ടുളള പ്രഖ്യാപനം കര്‍മ്മലീത്താ മലബാര്‍ പ്രൊവിന്‍സ് സുപ്പീരിയര്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപാട്ട് നടത്തി.
തുടര്‍ന്ന്, ഫാ.അദെയോദാത്തൂസിന്‍റെ ലഘു ജീവചരിത്രം ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ വായിച്ചു. നാമകരണ നടപടികള്‍ക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് നേതൃത്വം കൊടുക്കുന്ന നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്ററും ജുഡീഷ്യൽ വികാറുമായ മോണ്‍.ഡി.സെല്‍വരാജന്‍ എപ്പിസ്കോപ്പല്‍ ഡെലിഗേറ്റായും, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ നോട്ടറിയായും രൂപതാ ട്രിബ്യൂണല്‍ ജഡ്ജ് ഡോ.രാഹുല്‍ ലാല്‍ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസായും സത്യ പ്രതിജ്ഞ ചെയ്ത് ചുമതലകള്‍ ഏറ്റെടുത്തു.
നെയ്യാറ്റിന്‍കരയില്‍ നടന്ന ചടങ്ങില്‍, നാമകരണ നടപടികളുടെ ഭാഗമായി കര്‍മ്മലീത്താ സഭയില്‍ നിന്ന് വൈസ് പോസ്റ്റുലേറ്ററായി ഫാ.സക്കറിയാസ് കരിയിലക്കുളം സത്യപ്രതിജ്ഞ ചെയ്തു. നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ കര്‍മ്മലീത്താ സഭയുടെ സുപ്പീരിയര്‍ ജനറല്‍ വത്തിക്കാനില്‍ നിന്നുളള ഫാ.റൊമാനോ ഗാമ്പലുങ്ക ഓ.സി.ഡി.യാണ്.
ചടങ്ങില്‍ ഫാ.അദെയോദാത്തുസിന്‍റെ ചിത്രം ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ അനാശ്ചാദനം ചെയ്തു. രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ- ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ് മുതിയാവിള ഇടവക വികാരി ഫാ.വല്‍സലന്‍ ജോസ്, പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമത്തിലെ വൈദികര്‍, നെയ്യാറ്റിന്‍കര രൂപതയിലെ വൈദികര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.