പ്രോക്രാറ്റസിന്റെ കിടക്കയും… നമ്മളും.
ആപത്തനർത്ഥങ്ങളിൽ അകപ്പെടാതെ ദൈവകൃപയുടെ തണലിൽ വ്യാപരിക്കാം...
ഗ്രീക്ക് പുരാണത്തിലെ കഥാനായകനാണ് പ്രോക്രാറ്റസ്. ദാനശീലനും, സമ്പന്നനും, ഉദാരമതിയുമാണദ്ദേഹം. വഴിയാത്രക്കാർക്ക് വിശ്രമിക്കാൻ വനമധ്യത്തിൽ അദ്ദേഹം ഒരു സത്രം നടത്തുന്നുണ്ട്. ഭക്ഷണത്തിനോ, വിശ്രമത്തിനോ ആരിൽനിന്നും ചില്ലിക്കാശ് വാങ്ങുമായിരുന്നില്ല. അധികമാർക്കും അദ്ദേഹത്തിനെ പരിചയമില്ല. എങ്കിലും, അദ്ദേഹത്തിന് നല്ല പേരും പ്രശസ്തിയും ജനമധ്യത്തിൽ ഉണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം വളരെ മനോഹരമായ ഒരു മുറി ഉറങ്ങുന്നതിന് വേണ്ടി നൽകും. മുറിയിൽ ഒരു വാചകം ചുവരിൽ എഴുതി വച്ചിട്ടുണ്ട് “ഈ കിടക്ക (കട്ടിൽ) നിങ്ങൾക്ക് പാകമാകാതെ വന്നാൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കുള്ളതാണ്”.
ഉറങ്ങുന്നതിന് മുൻപ് പ്രോക്രാറ്റസ് ആരോഗ്യ ദൃഢഗാത്രരായ രണ്ടു സേവകന്മാരോടൊപ്പം അതിഥിയുടെ മുറിയിൽ വരും. നല്ല നീളവും വീതിയും ഉള്ള കട്ടിൽ! കട്ടിലിനേക്കാൾ അതിഥിക്ക് നീളം കുറവാണെങ്കിൽ കൈകളും കാലുകളും അതിന് യോജിച്ച വിധത്തിൽ വലിച്ചു നീട്ടും. അസ്ഥികളും, ഞരമ്പുകളും, കോശങ്ങളും വലിഞ്ഞു മുറുകുകയും പിറ്റേദിവസത്തെ പ്രഭാതം കാണാതെ മരണത്തെ സ്വീകരിക്കും. ഇനി, കട്ടിലിനേക്കാൾ അതിഥിക്ക് കൈകാലുകൾക്ക് നീളം കൂടുതലാണെങ്കിൽ സേവകന്മാർ നീളം കൂടിയ കൈകളും കാലുകളും മുറിച്ചു മാറ്റും…! ആ അതിഥിക്കും പിറ്റേദിവസത്തെ സൂര്യോദയം കാണാൻ ഭാഗ്യം ഉണ്ടാവില്ല. ഒരു കാര്യം വ്യക്തം. ‘ഒരിക്കലും അതിഥികൾക്ക്’ യോജിച്ച കട്ടിൽ ആയിരിക്കുകയില്ല സത്രത്തിൽ ഉള്ളത്!
വരികൾക്കിടയിലൂടെ വായിക്കുമ്പോൾ പ്രോക്രാറ്റസ് പറയാതെ പറഞ്ഞു വയ്ക്കുന്ന ചില വസ്തുതകളുണ്ട്. അധ്വാനിക്കാതെ, വിയർക്കാതെ അന്യന്റെ ഔദാര്യത്തിൽ കഴിക്കുന്ന ഭക്ഷണം, ലഭിക്കുന്ന സുഖം ആപത്തിനെ ക്ഷണിച്ചുവരുത്തും. അപരന്റെ കിടക്ക നമുക്കൊരിക്കലും അത്യന്തികമായ സന്തോഷം പ്രദാനം ചെയ്യുകയില്ല. അതിഥി സൽക്കാരം നൽകുന്നവർക്ക് ഒരു “ഹിഡൻ അജണ്ട” ഉണ്ടായിരിക്കും. പ്രതിഫലം കൂടാതെ കിട്ടുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കരുത്. ചുവരിൽ രേഖപ്പെടുത്തിയ ലിഖിതങ്ങൾ മുൻകൂട്ടി വായിച്ചിരുന്നുവെങ്കിൽ ആ ആതിഥ്യം നാം നിരസിക്കുമായിരുന്നു. അതെ, കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ചു ഗ്രഹിക്കാൻ നമുക്ക് പരിശ്രമിക്കാം. പ്രലോഭനങ്ങളിൽ നിന്നും, പാപ സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുവാൻ, സ്നേഹം നടിച്ച് നമ്മെ കെണിയിൽ പെടുത്തുന്ന തിന്മയുടെ സാഹചര്യങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും ബോധപൂർവ്വം ഒഴിഞ്ഞുമാറുവാൻ ജാഗ്രതയുള്ളവരാകാം. സ്നേഹത്തിന്റെയും, പ്രേമത്തിന്റെയും ഇക്കിളിപ്പെടുത്തുന്ന പൊള്ളയായ വാഗ്ദാനങ്ങളുടെ വശീകരണ തന്ത്രങ്ങളിൽ അകപ്പെടാതിരിക്കാൻ ജാഗ്രതയുള്ളവരാകാം. ജീവിതത്തിൽ ഉറച്ച നിലപാടും, ബോധ്യങ്ങളുമുള്ള വ്യക്തികളാകാം. പൊന്നും, പണവും, കള്ളും, പെണ്ണും, മണ്ണും എക്കാലത്തെയും പ്രലോഭന തന്ത്രങ്ങളാണ്. ദിശാബോധമുള്ള ജീവിതം നയിക്കുവാൻ സൂക്ഷ്മതയോടെ വ്യാപാരിക്കാം. അന്ധകാരത്തിന്റെ മക്കൾ പ്രകാശത്തിന്റെ മക്കളെക്കാൾ സൂത്രശാലികളാണ്. ത്യാജ്യഗ്രാഹ്യ വിവേചന ശക്തിയോടുകൂടെ വസ്തുതകളെ അപഗ്രഥിച്ചു മുന്നേറാം. മറ്റുള്ളവർ വച്ചുനീട്ടുന്ന കട്ടിൽ നമുക്കൊരിക്കലും പാകമാകുന്നതല്ല… അപരന്റെ കട്ടിൽ പങ്കിടാനുള്ള മോഹം അധമ വികാരത്തെ താലോലിക്കുന്ന അവിഹിതബന്ധത്തിന്റെ പ്രതീകം കൂടിയാണ്.
ആധുനിക പ്രോക്രാറ്റസുമാർ “മൊബൈൽഫോണി”ലൂടെ ഒരുക്കുന്ന കെണികൾ കാണാതെ പോകരുത്. പ്രതിലോ മശക്തികളിൽ നിന്ന് രക്ഷനേടാൻ ദൈവാശ്രയ ബോധമുള്ളവരാകാം കുടുംബബന്ധങ്ങളെ സ്നേഹിക്കുവാനും, മാനിക്കുവാനും പ്രതിജ്ഞാബദ്ധരാകാം. സാമൂഹ്യ ജീവിയെന്നനിലയിൽ സമൂഹത്തോടുള്ള കടമയും, കടപ്പാടും മറക്കാതിരിക്കാം. കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതിൽ അതീവ സൂക്ഷ്മതയും, ജാഗ്രതയും പാലിക്കാം. ആപത്തനർത്ഥങ്ങളിൽ അകപ്പെടാതെ ദൈവകൃപയുടെ തണലിൽ വ്യാപരിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.