പ്രിയ വൈദികനെ കാണാന്‍ ആയിരങ്ങള്‍ ആശുപത്രിയില്‍
പ്രിയ വൈദികനെ കാണാന്‍ ആയിരങ്ങള്‍ ആശുപത്രിയില്‍
അങ്കമാലി: പ്രിയ വൈദികൻ ഫാ. സേവ്യർ തേലക്കാട്ടിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിൽ നിന്നു ബന്ധുക്കളും ഇടവക ജനങ്ങളും ഇതുവരെ മുക്തരായിട്ടില്ല. വൈദികന്റെ വേർപാട് വിശ്വസിക്കാനാകാതെ അവർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. ആശുപത്രി പരിസരം മിനിറ്റുകൾക്കകം ജനസാഗരമായി മാറി. ഇന്നലെ 1.30-നാണു ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വൈദികനെ എത്തിച്ചത്.
ജില്ലാ റൂറൽ പൊലീസ് മേധാവി എ.വി. ജോർജ്, സി.ഐ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇതിനിടെ വിവരമറിഞ്ഞു ബന്ധുക്കളും വിശ്വാസികളും നാട്ടുകാരുമെത്തി. സങ്കടം അടക്കാനാകാതെ ബന്ധുക്കളും മറ്റും പൊട്ടിക്കരഞ്ഞു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ബന്ധുക്കളെ ആശ്വസിപ്പിച്ചു. നാലു മാസം മുൻപു ഫാ. സേവ്യർ തേലക്കാട്ടിനെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കായി എൽ.എഫ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി , സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, ഫൊറോന വികാരിമാരായ ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. വർഗീസ് പൊട്ടക്കൻ, ഫാ. ജോസ് ഇടശേരി, ഫാ. മാത്യു മണവാളൻ, ഫാ. വർഗീസ് പാലാട്ടി, മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ഡോ. ജോൺ തേയ്ക്കാനത്ത്, കെ.സി.വൈ.എം. അതിരൂപത ഡയറക്ടർ ഫാ. സുരേഷ് മൽപാൻ, അതിരൂപത പ്രസിഡന്റ് ടിജോ പടയാട്ടിൽ, സി.എം.എൽ. ഡയറക്ടർ ഫാ. പോൾ കോട്ടയ്ക്കൽ, സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ്, മുൻ എം.എൽ.എ. പി.ജെ. ജോയി തുടങ്ങിയവരും സ്ഥലത്തെത്തി.