പ്രാര്‍ഥനാ ഗീതങ്ങളാല്‍ മുഖരിതം; മരിയാപുരം കര്‍മ്മലമാതാ ദേവാലയം ആശീര്‍വദിച്ചു
പ്രാര്‍ഥനാ ഗീതങ്ങളാല്‍ മുഖരിതം; മരിയാപുരം കര്‍മ്മലമാതാ ദേവാലയം ആശീര്‍വദിച്ചു
സ്വന്തം ലേഖകന്‍
നെയ്യാറ്റിൻകര: നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന മരിയാപുരം പരിശുദ്ധ കര്‍മ്മലമാതാ ഇടവക കുടുബത്തിന് പുതിയ ദേവാലയം ആശീര്‍വദിച്ചു. കൊല്ലം മുന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍ ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ദേവാലയങ്ങള്‍ പ്രാർത്ഥനയുടെ കേന്ദ്രമാകുമ്പോഴാണ് അത്‌മീയ ചൈതന്യത്തിന്റെ വരപ്രസാദം ഉണ്ടാവുകയെന്ന് ബിഷപ് സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. ദേവാലയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ നാടിന് ശാന്തിയും സാമാധാനവും പ്രധാനം ചെയ്യുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ദേവാലയത്തിനുമുന്നില്‍ പുതിയതായി പണികഴിപ്പിച്ച കൊടിമരം പാറശാല മലങ്കര രൂപതാ ബിഷപ് തോമസ് മാര്‍ യൗസേബിയോസ് ആശീര്‍വദിച്ചു.
പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും, വചന പ്രഘോഷണത്തിന് പുനലൂര്‍ ബിഷപ് ഡോ. സിൽവിസ്റ്റര്‍ പൊന്നുമുത്തനും നേതൃത്വം നല്‍കി.
നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ്, പള്ളോട്ട്യന്‍ സഭാ പ്രൊവിന്‍ഷ്യല്‍ വര്‍ഗ്ഗീസ് പുല്ലന്‍, നെയ്യാറ്റിന്‍കര രൂപതാ രൂപതാ ജൂഡീഷ്യല്‍ വികാര്‍ ഡോ. സെൽവരാജന്‍, ഇടവക വികാരി ഫാ. ബനഡിക്‌ട് കണ്ണാടന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
വൈകിട്ട് 4-ന് തന്നെ ദേവാലയത്തിന് മുന്നില്‍ ബിഷപ്പുമാരെ സ്വീകരിച്ചു. തുടര്‍ന്ന് 4 ഘട്ടങ്ങളായി നടന്ന തിരുകര്‍മ്മങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളും നാട്ടുകാരും പങ്കെടുത്തു.