പ്രാര്‍ത്ഥനാ പരസ്യങ്ങളും, അത്ഭുത രോഗശാന്തി പത്രങ്ങളും, കേരള കത്തോലിക്കാസഭയും
കത്തോലിക്കാ സഭാ നേതൃത്വം ഉണർന്ന് പ്രവർത്തിച്ചെ മതിയാവൂ...
ജോസ് മാർട്ടിൻ
സോഷ്യല്‍ മീഡിയയില്‍ പതിവായി കാണുന്ന പരസ്യമാണ് “പ്രാര്‍ത്ഥനാ സഹായത്തിനായി ഞങ്ങളെ വിളിക്കുക നിങ്ങളുടെ ആവശ്യങ്ങള്‍, പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ ഞാന്‍ /ഞങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം”.
ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് എത്ര തെറ്റായ സന്ദേശമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്, സഭ ഇതാണോ പഠിപ്പിക്കുന്നത് ? ഇത്തരത്തിലുള്ള അബദ്ധ പ്രചോദനങ്ങൾ, ഒരു വിശ്വാസിയെ ‘നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ തമ്പുരാന്‍ ശ്രവിക്കില്ലയെന്നും, ഞങ്ങളെ പോലുള്ളവര്‍ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പിതാവ് ഉത്തരം നല്‍കുകയുള്ളൂ’ എന്നുമുള്ള അബദ്ധ ധാരണ പടർത്തുവാനല്ലേ ഉപകരിക്കുകയുള്ളൂ. ഇതുപോലുള്ള പരസ്യങ്ങള്‍ സാധാരണ ജനങ്ങളില്‍ തങ്ങളുടെ പ്രാര്‍ത്ഥനയിലുള്ള വിശ്വാസവും താല്പര്യവും നഷ്ടപ്പെടുത്തി, തങ്ങള്‍ നേരിട്ട് പ്രാര്‍ത്ഥിച്ചാല്‍ ഒന്നും ലഭിക്കുകയില്ല എന്ന മിഥ്യാ ധാരണ വളര്‍ത്തി, വിശ്വാസികളിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുകയെ ഉള്ളൂ.
കർത്താവായ ക്രിസ്തു എല്ലാദിവസവും പ്രാർത്ഥിക്കാനായി മലമുകളിലേക്ക് പോകുമായിരുന്നുവെന്ന് ബൈബിൾ പലയാവർത്തി പറയുന്നുണ്ട്. കൂടാതെ ക്രിസ്തു തന്നെ പറയുന്നു; നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കതകടച്ച്, രഹസ്യമായി നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കുവിൻ. പരിശുദ്ധ കന്യകാമറിയം സെഹിയോൻ ഊട്ടുശാലയിൽ ശിഷ്യന്മാരോടൊപ്പം പ്രാർത്ഥിച്ചിരുന്നത് ബൈബിൾ വ്യക്തമായി പ്രതിപാദിക്കുന്നുമുണ്ട്.
ക്രിസ്തു നമുക്കായി നൽകിയ വിശുദ്ധ കുര്‍ബാനയർപ്പണ സമയത്തേക്കാൾ ഉന്നതമായ ഒരിടവും പ്രാർത്ഥനയ്ക്കായി ഉണ്ടെന്നു കരുതുന്നില്ല. വിശുദ്ധ കുർബാനയർപ്പണത്തിൽ വൈദീകനോടൊപ്പം ബലിയർപ്പിക്കുമ്പോൾ അർപ്പിക്കുന്ന അപ്പവും വീഞ്ഞും പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ തന്നെ ശരീരത്തെയും രക്തത്തെയും അല്ലെ. അതുതന്നെയല്ലേ സഭയുടെ അടിസ്ഥാന പ്രബോധനവും. ഓർക്കേണ്ടത് യേശുവിന്റെ വാക്കുകൾ തന്നെ; ‘നിനക്ക് ഒരു കടുക് മണിയോളമെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മലയോട് മാറി കടലിൽ പതിക്കാൻ പറഞ്ഞാൽ അതനുസരിക്കും’, ‘ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും മുട്ടുവിൻ നിങ്ങൾക്കായി തുറന്നു കിട്ടും’.
‘ചോദിക്കുകയും, അന്വേഷിക്കുകയും മുട്ടുകയും ചെയ്യേണ്ടത് ആരോട്’ എന്നതാണ് പ്രശ്നം. പത്രങ്ങളിൽ, സോഷ്യൽ മീഡിയകളിൽ പരസ്യവുമായി സമീപിക്കുന്നവരോടാണോ ചോദിക്കുകയും, അന്വേഷിക്കുകയും മുട്ടുകയും ചെയ്യേണ്ടത്? ഒരു മകൻ, ഒരാവശ്യം വന്നാല്‍ അവന്റെ പിതാവിനോടോ മാതാവിനോടോ അല്ലെ ചോദിക്കുക, അല്ലാതെ ഒരിക്കലും അടുത്ത വീട്ടിലെ ചേട്ടനെയോ ചേച്ചിയോ സമീപിക്കില്ലല്ലോ? അപ്പോൾ ക്രിസ്തു പറഞ്ഞതുപോലെ ‘രഹസ്യമായി നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിനെ തന്നെയല്ലേ നാം സമീപിക്കേണ്ടത്?
അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുന്‍പേ നമ്മെ കുറിച്ച് പദ്ധതിയുള്ള സര്‍വശക്തന്‍, തലയിലെ മുടിയിഴകൾപോലും എണ്ണപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞവൻ നമ്മുടെ ന്യായമായ ആവശ്യങ്ങള്‍ നമുക്ക് നല്കാതിരിക്കുമോ?
മദ്ധ്യസ്ഥ പ്രാര്‍ത്ഥന സഭ അനുവദിക്കുന്നുണ്ട്. അത് ഭൂമിയില്‍ വിശുദ്ധ ജീവിതം നയിച്ച്, കടന്നുപോയി, ഒടുവിൽ സഭ കാനോനികമായി അംഗീകരിച്ച്, തിരുസഭയിൽ വിശുദ്ധന്മാരായി നമുക്ക് നൽകിയവരോടാണ്. ഈ വിശുദ്ധന്മാരാവട്ടെ ഒരിക്കലും പരസ്യം കൊടുത്ത് പ്രാർത്ഥനയ്ക്കായുള്ള നിയോഗങ്ങൾ തേടിപ്പോയില്ല. ചുരുക്കത്തിൽ, പേരിനും പ്രശസ്തിക്കും വേണ്ടി നാലാംകിട പരസ്യങ്ങള്‍ നൽകിയിരുന്നില്ല എന്ന് സാരം.
പത്രത്തിൽ കണ്ട ഈ പരസ്യങ്ങളെ കുറിച്ച് അറിയാന്‍ കേരളത്തിലെ വളരെ പ്രശസ്തമായ ഒരു കേന്ദ്രത്തിലെ നമ്പറില്‍ വിളിച്ചപ്പോള്‍ കിട്ടിയ ഉത്തരം വളരെ വിചിത്രമായിരുന്നു. ഫോണ്‍ എടുത്ത സ്ത്രീ എല്ലാം കേട്ടതിനു ശേഷം ‘ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം, പക്ഷെ ഞങ്ങളുടെ പത്ത് സി.ടി. വാങ്ങി പത്ത് പേര്‍ക്ക് കൊടുക്കണം, അപ്പോള്‍ നിങ്ങളുടെ പാപങ്ങള്‍ മോചിക്കപ്പെടും’. എന്തൊരു വിരോധാഭാസം.
പിന്നെ, ചിലര്‍ തങ്ങളുടെ ‘അത്ഭുത രോഗശാന്തി നല്‍കുന്ന പത്രം’ പ്രചരിപ്പിക്കുന്നു. ഇവര്‍ പറയുന്ന ന്യായം ‘വെഞ്ചരിച്ച പത്രമാണ് അതുകൊണ്ടാണ് അത്ഭുത രോഗശാന്തി ലഭിക്കുന്നത് എന്ന്’. ശരി സമ്മതിച്ചു, “വെഞ്ചരിച്ചു നല്‍കിയാല്‍ സുഖം പ്രാപിക്കുമെന്ന്” കൊടുക്കുന്ന ആള്‍ക്ക് വിശ്വാസം ഉണ്ടെങ്കില്‍ അത് തങ്ങളുടെ പേരില്‍ ഉള്ള പത്രം തന്നെ വേണോ? ജലം വെഞ്ചരിച്ച് കൊടുക്കരുതോ? ഈ പത്രം വെഞ്ചരിച്ചു നല്കുന്നത് അത്രയും വലിയ വിശുദ്ധ വസ്തുവായിട്ടാണെങ്കിൽ, പത്ത് പേര്‍ കുടുന്നിടത്തെല്ലാം വിതരണം ചെയുന്ന പത്രം ചിലരെങ്കിലും അലക്ഷ്യമായി വലിച്ചെറിയുകയും ആളുകള്‍ അതിന്റെ മുകളില്‍ ചവിട്ടി നടക്കുകയും ചെയ്യുമ്പോൾ, ചവിട്ടുകൊട്ടയില്‍ നിക്ഷേപിക്കപ്പെടുമ്പോൾ അതിന്റെ വിശുദ്ധിയെ ആര് പരിപാലിക്കും. സത്യത്തിൽ, പലരും അത്ഭുതസാക്ഷ്യങ്ങളായി നൽകുന്നവയെ ഇത്തരത്തിൽ പ്രിന്റുചെയ്തു പ്രസിദ്ധീകരിക്കുന്നതും, ഉടമ്പടി പ്രാർത്ഥനയുടെ പേരിൽ ‘ദൈവവുമായുള്ള ഉടമ്പടിയുടെ ഭാഗമായി’ കൃപാസനം പത്രം നിർബന്ധിപ്പിച്ച് വാങ്ങിപ്പിക്കുന്നതിലും, കൂടാതെ വീടുകളിലും, പൊതുസ്ഥലങ്ങളിലും, ആളുകൾ കൂടുന്ന ഇടങ്ങളിലുമൊക്കെ നൽകണമെന്ന് പറയുന്നതിനുപിന്നിൽ കച്ചവട താല്പര്യം മാത്രമല്ലെ ഉള്ളൂ. അത്മീയശുശ്രൂഷകളെ ഇത്തരത്തിൽ അധപ്പതിപ്പിക്കുന്നത് അഭികാമ്യമേ അല്ല.
ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് കടിഞ്ഞാണിടാൻ കത്തോലിക്കാ സഭയുടെ ഭാഗത്ത് നിന്നും ഇനിയും ശക്തമായ നടപടികള്‍ ഉണ്ടായില്ല എങ്കില്‍, കാത്തിരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഖാതങ്ങളായിരിക്കും. ഒരു വ്യക്തി പങ്കുവെച്ച അനുഭവം ഇങ്ങനെ, IMS എന്ന് പറഞ്ഞ കേന്ദ്രത്തിൽ ആയിരുന്നു മാഗസിൻ കച്ചവടം തുടങ്ങിയത്. ‘മാഗസിൻ കൂടുതൽ വാങ്ങുന്നവർ കൈ പൊക്കുക അവർക്ക് കർത്താവിന്റെ അനുഗ്രഹം കിട്ടുന്നു’ എന്ന് പറഞ്ഞു. എണ്ണം കൂടുമ്പോൾ അനുഗ്രഹം കൂടും. അവിടെ രാത്രി ആരാധനയ്ക്ക് ഭാര്യയുമായി പോയതായിരുന്നു. വെളുപ്പിന് 2 മണി കഴിഞ്ഞപ്പോൾ ആരാധനയ്ക്കിടെ ആണ് ഈ വേഷം കെട്ടൽ… അനുഗ്രഹ കച്ചവടം ഓരോത്തരുടെ പോക്കറ്റിന്റെ വലിപ്പം നോക്കി… അപ്പോൾ തന്നെ ഭാര്യയെയും വിളിച്ച് അവിടുന്ന് ഇറങ്ങി… അതോടെ മതിയാക്കി ധ്യാനം കൂടൽ.
സോഷ്യൽ മീഡിയാകളിലൂടെ വിശ്വാസജീവിതവും, ക്രിസ്തുവും അവഹേളിക്കപ്പെടുന്നു. “പത്രത്തിന്റെ ശക്തി” എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. പതിയെ പതിയെ പള്ളികള്‍ തോറും സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ മുളച്ചു പൊന്താം, വിശുദ്ധ കുര്‍ബാനയില്‍ അധിഷ്‌ഠിതമായ പ്രാർഥനയും സഭയുടെ പ്രബോധനങ്ങളും കാഴ്ചവസ്തുക്കളാകാം. തുടർന്ന്, അന്ധവിശ്വാസം പരത്തപ്പെടും, വിശ്വാസ രാഹിത്യം ഉടലെടുക്കും, യുക്തിവാദികളുടെ വാദങ്ങളിൽ വിശ്വാസികൾ നിലംപൊത്തും. കത്തോലിക്കാ സഭാ നേതൃത്വം ഉണർന്ന് പ്രവർത്തിച്ചെ മതിയാവൂ…