പ്രായത്തിനൊത്ത പക്വത = integral personality
ഒരു സുപ്രഭാതത്തിൽ ആർജ്ജിച്ചെടുക്കുവാൻ കഴിയുന്ന ഒന്നല്ല സമഗ്രവ്യക്തിത്വം
ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിച്ചു. ഇച്ഛാശക്തിയും, സ്വാതന്ത്ര്യവും നൽകി സൃഷ്‌ടിച്ചു. അനന്തമായ സിദ്ധികളും, സാധ്യതകളും നൽകി സൃഷ്‌ടിച്ചു. ഉൽപ്പത്തി പുസ്തകത്തിൽ മനുഷ്യ സൃഷ്‌ടിയെക്കുറിച്ച് അടയാളപ്പെടുത്തിയിരിക്കുന്നതാണ് മുകളിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ. ഈ യാഥാർഥ്യം ഇന്നിന്റെ വെളിച്ചത്തിൽ നാം വിശകലനം ചെയ്യുകയാണെങ്കിൽ തികച്ചും കാലിക പ്രസക്തിയുള്ളതാണെന്ന് മനസിലാക്കാൻ കഴിയും. അമ്മയുടെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞു രൂപം കൊള്ളുന്ന നിമിഷം മുതൽ ഒരു വ്യക്തിയായി വളർന്ന്, മരണക്കിടക്കയിലായിരിക്കുന്ന നിമിഷം വരെ സമഗ്രമായ ഒരു വ്യക്തിത്വം രൂപപ്പെടുത്തുന്നതിനുള്ള വ്യഗ്രത നമ്മിൽ ജ്വലിച്ചു നിൽക്കണം. മറ്റുവാക്കുകളിൽ പറഞ്ഞാൽ ഒരു സുപ്രഭാതത്തിൽ ആർജ്ജിച്ചെടുക്കുവാൻ കഴിയുന്ന ഒന്നല്ല സമഗ്രവ്യക്തിത്വം. മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെ, കൂട്ടുകാരിലൂടെ, അധ്യാപകരിലൂടെ, ആത്മീയതയിലൂടെ, കാലപ്പഴക്കം കൊണ്ട്, ജീവിതാനുഭവങ്ങളിലൂടെ, കഴിഞ്ഞ സ്വരുക്കൂട്ടിവച്ച വിശിഷ്‌ട ഗ്രന്ഥങ്ങളിലൂടെ, മഹാന്മാരുടെ ജീവിതത്തിലൂടെ, ബോധപൂർവകമായ പരിശീലനത്തിലൂടെ മാത്രമേ പക്വതയാർന്ന വ്യക്തിത്വം നമുക്ക് രൂപപ്പെടുത്തിയെടുക്കാനാവൂ എന്നത് ഒരു പരമാർത്ഥമാണ്. ഇതുപറയുമ്പോൾ, ചെറുപ്പകാലങ്ങളിൽ അനുകൂല സാഹചര്യങ്ങൾ ലഭിക്കുകയാണെങ്കിൽ അത് വളരെ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
“ചെറുപ്പകാലങ്ങളിലുള്ള ശീലം… മറക്കുമോ മാനുഷനുള്ള കാലം” എന്ന കവി വചനം വളരെ പ്രസക്തമാണ്. ഒരു കുഞ്ഞിന്റെ ആദ്യത്തെ അഞ്ച് വയസ് കാലഘട്ടം കൊണ്ട് രൂപപ്പെടുന്ന സ്വഭാവം ജീവിതത്തിന്റെ 80% സ്വാധീനിക്കുമെന്ന് മനഃശാസ്ത്ര വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തോടും,രക്തബന്ധുക്കളോടും ഇടപഴകി ജീവിക്കുന്ന കാലഘട്ടം. മാതാപിതാക്കൾ മക്കൾക്ക് മുൻപിൽ “മാതൃക”യാക്കേണ്ട കാലഘട്ടം. ഈ സമയത്ത് കിട്ടുന്ന ഭാവാത്മകമായ കാര്യങ്ങളും, നിക്ഷേധാത്മകമായ കാര്യങ്ങളും കണ്ടമാനം സ്വാധീനിക്കും എന്നതിൽ തർക്കമില്ല. ആധുനികമാണ്. ശാസ്ത്രവും, വൈദ്യശാസ്ത്രവും ഇന്ന് വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്.
ഒരു കുഞ്ഞു ആദ്യം ജനിക്കേണ്ടത് അപ്പന്റെയും മമ്മയുടെയും മനസിലാണ്, ചിന്തയിലാണ്, ഹൃദയത്തിലാണ്. ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം ജനിക്കുന്ന നിമിഷം മുതൽ ആന്തരികവും, ബാഹ്യവുമായ ഘടകങ്ങൾ കുഞ്ഞിനെ സ്വാധീനിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഗർഭാവസ്ഥയിലായിരിക്കുന്ന ഒരമ്മയ്ക്കുണ്ടാകുന്ന സന്തോഷവും, സന്താപവും, ഉത്ഖണ്ഠയും, പിരിമുറുക്കവും, കുഞ്ഞിനെ വല്ലാതെ സ്വാധീനിക്കുന്നതാണ്. അതിനാൽ ഗർഭിണി ആയിരിക്കുന്ന അവസ്ഥ അതീവ ശ്രദ്ധയോടും, ജാഗ്രതയോടും സംരക്ഷിക്കപ്പെടണം. ആദ്യത്തെ അഞ്ച് വർഷക്കാലം ലഭിക്കുന്ന അനുഭവങ്ങൾ നിക്ഷേധാത്മകമാണെങ്കിൽ ഭാവിയിൽ ഒരു നിയമലംഘകനേയോ, കുറ്റവാളിയെയോ, നശീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഒരു തീവ്രവാദിയെയോ ആയിരിക്കും രൂപപ്പെടുത്തുക.
ഇന്നത്തെ വിദ്യാഭ്യാസ രീതികളും, സ്ഥാപനങ്ങളും രൂപപ്പെടുത്തുന്ന ഒരു തരം സംസ്കാരത്തെ “ഇറച്ചിക്കോഴി സംസ്കാരം” എന്നു വിളിക്കാം. രാത്രിയും പകലും തീറ്റ കൊടുത്ത്, മരുന്ന് കുത്തിവെച്ച് വളർത്തിക്കൊണ്ടുവരുന്ന കോഴി കുഞ്ഞുങ്ങളെ പോലെ, കുറച്ച് അറിവുകൾ കുത്തിനിറച്ച്, ഓർമ്മ ശക്തിയാണ് ബുദ്ധിശക്തി എന്ന് തെറ്റിദ്ധരിപ്പിച്ച്, കുഞ്ഞിനെ പിരിമുറുക്കത്തിന്റെ മുൾമുനയിൽ നിറുത്തി “റാങ്ക്” വാങ്ങിക്കുന്നതാണ് ബുദ്ധിയുടെ മാനദണ്ഡമെന്ന് മാതാപിതാക്കളും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. അതായത് കുട്ടിയുടെ IQ (മസ്തിഷ്ക ബുദ്ധിക്ക്) വിന് പ്രാധാന്യം നൽകുന്നു. എന്നാൽ, മനുഷ്യൻ ഒരു “റോബോട്ട്” (യന്ത്രമനുഷ്യൻ) അല്ലെന്ന തിരിച്ചറിവുണ്ടാകുമ്പോൾ EQ (വൈകാരിക പക്വത) വിന്റെ ആവശ്യകത സ്പഷ്ടമാകും. മനസ്സും, ശരീരവും, ആത്മാവും, ഹൃദയവും ഒരുമിച്ച് വളർത്തുന്നതാണ് “സമഗ്രത”!
IQ = Intelligence Quatient. EQ = Emotional Quatient.