Kerala

പ്രളയത്തിൽ തകർന്ന വീട് നിർമ്മിച്ചു നൽകിയ കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മ

രൂപതയിലെ എല്ലാ വൈദികരും തങ്ങളുടെ ഒരുമാസത്തെ അലവൻസ് ഭവനനിർമാണത്തിനായി നൽകി

ജോസ് മാർട്ടിൻ

കോട്ടപ്പുറം: പ്രളയത്തിൽ തകർന്ന വീടിനുപകരം പുതിയവീട് നിർമ്മിച്ചു നൽകി കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മ. പ്രളയത്തിൽ കിടപ്പാടം നഷ്ട്ടപ്പെട്ട കുറുമ്പതുരുത്ത് മാളിയേക്കൽ ജോൺസനും കുടുംബത്തിനും വേണ്ടിയാണ് പുതിയഭവനം പണിതു നൽകിയത്. മെയ് ഒന്നാം തീയതിയാണ് കോട്ടപ്പുറം രൂപത മെത്രാൻ ഡോ.ജോസഫ് കാരിക്കശ്ശേരി പുതിയ ഭവനത്തിന്റെ ആശീർവാദം നിർവഹിച്ച്, താക്കോൽ കൈമാറിയത്.

2018 ആഗസ്റ്റ്മാസത്തിലുണ്ടായ ഉണ്ടായ മഹാപ്രളയത്തിലാണ് കൂലിപ്പണിക്കാരനായ ജോൺസന്റെ വീട് പൂർണമായും തകർന്നു വീണത്. മൂന്നു കുട്ടികളും ഭാര്യയുമടങ്ങുന്ന ജോൺസന്റെ കുടുംബത്തിന് പുതിയ വീട് നിർമിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മ മുന്‍കൈ എടുത്ത് രൂപതാ മെത്രാൻ ജോസഫ് കാരിക്കശ്ശേരിയുടെ നേതൃത്വത്തിൽ ഭവനം നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. അതിനായി, രൂപതയിലെ എല്ലാ വൈദികരും തങ്ങളുടെ ഒരുമാസത്തെ അലവൻസ് ഭവനനിർമാണത്തിനായി നൽകിയിരുന്നു.

വീട് ആശീർവാദ വേളയിലെ ബിഷപ്പിന്റെ വാക്കുകൾ പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ‘ഈ പ്രദേശത്ത് എല്ലാം തന്നെ പ്രളയം മൂലം കഷ്ടത അനുഭവിക്കുന്ന ധാരാളം കുടുംബങ്ങള്‍ ഉണ്ട്. കുറെ വീടുകൾക്ക് അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നമ്മൾ ചെയ്തു കഴിഞ്ഞു. മുഴുവനായിട്ട് വീട് നഷ്ടപ്പെട്ടവർക്ക് രൂപതയ്ക്ക് സാധിക്കുന്ന തരത്തിൽ വീടുകൾ വെച്ച് കൊടുക്കുന്നുണ്ട്. നമ്മുടെ രൂപതയിൽ ഏകദേശം 35 ഓളം വീടുകളുടെ പണിനടന്നു കൊണ്ടിരിക്കുകയാണ്, അതിൽ കുറച്ചു വീടുകൾ പണികൾ പൂർത്തിയായി ആശീർവാദവും കഴിഞ്ഞിട്ടുണ്ട്. ഇതിനെല്ലാം നമുക്ക് പണം ലഭിക്കുന്നത്, നമ്മുടെ ഇടയിൽ സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്നവരുടെ പക്കൽനിന്ന് മാത്രമല്ല, അതിലുപരി സാമ്പത്തികമായി വളരെ കഷ്ടത അനുഭവിക്കുന്നവരിൽ നിന്ന് ലഭിക്കുന്ന സംഭാവനകളാണ് ഈ വീടുകൾ നിർമ്മിക്കാനുള്ള സാമ്പത്തിക സ്രോതസ്സിൽ നല്ലൊരുപങ്കും. മറ്റു രൂപതകളിൽ നിന്നും സാമ്പത്തികമായ സഹായം ലഭിച്ചു’ പിതാവ് പറഞ്ഞു.

ഈ വീടിനുള്ള പ്രത്യേകത നമ്മുടെ രൂപതയിലെ വൈദികരുടെ സംഭാവനയാണ്, അവരുടെ ഒരുമാസത്തെ അലവൻസായ വളരെ ചുരുങ്ങിയ സംഖ്യയാണ് മാറ്റിവച്ച് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അവരുടെ പ്രതിനിധികളായി ഇവിടെ വന്നിട്ടുള്ള എല്ലാ വൈദീകർക്കും പിതാവ് നന്ദിയും അഭിനന്ദനവും അർപ്പിച്ചു.

രൂപത വികാരി ജനറൽ ഡോ.ആന്റെണി കുരിശിങ്കൽ, ചാൻസിലർ ഫ്രാൻസിസ്കോ പടമാടൻ, പ്രോക്കുറേറ്റര്‍.ഫാ.ഷാജുമൈക്കിൾ കുരിശിങ്കൽ, കുറുമ്പതുരുത്തി വികാരി ഫാ.വിൻസൺ കുരിശിങ്കൽ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker