മനുഷ്യന് വിശേഷണ ബുദ്ധിയും, വിചാരവും, വികാരവുമുളള ഒരു സാമൂഹിക ജീവിയാണ്. മനുഷ്യന്‍ ഒറ്റപ്പെട്ട ഒരു ദ്വീപല്ല. അവന്‍/അവള്‍ ചെയ്യുന്ന ഒരോ പ്രവൃത്തിയും അനുകൂലമായോ, പ്രതികൂലമായോ ജീവിക്കുന്ന സമൂഹത്തില്‍ പ്രതിഫലിക്കും. അതായത് ദീര്‍ഘവീക്ഷണത്തോടും, ഉദ്ദേശ്യ ശുദ്ധിയോടും കൂടെ മാത്രമേ സുബോധമുളള ഒരു മനുഷ്യന് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന് സാരം. അര്‍ത്ഥവത്തായ ഏതൊരു പ്രവര്‍ത്തി ചെയ്യുമ്പോഴും നാം വിശകലനം ചെയ്യേണ്ട മൂന്ന് വസ്തുതകളാണ്; പ്രയോജനപ്രദമാണോ? പ്രായോഗികമാണോ? പ്രസാദാത്മകമാണോ? ഈ മൂന്ന് കാര്യങ്ങളും നല്ലവണ്ണം ഗൃഹപാഠത്തിന് വിധേയമാക്കണം. നാം പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അത് എത്രമാത്രം തനിക്കും, കുടുംബത്തിനും സമൂഹത്തിനും ഗുണകരമാകുമെന്ന് ആവര്‍ത്തിച്ചു ചിന്തിച്ചുറയ്ക്കണം. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനു മുമ്പ് ‘കരടുരൂപം’ തയ്യാറാക്കണം. കൂട്ടലും കിഴിക്കലും, കൂട്ടിച്ചേര്‍ക്കലും വെട്ടിച്ചുരുക്കലും നടത്തിയ ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാവൂ.
പ്രായോഗിതയ്ക്ക് വളരെ പ്രസക്തിയുണ്ട്. നാം വിഭാവനം ചെയ്യുന്ന പദ്ധതി പ്രാവര്‍ത്തികമാക്കാനുളള പ്രായോഗിക സാധ്യതകള്‍ വിവേചന ബുദ്ധിയോടു കൂടെ, ക്രിയാത്മകമായ വിമര്‍ശന ബുദ്ധിയോടു കൂടെ നാം അനുവഭത്തിന്റെ വെളിച്ചത്തില്‍ അക്കമിട്ട് ഉറപ്പിക്കണം. ഇവിടെയും ഗൃഹപാഠം അത്യന്താപേക്ഷിതമാണ്. അതായത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയുളള സമ്പത്ത്, സമയം, വിഭവസമാഹരണം, ഗുണനിലവാരം, സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുളള ഇതര സാഹചര്യങ്ങള്‍ എന്നിവ സൂക്ഷമായി വിലയിരുത്തണം. “കൊക്കില്‍ ഒതുങ്ങാത്തത് കൊത്തരുത് എന്ന പഴമൊഴി” മറക്കാതിരിക്കണം. ബുദ്ധിപരമായ കഴിവും, കാര്യപ്രാപ്തിയും, പഠനത്തില്‍ മികവും പുലര്‍ത്താത്ത ഒരു കുട്ടിയെ ഡോക്ടറാക്കാനോ, ഇഞ്ചിനിയര്‍ ആക്കാനോ മാതാപിതാക്കള്‍ ശ്രമിക്കരുത്, “തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ച് എണ്ണാന്‍ പഠിപ്പിക്കുന്നതുപോലെ” ബുദ്ധി ശൂന്യമായിരിക്കും.
ആദ്യത്തെ രണ്ടു ഘട്ടം കഴിഞ്ഞിട്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രസാദാത്മകം. നാം ചെയ്യുന്ന ഏതൊരു പ്രവര്‍ത്തിയില്‍ നിന്നും നമുക്ക് സംതൃപ്തി ലഭിക്കണം. അതായത് നമ്മെ പ്രസാദിപ്പിക്കാന്‍ കഴിയണം. ചില തെറ്റായ പ്രവര്‍ത്തിയില്‍ നിന്ന് ചിലപ്പോള്‍ താത്കാലികമായ നേട്ടം, സന്തോഷം ലഭിച്ചെന്നുവരാം. എന്നാല്‍ അവ ആത്യന്തികമായ പ്രസാദാത്മകത തരുന്നവ ആയിരിക്കുകയില്ല. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ നമ്മുടെ ബുദ്ധിയെയും, യുക്തിയെയും, അനുഭവ ജ്ഞാനത്തെയും പണയപ്പെടുത്തി ദീര്‍ഘ വീക്ഷണമില്ലാതെ നാം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു വിനാശം, ദുരന്തം, അനര്‍ഥം നാം ക്ഷണിച്ചു വരുത്തുകയാവാം ചെയ്യുക. ഉറച്ച നിലപാടും ബോധ്യങ്ങളും ശുഭകരമായ അന്ത്യത്തിന് അനിവാര്യമാണ്. വിശുദ്ധ ലൂക്ക 6/48 – ല്‍ ബുദ്ധിമാനും, പ്രായോഗിക ജ്ഞാനവും, പ്രായോജന പ്രദവുമായ വിധത്തില്‍ പ്രസാദാത്മകത പ്രദാനം ചെയ്യുന്ന ഒരു മനുഷ്യനെ യേശു നമുക്ക് ചൂണ്ടിക്കാണിച്ചുതരുന്നു. ഉറച്ച അടിസ്ഥാനത്തില്‍ പാറമേല്‍ ഭവനം പണിത മനുഷ്യനെ യേശു പ്രശംസിക്കുന്നു. അതിനാല്‍ നമ്മുടെ അധ്വാനം, സമ്പത്ത്, സമയം etc etc സൂക്ഷമതയോടെ, ദിശാബോധത്തോടെ വിനിയോഗിക്കാം. നമ്മെ ബലപ്പെടുത്തന്ന കര്‍ത്താവില്‍ പ്രത്യാശവച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്ത്, സമയ ബന്ധിതമായി പൂര്‍ത്തിയാക്കി സന്തോഷം ആസ്വദിക്കാം. !!!