Kerala

പ്രതീക്ഷയുടെ ദീപം തെളിച്ച് ‘മെഴുകുതിരി പാട്ടു’മായി ഒരു ബിഷപ്പും വൈദീകരും

ഈ 'മെഴുകുതിരി പാട്ട്' അതിന്റെ അർത്ഥസമ്പുഷ്ടമായ അവതരണം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും വ്യത്യസ്തമാവുകയാണ്...

സ്വന്തം ലേഖകൻ

എറണാകുളം: കൊറോണയുടെ വ്യാപനം മിക്ക രാജ്യങ്ങളെയും ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതമാക്കി, പലരാജ്യങ്ങളും മരണഭയത്തിന്റെ പിടിയിലുമാണ്. ജനങ്ങൾ പ്രതീക്ഷ കൈവിടാതിരിക്കാനുള്ള പരിശ്രമത്തിലാണ് ഭരണകർത്താക്കൾ. ആശുപത്രികളും, ഡോക്ടർമാരും, നേഴ്സുമാരും, ആതുര-സന്നദ്ധ സേവകരും മാലാഖമാരായി പ്രത്യാശയുടെ ദീപം കെട്ടുപോകാതെ സൂക്ഷിക്കാനുള്ള തിരക്കിലാണ്. എല്ലാവരും പ്രാർത്ഥനയിൽ അഭയം തേടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് വ്യക്തം.

ഈ അവസരത്തിലാണ് എറണാകുളം-അങ്കമാലി രൂപതയിലെ, ലോകത്തിന്റെ പലയിടങ്ങളിൽ സേവനം ചെയ്യുന്ന ‘the twelve ബാൻഡി’ലെ അംഗങ്ങൾ ഈ അവസരത്തിൽ പ്രത്യാശയുടെയും, പ്രതീക്ഷയുടെയും സന്ദേശം പകരുന്ന ഒരു പാട്ടിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിച്ചത്. തുടർന്ന്, പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ ജേക്കബ് കോറോത്തിന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയവഴി ചർച്ചകൾ നടത്തുകയും, വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ എഴുതിയ “Lead, Kindly Light” എന്ന ഗാനത്തിന്റെ മലയാള പരിഭാഷയായ “നിന്ത്യമാം പ്രകാശമേ നയിക്കുകെന്നെ നീ” എന്ന ഗാനം തെരെഞ്ഞെടുക്കുകയും ചെയ്തു.

തുടർന്ന്, ഇന്ത്യയുടെ വിവിധഭാഗങ്ങൾ, ഇറ്റലി, ഓസ്ട്രിയ, പാരീസ്, ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ വൈദീകർക്ക്, the twelve ബാൻഡിലെ സംഗീതജ്ഞർ തയ്യാറാക്കിയ കരോക്കെ അയച്ചുകൊടുക്കുകയും, ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ ഭംഗിയായി പാടി വീഡിയോയിൽ പകർത്തി ഇന്ത്യയിലെ ഫാ.ജേക്കബ് കോറോത്തിന് അയക്കുകയായിരുന്നു. ഒടുവിൽ അദ്ദേഹം എറണാകുളം-അങ്കമാലി ബിഷപ്പ് കരിയിൽ പിതാവ് പാടിയ “ലോകം മുഴുവൻ സുഖം പകരാനായ്” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഈരടികളും ചേർത്ത് ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഗാനചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.

4 ദിവസം കൊണ്ട് പൂർത്തിയാക്കിയതാണ് ഈ ഉദ്യമം എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. പിൽഗ്രിംസ് കമ്മ്യൂണിക്കേഷനാണ് ഗാനചിത്രീകരണം പ്രേക്ഷകരിൽ എത്തിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻ ഇത്തരത്തിൽ മറ്റൊരു ഗാനചിത്രീകരണം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി പ്രേക്ഷകരിൽ എത്തിച്ച് കൈയടി നേടിയിരുന്നു. ഇപ്പോള്‍ വൈദികരുടെ ഈ ‘മെഴുകുതിരി പാട്ട്’ സോഷ്യൽ മീഡിയായിൽ വൻഹിറ്റായി മാറിയിരിക്കുകയാണ്.

പ്രസിദ്ധമായ ഈ ഗാനത്തിന്റെ ചരിത്രം

1833-ൽ യുവ ദൈവശാസ്ത്രജ്ഞനും ആംഗ്ലിക്കൻ വികാരിയുമായ ജോൺ ഹെൻട്രി ന്യൂമാൻ മെഡിറ്ററേനിയൻ പ്രദേശത്തിലൂടെയുള്ള യാത്രാമധ്യേ കടുത്ത പനി ബാധിച്ച് മരത്തെ മുഖാമുഖം കണ്ടു. താൻ മരിക്കുമെന്ന് തന്നെ കരുതിയ അദ്ദേഹം തന്റെ ആത്മാവിനോട് നിർദേശങ്ങൾ ആരാഞ്ഞു, ഒടുവിൽ അദ്ദേഹം ആഗ്രഹിച്ചപോലെ നിർദേശങ്ങൾ ലഭിച്ചുവെന്ന് ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. ഒടുവിൽ ന്യൂമാൻ പറയുന്നു: “ഞാൻ മരിക്കുകയില്ല, കാരണം ഞാൻ വെളിച്ചത്തിനെതിരെ പാപം ചെയ്തിട്ടില്ല”, നിന്ത്യമരണത്തിലേയ്ക്ക് താൻ കടന്നുപോവുകയില്ല എന്ന് അദ്ദേഹം ഉറപ്പിക്കുന്നു.

സാവധാനം ന്യൂമാൻ സുഖം പ്രാപിച്ചുവെങ്കിലും ഗൃഹാതുരമായ ഒരുതരം നിരാശ അദ്ദേഹത്തെ പിടികൂടി. തിരിച്ച് ഇംഗ്ലണ്ടിലേക്കുള്ള യാത്ര ആരംഭിച്ചു, പലേർമോയിൽ നിന്ന് മാർസെല്ലസിലേക്ക് ഒരു ബോട്ടിൽ യാത്ര ചെയ്യവേ അത് ബോണിഫാച്ചോ കടലിടുക്കിൽ എത്തിയപ്പോഴേയ്ക്കും ഒറ്റപ്പെടലിന്റെ തളർന്നുപോകുന്ന വൈകാരികമായ അവസ്ഥ ‘ദി പില്ലർ ഓഫ് ക്‌ളൗഡ്‌’ എന്ന ധ്യാനാത്മകമായ കവിത എഴുതാൻ ന്യൂമാനെ പ്രേരിപ്പിച്ചു. ജീവിതം സംശയത്തിന്റെ നിഴലിൽ ആയിരിക്കുമ്പോൾ ക്രൈസ്തവീയമായ പ്രത്യാശയോടെ മുന്നോട്ട് പോകുവാനുള്ള നിശ്ചയദാർഢ്യം ഉണർത്തുന്നതാണ് ഈ കവിതയുടെ പ്രമേയം.

പിന്നീട്, 1845-ൽ ഈ കവിത ആംഗ്ലിക്കൻ സഭയിൽ ഒരു സ്തുതിഗീതമായി മാറിയപ്പോൾ അദ്ദേഹത്തിന് അതിൽ അതൃപ്തിയുണ്ടായിരുന്നു. കാരണം, അപ്പോഴേക്കും അദ്ദേഹം കത്തോലിക്കാ സഭയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു, കൂടാതെ ആംഗ്ലിക്കൻ സഭയിൽ ഉള്ളതുപോലെ പ്രാർത്ഥാനാ ശുശ്രൂഷകളിൽ ഗാനങ്ങൾക്കുള്ള സ്ഥാനം കത്തോലിക്കാ സഭാ ശുശ്രൂഷകളിൽ കുറവായിരുന്നു.

വിക്ടോറിയ രാജ്ഞി മരിക്കുന്ന സമയത്ത് ഈ ഗാനം തന്റെ മരണക്കിടക്കയിൽ വായിച്ചുകേൾപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ടൈറ്റാനിക്ക് ദുരന്തത്തിന് മുമ്പ് ഉച്ചതിരിഞ്ഞ് ചാപ്ലെയിൻ തന്റെ അവസാന ശുശ്രൂഷയ്ക്കിടയിൽ ടൈറ്റാനിക്കിൽ ആലപിച്ച അവസാന ഗാനം കൂടിയാണിത്.

നിരവധി പേർ ഈ ഗാനത്തിന് സംഗീതം നൽകിയിട്ടുണ്ട്, അതുകൊണ്ടുതന്നെ വളരെ മികച്ചതായി ഏതെങ്കിലുമൊന്നിനെ ഉയർത്തിക്കാട്ടാനാവില്ല. എങ്കിലും, വൈദികരുടെ ഈ ‘മെഴുകുതിരി പാട്ട്’ അതിന്റെ അർത്ഥസമ്പുഷ്ടമായ അവതരണം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും വ്യത്യസ്തമാവുകയാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker