അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: വാഴിച്ചലിന് സമീപം പേരേക്കോണത്ത് പ്രവര്‍ത്തിക്കുന്ന അസംബ്ലീസ് ഓഫ് ഗോഡിന്‍റെ പ്രയര്‍ സെന്‍റര്‍ കത്തിച്ച നിലയില്‍. പണി പൂര്‍ത്തിയാവാത്ത പ്രയര്‍ ഹാളില്‍ മിഷന്‍ വീട് നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 7 വാതിലുകളും 8 ജന്നാലകളും പൂര്‍ണ്ണമായും കത്തിച്ചു. പ്രയര്‍ ഹാളിന്‍റെ മുന്‍ വാതിലിലെ പൂട്ട് തകര്‍ത്ത നിലയിലാണ് അക്രമികള്‍ ഉളളില്‍ കടന്നിരിക്കുന്നത്. ഉളളില്‍ കടന്നവര്‍ തറയില്‍ വിരിച്ചിരുന്ന പ്ലാസ്റ്റിക് പായകള്‍ തടിക്ക് മുകളില്‍ കൂട്ടിയിട്ടാണ് കത്തിച്ചിരിക്കുന്നത്.
പുലര്‍ച്ചെ 4.30-തോടെ തീയും പുകയും ഉയരുന്നതുകണ്ട സമീപവാസികളാണ് തീകെടുത്തിയത്. പ്രയര്‍ ഹാളിലുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകളും കര്‍ട്ടനുകളും കത്തിയ നിലയിലാണ്. തേക്കില്‍ തീര്‍ത്ത തടി ഉരുപ്പടികള്‍ക്ക് 2 ലക്ഷത്തോളം രൂപ വിലവരുമെന്ന് പളളി അധികൃതര്‍ അറിയിച്ചു.
1998-ല്‍ പേരേക്കോണത്ത് വാടക കെട്ടിടത്തില്‍ ആരംഭിച്ച പ്രയര്‍ഹാള്‍ 2003-ല്‍ സ്വന്തം സ്ഥലത്ത് ഹാള്‍ നിര്‍മ്മിക്കുകയായിരുന്നു. തുടര്‍ന്ന്, 2008-ല്‍ ഹാളിന്‍റെ നിര്‍മ്മാണം അനധികൃതമാണെന്ന് കാണിച്ച് ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയെ തുടര്‍ന്ന് പണി പകുതിയോളമായ ഹാളിന്‍റെ നിര്‍മ്മാണം നിറുത്തിവയ്ച്ചിരിക്കുകയായിരുന്നു. എന്നാല്‍, പ്രയര്‍ ഹാളില്‍ ആരാധന നടത്തുന്നതിന് നിലവില്‍ വിലക്കുകളൊന്നും ഇല്ലെന്ന് അസംബ്ലീസ് ഓഫ് ഗോഡ് അധികൃതര്‍ അറിയിച്ചു.
ബോണക്കാട് കുരിശുമലക്കെതിരെയും ഇതേ ഹിന്ദുഐക്യവേദി നേതൃത്വമാണ് പ്രവര്‍ത്തിച്ച് ആരാധന സ്വാതന്ത്രം തടഞ്ഞത്. ആര്യങ്കേട് എസ്.ഐ. എ.വി.ഷൈജുവും നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി. സുരേഷ്കുമാറും സംഭവ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പാറശാല എം.എല്‍.എ. സി.കെ.ഹരീന്ദ്രന്‍, അസംബ്ലീസ് ഓഫ് ഗോഡ് ഡിസ്ട്രിക്ട് ഡയറക്ടര്‍ പാസ്റ്റര്‍ കെ.വൈ.വിന്‍ഫ്രഡ്, ഡിട്രിക്ട് ട്രഷറര്‍ പാസ്റ്റര്‍ എ.രാജന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രയര്‍ ഹാള്‍ കത്തിച്ചതിനെതിരെ നാട്ടില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.