പെണ്‍കുട്ടികള്‍ കുമ്പസാരിക്കരുതെന്ന ഗവ. പ്രസിദ്ധീകരണം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പു പറയണം; ടീച്ചേഴ്സ് ഗില്‍ഡ് നെയ്യാറ്റിന്‍കര രൂപതാ സമിതി
പെണ്‍കുട്ടികള്‍ കുമ്പസാരിക്കരുതെന്ന ഗവ. പ്രസിദ്ധീകരണം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പു പറയണം; ടീച്ചേഴ്സ് ഗില്‍ഡ് നെയ്യാറ്റിന്‍കര രൂപതാ സമിതി
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ‘കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുന്ന ഗവണ്‍മെന്‍റ് പ്രസിദ്ധീകരണം അടിയന്തിരമായി പിന്‍വലിച്ച് മാപ്പു പറയണമെന്ന് ടീച്ചേഴ്സ് ഗില്‍ഡ് നെയ്യാറ്റിന്‍കര രൂപതാ സമിതി ആവശ്യപ്പെട്ടു.
നാഷണല്‍ സര്‍വ്വീസ് സ്കീം (എന്‍.എസ്.എസ്) വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന “വിജ്ഞാനകൈരളി” എന്ന മാസികയുടെ ആഗസ്റ്റ് ലക്കത്തിലാണ്, ചീഫ് എഡിറ്റര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍നായരുടെ ആഹ്വാനം. സംസ്ഥാനത്തെ 1200ല്‍പരം വിദ്യാലയങ്ങളിലായി ഒരു ലക്ഷത്തിലേറെ വരുന്ന എന്‍.എസ്.എസ്. വാളണ്ടിയര്‍മാര്‍ക്കായി വിതരണം ചെയ്യുന്ന പുസ്തകമാണ് “വിജ്ഞാനകൈരളി”. എന്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ വിവിധ പഠനപരിശീലനങ്ങള്‍ നടത്തേണ്ടത് ഈ മാസികയിലെ ലേഖനങ്ങളെ അധികരിച്ചാണ്.
“മറ്റൊരാളിന്‍റെ മുമ്പില്‍ ചെയ്ത പ്രവൃത്തി ഏറ്റുപറയുന്നയാണ് കുമ്പസാരമെന്ന് ഓര്‍മ്മിപ്പിക്കുന്ന മുഖപ്രസംഗം, ചെയ്തുപോയ തെറ്റുകള്‍ക്ക് പൗരോഹിത്യമാണ് കുമ്പസാരിക്കേണ്ടതെന്നും, സ്ത്രീശരീരം ഒരു ഭോഗവസ്തുവാണെന്ന് കരുതുന്നില്ലെങ്കില്‍ ഇനിമുതല്‍ ഒരു സ്ത്രീയും, കര്‍ത്താവിന്‍റെ മണവാട്ടിയും, ആരുടെ മുമ്പിലും കുമ്പസാരിക്കരുതെന്നും” ആഹ്വാനം ചെയ്യുന്നു. “കുമ്പസാരിക്കുന്ന പുരുഷന്‍ ഒരിക്കലും പീഡിപ്പിക്കപ്പെടുന്നില്ല” എന്നു പറയുന്ന മുഖപ്രസംഗം കുമ്പസാരിക്കുന്ന സ്ത്രീകളെല്ലാം പീഡിപ്പിക്കപ്പെടുകയാണെന്ന് പരോക്ഷമായി പറയുകയാണ് ചെയ്യുന്നത്.
രണ്ടു സഹസ്രാബ്ദത്തിലേറെയായി ആഗോളക്രൈസ്തവസമൂഹം പരിപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയുടെ വിശുദ്ധിയും മഹത്വവും കണക്കിലെടുക്കാതെ, ഒറ്റപ്പെട്ട ഏതോ സംഭവത്തിന്‍റെ പേരില്‍ ക്രൈസ്തവസഭയേയും വിശുദ്ധ കൂദാശകളേയും അപഹസിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച പുസ്തകം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പു പറയണമെന്നാണ് ടീച്ചേഴ്സ് ഗില്‍ഡ് നെയ്യാറ്റിന്‍കര രൂപതാ സമിതി ആവശ്യപ്പെട്ടത്.
ടീച്ചേഴ്സ് ഗില്‍ഡ് രൂപതാ പ്രസിഡന്‍റ് ഡി.ആര്‍. ജോസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ യോഗം രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് അനില്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോയി സാബു പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കോണ്‍ങ്ക്ളിന്‍ ജിമ്മി ജോണ്‍, ട്രഷറര്‍ ബിന്നി ബിസ്വാള്‍, വൈസ് പ്രസിഡന്‍റ് പത്മ.വി. രാജ്, സജിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.