പിളര്‍പ്പുള്ളിടത്ത് ഐക്യവും, കലഹമുള്ളിടത്ത് അനുരഞ്ജനവും, വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കണം വൈദികൻ – ഫ്രാൻസിസ് പാപ്പാ
പിളര്‍പ്പുള്ളിടത്ത് ഐക്യവും, കലഹമുള്ളിടത്ത് അനുരഞ്ജനവും, വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കണം വൈദികൻ - ഫ്രാൻസിസ് പാപ്പാ
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: വൈദികൻ എന്നാൽ പിളര്‍പ്പുള്ളിടത്ത് ഐക്യവും, കലഹമുള്ളിടത്ത് അനുരഞ്ജനവും, വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കേണ്ട വ്യക്തിയാണെന്ന് ഫ്രാൻസിസ് പാപ്പാ. തെക്കെ ഇറ്റലിയിലെ പലേര്‍മൊയില്‍ ‘ജുസേപ്പെ പുള്ളീസി’ എന്ന വൈദികന്‍ മാഫിയായുടെ വെടിയേറ്റു മരിച്ചതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ശനിയാഴ്ച (15/09/18) തെക്കെ ഇറ്റലിയിലെ സിസിലിയില്‍ സന്ദർശനം നടത്തുകയായിരുന്നു പാപ്പാ.
‘ആത്മദാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മനുഷ്യനാകണം വൈദിക’നെന്നും പ്യാത്സ അര്‍മെരീന രൂപതയിലും പലേര്‍മൊയിലും ഏകദിന ഇടയസന്ദര്‍ശനം നടത്തിയ ശേഷം പലേര്‍മൊയിലെ കത്തീദ്രലില്‍ വച്ച് വൈദികരും സമര്‍പ്പിതരും സെമിനാരി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ പാപ്പാ ഉദ്‌ബോധിപ്പിച്ചു.
“നിങ്ങള്‍ എല്ലാവരും ഇതു എടുത്തു ഭക്ഷിക്കുവിന്‍: ഇതു നിങ്ങള്‍ക്കായി ബലിയര്‍പ്പിക്കപ്പെട്ട എന്‍റെ ശരീരമാകുന്നു” എന്ന് ദിവ്യബലിമദ്ധ്യേ വൈദികന്‍ ഉച്ചരിക്കുന്ന വാക്കുകള്‍ അള്‍ത്താരയില്‍ ഒതുങ്ങേണ്ടവയല്ല പ്രത്യുത, ജീവിതത്തിലേക്കിറങ്ങേണ്ടവയാണെന്നും, അതിനാൽ അനുദിനം മുടക്കംകൂടാതെ നിരന്തരം കൊടുക്കലിന്‍റെയും ആത്മദാനത്തിന്‍റെയും മനുഷ്യനാകണം വൈദികനെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.