ജോസ് മാർട്ടിൻ
പാഷണിസ്റ്റ് അഥവാ യേശുക്രിസ്തുവിന്റെ പീഡാനുഭവ സന്യാസ സഭ അതിന്റെ മുന്നൂറാം സ്ഥാപനവാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ സെപ്റ്റംബർ 21 മുതൽ 24 വരെ നടക്കുന്ന സെമിനാറിന് ആശംസകൾ അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. പീഡാനുഭവ സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. ജൊവാക്കിം റിഗോയ്ക്കാണ് (Fr. Joachim REGO C.P.) പാപ്പാ തന്റെ സന്ദേശം അയച്ചത്.
പാപ്പായുടെ സന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ
പെസഹാ രഹസ്യം തങ്ങളുടെ ജീവിതകേന്ദ്രമാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ ഓർമ്മയിൽ ജീവിക്കാനും, പ്രഘോഷിക്കാനും ലഭിച്ച ദൈവവിളി എന്ന ദാനം പാഷണിസ്റ്റ് സന്യാസികൾക്കു പ്രദാനം ചെയ്യുന്ന സന്തോഷത്തിൽ ആത്മീയമായി പങ്കുചേരാനുള്ള അവസരം ഈ ജൂബിലിയാഘോഷം തനിക്കേകുന്നു. അതോടൊപ്പം പ്രാർത്ഥനയിൽ ദൈവ വചനവുമായി സമ്പർക്കം പുലർത്തുന്നത് ദൈനംദിന സംഭവങ്ങളിൽ കാലത്തിന്റെ അടയാളങ്ങൾ വായിക്കുന്നതിനും, കാലത്തിൽ അലയടിക്കുന്ന പരിശുദ്ധാത്മാവിന്റെ രചനാത്മക ശ്വാസം ഗ്രഹിക്കാൻ പ്രാപ്തിനൽകുകയും, നരകുലത്തിന്റെ പ്രതീക്ഷകൾക്കുള്ള ഉത്തരം കാണിച്ചുതരുകയും ചെയ്യും. കൂടാതെ, “കാര്യങ്ങളെ അതേപടി വിട്ടിട്ടുപോകാനുള്ള” പ്രലോഭനത്തിന് അടിയറവു പറയാതെ പുത്തനുണർവോടെ അപ്പസ്തോലിക ലക്ഷ്യോന്മുഖമായി ചരിക്കാനുള്ള പരിപാലനാപരമായ ഒരസവരമാണ് ഈ സുപ്രധാന ശതാബ്ദിയെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു.
പാഷണിസ്റ്റ് സന്യാസ സഭയെ കുറിച്ച് അംഗം ഫാ. ജോസ് മെജോ നേടുംപറമ്പിൽ സി.പി.
റോമൻ കത്തോലിക്കാ സഭയിൽ 1720-ൽ കുരിശിന്റെ വിശുദ്ധ പൗലോസിനാൽ സ്ഥാപിതമായി, ഇന്ന് ലോകത്തിൽ അറുപതിലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള സഭയാണ് യേശു ക്രിസ്തുവിന്റെ പീഡാനുഭവ സഭ. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ പ്രഘോഷണമാണ് ഈ സന്യാസ സഭയുടെ അന്തഃസത്ത.
ഇന്ത്യയിൽ പീഡാനുഭവ സഭയുടെ ആദ്യത്തെ ഭവനം കൊച്ചി രൂപതയിലെ പള്ളുരുത്തിയിൽ 1981-ൽ സ്ഥാപിതമായ ജെ.എക്‌സ്.പി. ആശ്രമമാണ്. പീഡാനുഭവ സന്യാസ വൈദികർ കേരളത്തിൽ കോട്ടപ്പുറം രൂപതയിലെ മുനമ്പം ബീച്ചിലുള്ള വേളാങ്കണ്ണി മാതാ ഇടവകയിലും, എറണാകുളം-അങ്കമാലി അതിരൂപതയിലെ മുക്കന്നൂരുള്ള കാൽവരി ആശ്രമത്തിലും, കോഴിക്കോട് രൂപതയിൽ നിലമ്പൂർ സെന്റ് ജെമ്മ നോവിഷേറ്റ് ആശ്രമത്തിലും, വിജയപുരം, സുൽത്താൻപേട്ട് എന്നീ രൂപതകളിലും സേവനം ചെയുന്നു. അൻപതോളം ഇന്ത്യൻ പീഡാനുഭവ സന്യാസികൾ കേരളത്തിന് പുറത്തും വിദേശത്തും സേവനം ചെയുന്നു.
കുരിശിന്റെ വിശുദ്ധ പൗലോസിന്റെ പീഡാനുഭവ സന്യാസിനികളും കേരളത്തിൽ വരാപ്പുഴ, കോട്ടപ്പുറം രൂപതകളിലായി സേവനം ചെയുന്നുണ്ട്.