പാറശാല രൂപതയില്‍ നിന്ന് മാര്‍ ഈവാനിയോസിന്റെ കബറിടത്തിലേക്ക് പദയാത്ര തുടങ്ങി
പാറശാല രൂപതയില്‍ നിന്ന് മാര്‍ ഈവാനിയോസിന്റെ കബറിടത്തിലേക്ക് പദയാത്ര തുടങ്ങി
അനിൽ ജോസഫ്
പാറശാല: ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തിലേക്ക് പാറശാല മലങ്കര കത്തോലിക്കാ രൂപതയുടെ നേതൃത്വത്തില്‍ തീര്‍ഥാടന പദയാത്ര തുടങ്ങി. ഇന്നലെ രാവിലെ 8-ന് അമ്പിലിക്കോണം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ രൂപതാ മെത്രാന്‍ തോമസ് മാര്‍ യൗസേബിയൂസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കുര്‍ബനയോടെയാണ് പദയാത്രക്ക് തുടക്കമായത്.
പദയാത്രക്കുളള വളളികുരിശ് ബിഷപ് ആശീർവദിച്ച് എം.സി.വൈ.എം. രൂപതാ പ്രസിഡന്റ് ഷൈന്‍കുടയാലിന് കൈമാറി. വിവിധ ദേവാലയങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ഇന്നലെ വൈകിട്ടോടെ ബാലരാമപാരം സെന്റ് ജോസഫ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന പദയാത്ര ഇന്ന് രാവിലെ 8-ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് വീണ്ടും പ്രയാണം ആരംഭിക്കും.
ഇന്ന് ഉച്ചയോടെ വിവിധ വൈദിക ജില്ലകളില്‍ നിന്നെത്തുന്ന പദയാത്രകള്‍ക്കൊപ്പം തമലം തിരുഹൃദയ ദേവാലയത്തില്‍ എത്തിച്ചേരുന്ന പദയാത്ര പ്രധാന പദയാത്രക്കൊപ്പം പട്ടത്തെ സെന്റ് മേരീസ് കത്തിഡ്രലിലെ കബറിടം ലക്ഷ്യമാക്കി യാത്ര തിരിക്കും.
രൂപതയിലെ കാട്ടാക്കട, ചെമ്പൂര്‍ വൈദിക ജില്ലകളുടെ പദയാത്രകള്‍ പാളയത്ത് വച്ച് പ്രധാന പദയാത്രക്കൊപ്പം ചേരും. പദയാത്രക്ക് എം.സി.വൈ.എം. രൂപതാ ഡയറക്‌ടര്‍ ഫാ. ബനഡിക്‌ട് വാറുവിള , ജനറല്‍ സെക്രട്ടറി എയ്‌ഞ്ചല്‍മേരി, സെക്രട്ടറി അനൂപ്, സിന്‍ഡിക്കേറ്റ് അംഗം ശരത് തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
പാറശാല രൂപത നിലവില്‍ വന്നശേഷമുളള ആദ്യ തീര്‍ഥാടന പദയാത്രയാണ് എം.സി.വൈ.എം. ന്റെയും രൂപതാ വിശ്വാസികളുടെയും നേതൃത്വത്തില്‍ നടക്കുന്നത്.